പോളണ്ട് അതിര്‍ത്തിയില്‍ റഷ്യൻ മിസൈല്‍ ആക്രമണം: രണ്ട് മരണം, അടിയന്തര യോഗം വിളിച്ച് നാറ്റോ
യുദ്ധഭീതി ശക്തമാക്കി യുക്രെയ്ന്‍ - പോളണ്ട് അതിര്‍ത്തിയില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം. മിസൈല്‍ പതിച്ച് രണ്ടുപേര്‍ കൊല്ലപ്പെട്ടു. പുതിയ സാഹചര്യത്തില്‍ സൈന്യത്തോട് സജ്ജമാകാന്‍ പോളണ്ട് നിര്‍ദേശിച്ചു. നാറ്റോയും അടിയന്തരയോഗം വിളിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി പോളണ്ട് പ്രസിഡന്റ് ആന്‍ഡ്രെ ഡുഡ ചര്‍ച്ച നടത്തി.
മിസൈല്‍ റഷ്യന്‍ നിര്‍മിതമാണെന്ന് തിരിച്ചറിഞ്ഞതായി പോളണ്ട് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ആക്രമണം നടത്തിയത് റഷ്യയാണോ എന്നതില്‍ കൂടുതല്‍ സ്ഥിരീകരണത്തിനായി ശ്രമിക്കുകയാണെന്നും പോളണ്ട് വ്യക്തമാക്കുന്നു. നാറ്റോ ജനറല്‍ സെക്രട്ടറി ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബര്‍ഗിന്റെ നേതൃത്വത്തില്‍ പുതിയ സാഹചര്യം വിലയിരുത്താനും അടിയന്തര നടപടികള്‍ സ്വീകരിക്കുന്നത് ചര്‍ച്ച ചെയ്യാനുമായി യോഗം ചേരും.
മിസൈല്‍ ആക്രമണ പശ്ചാത്തലത്തില്‍ പോളണ്ട് പ്രസിഡന്റ് ആന്‍ഡ്രെ ഡുഡ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ച നടത്തി
യുദ്ധം തുടങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ നാറ്റോ രാജ്യങ്ങളില്‍ റഷ്യ ആക്രമണം നടത്തിയിരുന്നില്ല. യുകെ, ജര്‍മ്മനി, യുഎസ് തുടങ്ങിയവര്‍ അംഗമായ 30 രാജ്യങ്ങളുടെ നാറ്റോ സൈനിക സഖ്യത്തില്‍ അംഗമാണ് പോളണ്ട്. സായുധ ആക്രമണത്തിന് ഇരയായാല്‍ പരസ്പരം സഹായിക്കണമെന്നാണ് നാറ്റോയിലെ നിയമം. റഷ്യയാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരണമുണ്ടായാല്‍ അത് വലിയ സംഘര്‍ഷ സാഹചര്യത്തിലേക്കാകും കാര്യങ്ങള്‍ നീക്കുക. റഷ്യ - യുക്രെയ്ന്‍ അധിനിവേശം ആരംഭിച്ചപ്പോള്‍ മുതല്‍ നിരവധിപേരാണ് പോളണ്ടില്‍ അഭയം തേടിയത്.
ആക്രമണത്തെ അപലപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും രംഗത്തെത്തി. പോളണ്ട് പ്രസിഡന്റുമായി താന്‍ ചര്‍ച്ച നടത്തിയെന്നും നാറ്റോ സഖ്യകക്ഷികളെ ഏകോപിപ്പിക്കുമെന്നും സുനക് വ്യക്തമാക്കി. റഷ്യന്‍ ആക്രമണത്തില്‍ നിന്ന് ലോകത്തെ മുഴുവന്‍ സംരക്ഷിച്ചു നിര്‍ത്തണമെന്നും ആക്രമണത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പോളണ്ടിന് കൈമാറിയെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോഡിമര്‍ സെലന്‍സ്കി വ്യക്തമാക്കി. നവംബര്‍ 15ന് വൈകിട്ടോടെയാണ് ആക്രമണമുണ്ടായതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മറ്റൊരു മിസൈല്‍ ആക്രമണത്തില്‍ യുക്രെയ്നിലെ ഊര്‍ജ സംവിധാനങ്ങള്‍ തകര്‍ത്തിരുന്നു. 85 ഓളം മിസൈലുകളാണ് റഷ്യ ഉപയോഗിച്ചതെന്നാണ് വിവരം.