ചാരവൃത്തി; വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ടർ ഇവാൻ ഗെർഷ്കോവിച്ച് തടവിൽ തുടരും, ജാമ്യാപേക്ഷ തള്ളി

ചാരവൃത്തി; വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ടർ ഇവാൻ ഗെർഷ്കോവിച്ച് തടവിൽ തുടരും, ജാമ്യാപേക്ഷ തള്ളി

റഷ്യയുടെ പ്രതിരോധ രഹസ്യങ്ങൾ അമേരിക്കയ്ക്ക് ചോർത്തി കൊടുത്തെന്ന് ആരോപിച്ച് മാർച്ച് 29നാണ് ഇവാൻ ഗെർഷ്കോവിച്ചിനെ അറസ്റ്റ് ചെയ്തത്
Updated on
2 min read

ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് റഷ്യയിൽ അറസ്റ്റിലായ വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ടർ ഇവാൻ ഗെർഷ്കോവിച്ചിന്റെ ജാമ്യാപേക്ഷ തള്ളി റഷ്യൻ കോടതി. വിചാരണ നടപടികൾക്ക് മുൻപ് തടവിലാക്കിയ നടപടിയെ ചോദ്യം ചെയ്ത് ഇവാൻ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. റഷ്യയുടെ പ്രതിരോധ രഹസ്യങ്ങൾ അമേരിക്കയ്ക്ക് ചോർത്തി കൊടുത്തെന്ന് ആരോപിച്ച് മാർച്ച് 29നാണ് ഇവാൻ ഗെർഷ്കോവിച്ചിനെ അറസ്റ്റ് ചെയ്തത്. 31കാരനായ ഗെർഷ്കോവിച്ച് ചാരവൃത്തി നടത്തിയെന്ന റഷ്യൻ വാദം അമേരിക്കയും വാൾസ്ട്രീറ്റ് ജേർണലും നിഷേധിച്ചിരുന്നു.

വിചാരണയ്ക്കായി ഗെർഷ്കോവിച്ച് റഷ്യൻ തലസ്ഥാനത്തെ ലെഫോർട്ടോവോ ജയിലിലാണിപ്പോൾ.  സോവിയറ്റ് കാലഘട്ടത്തിന് ശേഷം ഇതാദ്യമായാണ് ഒരു അമേരിക്കൻ മാധ്യമപ്രവർത്തകനെതിരെ റഷ്യ ചാരവൃത്തിക്കുറ്റം ചുമത്തുന്നത്. ഇവാൻ ഗെർഷ്‌കോവിച്ചിനെ റഷ്യ തെറ്റായി തടങ്കലിൽ വച്ചിരിക്കുകയാണെന്നും ഉടൻ മോചിപ്പിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഇവാനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണന്നും എത്രയും പെട്ടെന്ന് അദ്ദേഹത്തെ മോചിപ്പിക്കാൻ ഞങ്ങൾ റഷ്യൻ ഫെഡറേഷനോട് ആവശ്യപ്പെടുകയാണെന്നും റഷ്യയിലെ അമേരിക്കൻ അംബാസഡർ ലിൻ ട്രേസി പറഞ്ഞു.

ചാരവൃത്തി; വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ടർ ഇവാൻ ഗെർഷ്കോവിച്ച് തടവിൽ തുടരും, ജാമ്യാപേക്ഷ തള്ളി
'മാധ്യമപ്രവർത്തനം കുറ്റകരമല്ല': ചാരവൃത്തി കുറ്റം ആരോപിച്ച് തടവിലാക്കിയ മാധ്യമപ്രവർത്തകനെ മോചിപ്പിക്കണമെന്ന് അമേരിക്ക

ഗെർഷ്‌കോവിച്ചിനെ അന്യായമായാണ് റഷ്യ തടവിൽ വച്ചിരിക്കുന്നതെന്നും അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നും യു.എസ് ഗവൺമെന്റ് ആവശ്യപ്പെട്ടിരുന്നു. കുറ്റങ്ങൾ അടിസ്ഥാനരഹിതമാണ്. റഷ്യയോട് അദ്ദേ​ഹത്തെ ഉടൻ മോചിപ്പിക്കാൻ ആവശ്യപ്പെട്ടുവെന്ന് യുഎസ് അംബാസഡർ ലിൻ ട്രേസി ഹിയറിംഗിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. റഷ്യ അന്യായമായി തടവിൽ വച്ചിരിക്കുന്ന മറ്റൊരു അമേരിക്കക്കാരനായ പോൾ വീലനെയും മോചിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

മോസ്‌കോയിൽ നിന്ന് 900 മൈൽ കിഴക്കുള്ള യുറൽസ് നഗരമായ യെക്കാറ്റെറിൻബർഗിൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഗെർഷ്കോവിച്ചിനെ അറസ്റ്റ് ചെയ്തത്. യുഎസിന്റെ നിർദേശങ്ങൾക്കനുസരിച്ച് ഗെർഷ്‌കോവിച്ച് പ്രവർത്തിച്ചുവെന്നായിരുന്നു റഷ്യൻ ​ഗവൺമെന്റിന്റെ ആരോപണം. എന്നാൽ, ഗെർഷ്‌കോവിച്ചിനെതിരെയുളള ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകൾ റഷ്യൻ അധികൃതർ പരസ്യമായി ഹാജരാക്കിയിട്ടില്ല. അതേസമയം, കേസിൽ കുറ്റം തെളിഞ്ഞാൽ ഗെർഷ്‌കോവിച്ചിന് 20 വർഷം വരെ തടവ് ലഭിക്കാം. റഷ്യയിലെ മിക്കവാറും എല്ലാ ചാരവൃത്തി വിചാരണകളും കുറ്റകരമായ വിധിയിലാണ് അവസാനിക്കുക.

മെയ് 29 വരെ ഗെർഷ്‌കോവിച്ചിനെ മുൻകൂർ തടവിൽ വയ്ക്കാൻ റഷ്യൻ അധികാരികളുടെ ഉത്തരവ്. യുക്രെയ്ന്‍ അധിനിവേശവുമായി ബന്ധപ്പെട്ട് പടിഞ്ഞാറും റഷ്യയും ഇരുധ്രുവങ്ങളില്‍ നില്‍ക്കെയാണ് മേഖലയില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കിയുള്ള റഷ്യന്‍ നടപടി. ഗെർഷ്‌കോവിച്ചിന്റെ അറസ്റ്റ് അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ചർച്ചയായിരിക്കുകയാണ്. അറസ്റ്റ് തികച്ചും നിയമവിരുദ്ധമാണെന്ന് എന്ന് അമേരിക്കൻ പ്രസിഡന്റ് ബൈഡൻ പറഞ്ഞു. റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കണമെന്ന് മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ബൈഡൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. അമേരിക്കയുടെ നേതൃത്വത്തിൽ 40ലധികം രാജ്യങ്ങൾ ഇവാന്റെ മോചനത്തിനായി ഐക്യരാഷ്ട്ര സഭയിൽ സംയുക്ത പ്രസ്താവന ഇറക്കിയിട്ടുണ്ട്.

വാള്‍ സ്ട്രീറ്റ് ജേണലിന്റെ മോസ്കോ ബ്യൂറോയിൽ ജോലി ചെയ്തുവരികയായിരുന്നു ഗെര്‍ഷ്കോവിച്ച്‌. റഷ്യ, യുക്രെയ്ന്‍, മറ്റ് മുന്‍ സോവിയറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ വാർത്തകളാണ് ഇവാൻ കൈകാര്യം ചെയ്യുന്നത്. റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അക്രഡിറ്റേഷനുള്ള മാധ്യമ പ്രവര്‍ത്തകനാണ് ഗെര്‍ഷ്കോവിച്ച്‌. വാള്‍ സ്ട്രീറ്റ് ജേണലിന് പുറമെ എഎഫ്പി, ന്യൂയോര്‍ക് ടൈംസ് എന്നിവയ്ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in