റഷ്യ ആണവ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് യുക്രെയ്ന്‍
റഷ്യ ഒരു ആണവ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്കി. ഈ ആണവഭീഷണിക്കെതിരെ ലോകം ഒറ്റക്കെട്ടായി നില്‍ക്കണണെന്നും യുക്രെയ്ന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. റഷ്യയുടെ ആണവ ഭീഷണി നേരിടാന്‍ നാറ്റോ മുന്‍കരുതല്‍ ആക്രമണങ്ങള്‍ നടത്തണമെന്ന് സെലന്‍സ്കി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതോടെ റഷ്യ - യുക്രെയ്ന്‍ യുദ്ധത്തിനിടെ ആണവപ്രയോഗ സാധ്യത ശക്തമാകുകയാണെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
" റഷ്യ അണ്വായുധം ഉപയോഗിക്കുന്നതിനെ കുറിച്ച് ആശയവിനിമയം നടത്തുന്നു. അവര്‍ അത് ഉപയോഗിക്കുമോ ഇല്ലയോ എന്നതിനെ കുറിച്ച് അറിയില്ല. അതിനെ കുറിച്ച് സംസാരിക്കുന്നത് പോലും അപകടകരമായ സാഹചര്യമാണ്'' - ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ സെലന്‍സ്കി പറഞ്ഞു. സപോറീഷ്യ ആണവ നിലയം കൈവശപ്പെടുത്തി റഷ്യ ഈ നീക്കത്തിലേക്ക് കൂടുതല്‍ അടുക്കുകയാണെന്നും സെലന്‍സ്കി വിശദീകരിക്കുന്നു.
അതിനിടെ ഹിതപരിശോധനയിലൂടെ റഷ്യയോട് കൂട്ടിച്ചേർത്ത യുക്രെയ്ൻ പ്രവിശ്യകളായ സപോറിഷ്യയിലും ഖേഴ്‌സണിലും റഷ്യന്‍ സൈന്യം കനത്ത ബോംബാക്രമണം തുടരുകയാണ്. സപോറീഷ്യയിലെ അപാര്‍ട്ട്മെന്റ് കെട്ടിടങ്ങൾക്ക് നേരെയാണ് എസ്-300 മിസൈലുകൾ ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയത്. മേഖലയില്‍ യുക്രെയ്ൻ സൈന്യവും പ്രത്യാക്രമണം ശക്തമാക്കി. കഴിഞ്ഞ മാസം അവസാനത്തോടെ ആരംഭിച്ച പ്രത്യാക്രമണത്തിൽ റഷ്യയിൽ നിന്ന് ഏകദേശം 2,500 ചതുരശ്ര കിലോമീറ്റർ പ്രദേശം സൈന്യം തിരിച്ചുപിടിച്ചതായി സെലെൻസ്‌കി അവകാശപ്പെട്ടിരുന്നു.