സൈന്യത്തെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പങ്കുവച്ചു; വിക്കിപീഡിയയ്ക്ക് ലക്ഷങ്ങൾ പിഴചുമത്തി റഷ്യ
റഷ്യന്‍ സൈന്യത്തെ സംബന്ധിച്ച നിരോധിത ഉള്ളടക്കത്തിന്റെ പേരില്‍ വിക്കീപീഡിയ ഉടമസ്ഥന് 19.93 ലക്ഷം രൂപ പിഴ ചുമത്തി റഷ്യന്‍ കോടതി. സൈന്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുന്ന ലേഖനം റഷ്യ മുമ്പ് നിരോധിക്കുകയും റഷ്യന്‍ കോടതി നീക്കം ചെയ്യാന്‍ വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് പാലിക്കാത്ത പക്ഷം വിക്കിപീഡിയ ഉടമസ്ഥന് കോടതി പിഴ ചുമത്തുകയായിരുന്നു. വിക്കിപീഡിയയ്ക്ക് മേലെ റഷ്യ തുടര്‍ച്ചയായി പിഴകള്‍ ചുമത്തിവരുന്നതിന് പിന്നാലെയാണ് പുതിയ നടപടി.
ആറ് ദിവസം മുമ്പ് മോസ്‌കോയിലെ ഒരു കോടതി യുക്രെയിന്‍ സംഘര്‍ഷത്തെ കുറിച്ചുള്ള റഷ്യന്‍ ഭാഷയിലെ ലേഖനത്തിന്റെ പേരില്‍ സന്നദ്ദ സംഘടനയായ വിക്കീപീഡിയയ്ക്ക് 15,04683 രൂപ പിഴയായി ചുമത്തിയിരുന്നു. റഷ്യന്‍ ഒക്കുപ്പേഷന്‍ ഓഫ് ദി സപോറിഷിയ റീജിയണ്‍ (സപോറിഷിയ മേഖലയിലെ റഷ്യന്‍ അധിനിവേശം) എന്ന പേജ് നീക്കം ചെയ്യാന്‍ വിക്കിപീഡിയ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്.
മുമ്പ്, മോസ്‌കോയിലെ ടാഗന്‍സ്‌കി ജില്ലാ കോടതി സന്നദ്ധ സംഘടനയായ വിക്കിമീഡിയ ഫൗണ്ടേഷന് പ്രത്യേക വിവരങ്ങള്‍ നീക്കം ചെയ്യാത്തതിന് 8,02,846 രൂപ പിഴയടയ്ക്കാന്‍ വിധിച്ചിരുന്നു.
എന്നാല്‍ നിലവില്‍ വിക്കിപീഡിയ പൂര്‍ണ്ണമായും നിരോധിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് റഷ്യന്‍ ഡിജിറ്റല്‍ കാര്യ മന്ത്രി മക്‌സുത് ഷാദേവ് വ്യക്തമാക്കി. യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യയില്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നത് വര്‍ധിച്ച് വരികയാണ്. എന്നാല്‍ ഇപ്പോഴും വിവരങ്ങള്‍ ലഭ്യമാക്കുന്ന സ്വതന്ത്ര സ്രോതസ്സായി വിക്കിപീഡിയ തുടര്‍ന്ന് വരികയാണ്.
റഷ്യയില്‍ പിടിമുറുകുമ്പൊഴും ലോകമെമ്പാടുമുളള റഷ്യക്കാര്‍ക്ക് വിക്കീപീഡിയ ലഭ്യമാക്കുമെന്ന് എന്‍സൈക്ലോപീഡിയ പ്ലാറ്റ്‌ഫോം അറിയിച്ചു. വെബ്‌സൈറ്റ് മൂല്യമുണ്ടെന്ന് കരുതുന്ന ലോകമെമ്പാടുമുള്ള റഷ്യന്‍ സംസാരിക്കുന്നവര്‍ക്ക് വിക്കിപീഡിയ ലഭ്യമാക്കുന്നത് തുടരുമെന്നും സൈറ്റ് ഉപയോഗിക്കുന്നതിനുള്ള എല്ലാവരുടെയും അവകാശം സംരക്ഷിക്കാന്‍ ശ്രമിക്കുമെന്നും റോയിട്ടേഴ്‌സിന് അയച്ച ഇമെയിൽ പ്രസ്താവനയില്‍ വിക്കിപീഡിയ വ്യക്തമാക്കി.
റഷ്യന്‍ അധികാരികളുടെ രോഷത്തിനിടയാകുന്ന ഒരേ ഒരു പ്ലാറ്റ്ഫോം വിക്കിപീഡിയ മാത്രമല്ല. 2022 സെപ്റ്റംബറില്‍, യുക്രെയിന്‍ ക്യാമ്പെയിനിനെ സംബന്ധിച്ചുള്ള ലേഖനം നീക്കം ചെയ്യാന്‍ തുടര്‍ച്ചയായി വിസമ്മതിച്ചതിന് റഷ്യയിലെ കോടതി ഗൂഗിളിന്റെ അനുബന്ധ സ്ഥാപനത്തിന് 2177 കോടി രൂപയിലധികം രൂപ പിഴ ചുമത്തി. തുടര്‍ന്ന് അധികാരികള്‍ അനുബന്ധ സ്ഥാപനത്തിന്റെ അക്കൗണ്ട് മരവിപ്പിക്കുകയും സ്ഥാപനം പാപ്പരത്തത്തിന് അപേക്ഷിക്കുകയും ചെയ്തു. റഷ്യയിലെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഗൂഗിള്‍ താത്കാലമായി നിര്‍ത്തിവച്ചിട്ടുണ്ടെങ്കിലും, അതിന്റെ സൗജന്യ സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോഴും ലഭ്യമാണ്.
ഗൂഗിളിനും വിക്കിപീഡിയയും കൂടാതെ, അമേരിക്കന്‍ കമ്പനിയായ ആമസോണിനും കടുത്ത പിഴയാണ് റഷ്യന്‍ കോടതി ചുമത്തിയിരിക്കുന്നത്. മോസ്‌കോയുടെ ക്യാമ്പെയിനിങ്ങുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ നീക്കം ചെയ്യാത്തതിനാല്‍ ആമസോണ്‍ ട്വിച്ചിന് റഷ്യ 40,15,164 രൂപ പിഴ ചുമത്തി.എന്നാല്‍ ഈ വിഷയത്തില്‍ ആമസോണ്‍ ട്വിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.