യുക്രെയ്ൻ സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ ഭാര്യമാർ പോലും റഷ്യൻ സൈനികരെ പ്രോത്സാഹിപ്പിക്കുന്നു- ഒലേന സെലന്‍സ്ക
റഷ്യൻ സൈനികർക്കെതിരെ രൂക്ഷ വിമർശനവുമായി യുക്രെയ്ൻ പ്രഥമ വനിത ഒലേന സെലന്‍സ്‌ക. യുക്രെയ്ന്‍ അധിനിവേശം നടത്തുന്ന റഷ്യന്‍ സൈന്യം ബലാത്സംഗവും അതിക്രമങ്ങളും ആയുധമാക്കുകയാണെന്ന് ഒലേന സെലന്‍സ്‌ക ആരോപിച്ചു. സംഘർഷങ്ങൾക്കിടയില്‍ അരങ്ങേറുന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ച് ലണ്ടനില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവർ. യുക്രെയ്ന്‍ വനിതകളെ ബലാത്സംഗം ചെയ്യാന്‍ റഷ്യന്‍ സൈനികരെ അവരുടെ ഭാര്യമാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും സെലന്‍സ്‌ക ആരോപിച്ചു.
ഫെബ്രുവരിയില്‍ യുക്രെയ്ന്‍ അധിനിവേഷം ആരംഭിച്ചത് മുതല്‍ തങ്ങളുടെ രാജ്യത്തെ സ്ത്രീകളെ ലൈംഗികമായി റഷ്യന്‍ സൈന്യം ചൂഷണം ചെയ്യുകയാണ്. ഒരാളുടെ മേൽ ആധിപത്യം തെളിയിക്കാനുള്ള ഏറ്റവും ക്രൂരവും മൃഗീയവുമായ മാർഗമാണ് ലൈംഗിക അതിക്രമം. യുദ്ധസമയങ്ങളില്‍ ഇത്തരം ക്രൂരതകൾക്ക് വിധേയമാകുന്നവർക്ക് അതിജീവനം പ്രയാസകരമായിരിക്കുമെന്നും അവർ പറഞ്ഞു.
''ഇരകളാക്കപ്പെടുന്നവർക്ക് അത് പുറത്തു പറയാന്‍ പറ്റണമെന്നില്ല. റഷ്യന്‍ സൈന്യം ഇത് ആയുധമാക്കി പ്രയോഗിക്കുകയാണ്. അവരുടെ ആയുധശേഖരത്തിലെ മറ്റൊരു ആയുധമാണിത്. അതുകൊണ്ടാണ് അവർ ഇത് വ്യവസ്ഥാപിതമായും പരസ്യമായും ഉപയോഗിക്കുന്നത്.''-സെലന്‍സ്ക പറഞ്ഞു.
ആഗോള തലത്തില്‍ ഇതിനെതിരെ പ്രതികരണങ്ങള്‍ ഉയരണമെന്നും സൈനികരുടെ കുറ്റകൃത്യങ്ങളെ യുദ്ധ കുറ്റങ്ങളായി കണക്കാക്കണമെന്നും സെലന്‍സ്‌ക ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ശിക്ഷിക്കപെടില്ലെന്ന പൊതു ധാരണ ഉണ്ടാവുമെന്നും സെലന്‍സ്ക പറഞ്ഞു.
''പോകൂ, യുക്രേനിയൻ സ്ത്രീകളെ ബലാത്സംഗം ചെയ്യൂ. എന്നിട്ട് ഞങ്ങളോട് ഇതിനെ കുറിച്ച് പറയാതിരിക്കുക''- എന്നാണ് റഷ്യൻ സൈനികരോട് ഭാര്യമാർ പറയുന്നത്.
ഇത്തരം അതിക്രമങ്ങളെ റഷ്യന്‍ സൈന്യം വളരെ ലാഘവത്തോടെയാണ് കാണുന്നത്. അവർ ഇക്കാര്യത്തെ കുറിച്ച് പരസ്യമായി സംസാരിക്കുന്നു. റഷ്യൻ സൈനികർ ഇക്കാര്യത്തെ കുറിച്ച് ഫോൺ വഴി അവരുടെ ബന്ധുക്കളോട് ചർച്ച ചെയ്യുന്നത് ചോർത്തിയെടുത്ത സംഭാഷണങ്ങളിലൂടെ ഞങ്ങൾ അറിയുന്നുണ്ട്. റഷ്യൻ സൈനികരുടെ ഭാര്യമാർ ഇത് പ്രോത്സാഹിപ്പിക്കുന്നു. ''പോകൂ, ആ യുക്രേനിയൻ സ്ത്രീകളെ ബലാത്സംഗം ചെയ്യൂ. എന്നിട്ട് ഞങ്ങളോട് ഇതിനെ കുറിച്ച് പറയാതിരിക്കുക''- എന്നാണ് റഷ്യൻ സൈനികരോട് ഭാര്യമാർ പറയുന്നത്. അതുകൊണ്ട് തന്നെയാണ് ആഗോളതലത്തില്‍ ഈ പ്രശ്‌നത്തിനെതിരെ പ്രതികരണങ്ങൾ ഉണ്ടാകണമെന്ന് പറയുന്നതെന്നും സെലന്‍സ്‌ക പറഞ്ഞു.
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ ലൈംഗീകാതിക്രമങ്ങള്‍ക്ക് ഇരകളാവുന്നവര്‍ക്ക് വേണ്ടി യുക്രെയ്ന്‍ സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ടെന്നും അത് കുറ്റകൃത്യങ്ങള്‍ക്കെതിരായ നീക്കങ്ങളുടെ തുടക്കമാവുമെന്നും സെലന്‍സ്‌ക പറഞ്ഞു.
നേരത്തെ, റഷ്യന്‍ സൈനികരില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടവരെ സഹായിക്കുന്നതിനായി യുകെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലിയും പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. കീവ് സന്ദര്‍ശനവേളയിലായിരുന്നു പദ്ധതി പ്രഖ്യാപിച്ചിരുന്നത്.