വ്ലാദിമിർ പുടിൻ
വ്ലാദിമിർ പുടിൻ

'പാശ്ചാത്യ ശക്തികൾക്കുള്ള മുന്നറിയിപ്പ്'; ബെലാറസിൽ ആണവായുധങ്ങൾ സ്ഥാപിക്കുന്നതിന്റെ ആദ്യ ഘട്ടം പൂർത്തിയായെന്ന് പുടിൻ

വെള്ളിയാഴ്ച സെന്റ് പീറ്റേഴ്‌സ്ബർഗിൽ നടന്ന പരിപാടിക്കിടെയാണ് റഷ്യൻ പ്രസിഡന്റിന്റെ പ്രസ്താവന
Updated on
1 min read

റഷ്യൻ ആണവായുധങ്ങൾ ബെലാറസിൽ സ്ഥാപിക്കുന്നത് പാശ്ചാത്യ ശക്തികൾക്കുള്ള മുന്നറിയിപ്പാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. റഷ്യയുടെ സഖ്യകക്ഷിയായ ബെലാറസിൽ ആയുധങ്ങൾ സ്ഥാപിക്കുന്ന നടപടികളുടെ ആദ്യ ഘട്ടം പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി പ്രഖ്യാപിച്ച് മൂന്ന് മാസത്തിനുള്ളിലാണ് നടപടി. വെള്ളിയാഴ്ച സെന്റ് പീറ്റേഴ്‌സ്ബർഗിൽ നടന്ന പരിപാടിക്കിടെയാണ് റഷ്യൻ പ്രസിഡന്റിന്റെ പ്രസ്താവന.

പാശ്ചാത്യ ശക്തികൾ യുക്രെയ്‌നുമായുള്ള യുദ്ധത്തിൽ റഷ്യയുടെ തോൽവി കാണാൻ ആഗ്രഹിക്കുന്നവരാണ്. അത്തരക്കാർക്കുള്ള മുന്നറിയിപ്പാണ് ബെലാറസിൽ റഷ്യ സ്ഥാപിച്ചിരിക്കുന്ന ഹ്രസ്വദൂര ആണവായുധങ്ങളെന്നും പുടിൻ പറഞ്ഞു. ആണവായുധങ്ങൾ ബെലാറസിൽ സ്ഥാപിച്ചുവെന്ന് പുടിൻ സമ്മതിക്കുന്നത് ഇതാദ്യമായാണ്. ഒരു ആണവായുധം വേണമെങ്കിൽ ആരംഭിക്കുമെന്ന് പരോക്ഷ മുന്നറിയിപ്പ് നൽകിയ പുടിൻ നിലവിൽ അതിന്റെ ആവശ്യമില്ലെന്നും എടുത്തുപറഞ്ഞു.

വ്ലാദിമിർ പുടിൻ
ബലാറസിൽ റഷ്യയുടെ തന്ത്രപരമായ ആണവായുധ വിന്യാസം ജൂലൈയിൽ

യുദ്ധഭൂമിയിൽ ഉപയോഗിക്കാൻ കഴിയുന്ന ഹ്രസ്വ ദൂര ആണവായുധങ്ങളാണ് നിലവിൽ ബെലാറസിൽ സ്ഥാപിച്ചിരിക്കുന്നത്. സഖ്യകക്ഷികളുടെ അതിർത്തികളിൽ അമേരിക്ക ആണവായുധങ്ങൾ സ്ഥാപിച്ചിരിക്കുന്നത് പോലെ ബെലാറസിൽ റഷ്യയും അങ്ങനെയൊരു നീക്കം നടത്തുമെന്ന പ്രഖ്യാപനം കഴിഞ്ഞ മാർച്ചിലാണ് പുടിൻ നടത്തുന്നത്. യുക്രെയ്നും റഷ്യയുമായി അതിർത്തി പങ്കിടുന്ന ബെലാറസിൽ ആണവായുധങ്ങൾ സ്ഥാപിക്കുന്നതിനെതിരെ കടുത്ത വിമർശനം പാശ്ചാത്യ ശക്തികൾ നടത്തിയിരുന്നു. എന്നാൽ അതൊന്നും വകവയ്ക്കാതെ തീരുമാനവുമായി പുടിൻ മുന്നോട്ട് പോകുകയായിരുന്നു.

ഓഗസ്റ്റ് അവസാനത്തോടെ ബെലാറസിൽ ആയുധങ്ങൾ സ്ഥാപിക്കുന്ന നടപടി പൂർത്തീകരിക്കുമെന്ന് പുടിൻ അറിയിച്ചു. 1945ൽ അമേരിക്ക ജപ്പാനിൽ വർഷിച്ച ആണവായുധത്തേക്കാൾ മൂന്ന് മടങ്ങ് ശേഷിയുള്ള ആയുധങ്ങൾ വരെ ബെലാറസിൽ സ്ഥാപിച്ചവയുടെ കൂട്ടത്തിലുണ്ടെന്ന് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ ചൊവ്വാഴ്ച പറഞ്ഞിരുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ആദ്യമായാണ് ആണവായുധങ്ങൾ റഷ്യക്ക് പുറത്ത് സ്ഥാപിക്കുന്നത്.

അമേരിക്കയും സഖ്യകക്ഷികളും ചൈനയുമെല്ലാം പുട്ടിന്റെ നീക്കങ്ങളെ നിരീക്ഷിച്ചുവരികയാണ്. യുക്രെയ്നിലെ അനധിനിവേശത്തിൽ കണക്കുകൂട്ടിയ മുന്നേറ്റമുണ്ടാക്കാൻ റഷ്യയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. പാശ്ചാത്യ രാജ്യങ്ങൾ യുക്രെയ്ന് നൂതന ആയുധങ്ങൾ നൽകി സഹായിക്കുന്നുണ്ട്. ഇതിന്റെയെലാം ബലത്തിലാണ് യുക്രെയ്‌ന്റെ പിടിച്ചുനിൽപ്പ്. റഷ്യ അധികാരം സ്ഥാപിച്ചിരുന്ന ഒരു നഗരം കൂടി യുക്രെയ്‌ൻ തിരിച്ചുപിടിച്ചതായി അടുത്തിടെ അവകാശപ്പെട്ടിരുന്നു. എന്നാൽ റഷ്യ നിഷേധിച്ചു. ജർമനി യുക്രെയ്ന് കൈമാറിയ ലെപ്പേർഡ് ടാങ്കുകൾ പോലെ എഫ് 16 വിമാനങ്ങൾ അമേരിക്ക നൽകുകയായണെങ്കിൽ അതും റഷ്യ നശിപ്പിക്കുമെന്ന് പുടിൻ പറഞ്ഞു.

logo
The Fourth
www.thefourthnews.in