ഇന്ധന വിതരണം ശനിയാഴ്ചയും പുനരാരംഭിക്കില്ലെന്ന് റഷ്യ; ആശങ്കയൊഴിയാതെ യൂറോപ്യന്‍ രാജ്യങ്ങള്‍
യൂറോപ്പിലേക്കുള്ള വാതക ഇന്ധന വിതരണം ശനിയാഴ്ച പുനരാരംഭിക്കാനാകില്ലെന്ന് റഷ്യ. ഇതോടെ നോർഡ് സ്ട്രീം വണ്ണിനെ ആശ്രയിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിലെ ഇന്ധന വിതരണം കടുത്ത ആശങ്കയിലായിരിക്കുകയാണ്. വ്യക്തികളും സ്ഥാപനങ്ങളും ഇന്ധന ഉപയോഗം വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്നും ജർമ്മന്‍ നെറ്റ്‌വർക്ക് റെഗുലേറ്റർ മുന്നറിയിപ്പ് നൽകി.
അറ്റകുറ്റപ്പണി നടത്തുന്നതിനായി നോർഡ് സ്ട്രീം വൺ പൈപ്പ്ലൈൻ വഴിയുള്ള വാതക വിതരണം മൂന്ന് ദിവസത്തേക്ക് റഷ്യ നിർത്തിവെക്കുന്നതായി ഊർജ വിതരണ കമ്പനിയായ ഗാസ്പ്രോം ബുധനാഴ്ച അറിയിച്ചിരുന്നു. യുറോപ്പിലേക്ക് റഷ്യയിൽ നിന്നുള്ള പ്രധാന പ്രകൃതി വാതക വിതരണ പൈപ്പ്ലൈനാണ് നോർഡ് സ്ട്രീം വൺ. ബാൾട്ടിക് കടലിലൂടെ റഷ്യയിൽ നിന്ന് ജർമനിയിലേക്കാണ് പൈപ്പ് ലൈൻ സ്ഥാപിച്ചിരിക്കുന്നത്.
പൈപ്പലൈനിന്റെ ടർബൈനിൽ കണ്ടെത്തിയ ചോർച്ച പരിഹരിക്കുന്നതുവരെ വിതരണം സുരക്ഷിതമായി പുനരാരംഭിക്കാൻ കഴിയില്ലെന്നാണ് റഷ്യൻ സർക്കാർ നിയന്ത്രിത സ്ഥാപനമായ ഗാസ്‌പ്രോം വെള്ളിയാഴ്ച അറിയിച്ചത്. എപ്പോൾ ഇന്ധന വിതരണം പുനരാരംഭിക്കുമെന്നതിനെക്കുറിച്ച് കമ്പനി വിവരം നല്‍കിയിട്ടില്ല.
റഷ്യൻ വിതരണത്തിലെ തടസ്സം നേരിടാൻ രാജ്യം തയ്യാറാണെന്ന് ഗാസ്‌പ്രോമിന്റെ തീരുമാനത്തിന് മറുപടിയായി ജർമ്മന്‍ നെറ്റ്‌വർക്ക് റെഗുലേറ്റർ വെള്ളിയാഴ്ച അറിയിച്ചു. ഗ്യാസ് വിപണിയിലെ സ്ഥിതി മോശമാണെങ്കിലും വിതരണത്തിന്റെ കാര്യത്തിൽ പേടി വേണ്ടെന്ന് ജർമൻ സാമ്പത്തിക മന്ത്രാലയ വക്താവ് വ്യക്തമാക്കി
2021 ഓഗസ്റ്റ് മുതൽ, മൊത്ത വാതക വില 400 ശതമാനമാണ് ഉയർന്നത്. ഇത് യൂറോപ്യൻ വ്യവസായത്തെയും ഉപഭോക്താക്കളെയും സാരമായി ബാധിച്ചിട്ടുണ്ട്. ചില പ്രമുഖ യൂറോപ്യൻ കമ്പനികൾ ഊർജ വില കുതിച്ചുയരുന്നതിനാൽ ഇതിനകം തന്നെ ഉൽപ്പാദനം കുറച്ചിട്ടുണ്ട്. കൂടാതെ പല യൂറോപ്യൻ രാജ്യങ്ങളും ഇന്ധനം റേഷനായി നൽകുന്ന പോലെയുള്ള അടിയന്തിര നടപടികളിലേക്ക് നീങ്ങുന്നതായും റിപ്പോർട്ടുണ്ട്.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്ക് മേൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെയുള്ള പ്രതികാര നടപടിയായി റഷ്യ ഇന്ധന വിതരണം ഉപയോഗിക്കുന്നുവെന്ന ആരോപണം നിലനിൽക്കെയാണ് വിതരണം നിർത്തിവെക്കൽ നടപടി വീണ്ടും നീട്ടുന്നത്. "നമുക്കെതിരെയുള്ള റഷ്യയുടെ സൈക്കളോജിക്കൽ യുദ്ധത്തിന്റെ ഭാഗമാണിത്" ജർമന്‍ പാർലമെന്ററി വിദേശകാര്യ സമിതി അധ്യക്ഷൻ മൈക്കൽ റോത്ത് അഭിപ്രായപ്പെട്ടു.
എന്നാൽ ഗ്യാസ് വിതരണം ആയുധമായി ഉപയോഗിക്കുകയാണ്, വാതക വിപണിയിൽ കൃത്രിമം കാണിക്കാൻ ശ്രമിക്കുകയാണ് എന്നീ ആരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ റഷ്യ നിഷേധിച്ചിരുന്നു. കൂടാതെ വിതരണത്തെ നിർത്തിവെക്കുന്നതിന് കാരണം പാശ്ചാത്യ രാജ്യങ്ങളെന്നും റഷ്യ കുറ്റപ്പെടുത്തിയിരുന്നു. റഷ്യയ്‌ക്കെതിരായ ഉപരോധം കാരണം പൈപ്പ്‌ലൈൻ ഉപകരണ വിതരണക്കാരായ സീമെൻസ് എനർജിയ്ക്ക് കൃത്യമായി അറ്റകുറ്റപ്പണികൾ നടത്താനാകുന്നില്ലെന്ന് ഗാസ്‌പ്രോം സിഇഒ അലക്സി മില്ലർ ബുധനാഴ്ച പറഞ്ഞിരുന്നു.