കഴുത്തിലും നെഞ്ചിലുമായി 15-ഓളം പരുക്കുകള്‍: സൽമാൻ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചയും കൈയുടെ ചലനശേഷിയും നഷ്ടപ്പെട്ടു
അമേരിക്കയിൽ ആക്രമണത്തിനിരയായ ഇംഗ്ലീഷ് എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ കാഴ്ച തകരാറിലാക്കിയതായി റിപ്പോര്‍ട്ടുകൾ. ഒരു കണ്ണിന്റെ കാഴ്ചയും കൈയുടെ ചലനശേഷിയും നഷ്ടപ്പെട്ടതായി സൽമാൻ റുഷ്ദിയുടെ ഏജൻ്റ് ആൻഡ്രൂ വൈലി അറിയിച്ചു. സ്‌പെയിനിലെ എല്‍ പേയ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ആക്രമണത്തില്‍ റുഷ്ദിയുടെ കഴുത്തിലും നെഞ്ചിലുമായി 15 ഓളം മുറിവുകളാണ് ഉണ്ടായിരുന്നത്. ഈ മുറിവുകളാണ് കാഴ്ച്ചയും കൈയിന്റെ ചലന ശേഷിയും നഷ്ടപ്പെടുന്നതിലേയ്ക്ക് നയിച്ചത്. കൈയിലെ ഞരമ്പുകള്‍ മുറിഞ്ഞതിനാലാണ് കൈയിന്റെ ചലനശേഷിയെ ബാധിച്ചത്. എന്നാല്‍ റുഷ്ദി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണോ എന്ന ചോദ്യത്തിന് മറുപടി പറയാതെ ആൻഡ്രൂ വൈലി ഒഴിഞ്ഞു മാറി.
പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ഷൗതൗക്വ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വെച്ച് കഴിഞ്ഞ ഓഗസ്റ്റിലാണ് സല്‍മാന്‍ റുഷ്ദിക്കു നേരെ വധശ്രമമുണ്ടാകുന്നത്. 24 കാരനായ ഹാദി മാത്തർ പ്രഭാഷണത്തിനിടെ വേദിയിലേയ്ക്ക് അതിക്രമിച്ചു കയറി റുഷ്ദിയുടെ കഴുത്തിൽ കുത്തുകയായിരുന്നു. ഇയാള് പിന്നീട് പോലീസ് പിടികൂടിയിരുന്നു.ആക്ഷേപഹാസ്യ, അതിയാഥാർത്ഥ്യ ഗദ്യശൈലിക്ക് പേരുകേട്ട എഴുത്തുകാരനാണ് സൽമാൻ റുഷ്ദി. 1988ൽ "ദ സാത്താനിക് വേഴ്‌സ്" എന്ന പുസ്തകം പുറത്തിറയങ്ങിയതോടെ അദ്ദേഹത്തിനെതിരെ വധഭീഷണി ഉയർന്നിരുന്നു.
ആക്രമണങ്ങളെക്കുറിച്ച് ഭയമില്ലെന്ന് ഒരു അഭിമുഖത്തിൽ റുഷ്ദി പറഞ്ഞിരുന്നു
മതനിന്ദ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് ഇന്ത്യ, പാകിസ്ഥാൻ തുടങ്ങി പല രാജ്യങ്ങളിലും പുസ്തകം നിരോധിച്ചു. പല ഇടങ്ങളിലും പുസ്തകം കത്തിക്കുകയും ചെയ്തു. 1989-ൽ റുഷ്ദിയുടെ മരണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള റൂഹുള്ള ഖൊമേനി ഫത്വ പുറപ്പെടുവിച്ചിരുന്നു. അതിനുശേഷം റുഷ്ദി വര്‍ഷങ്ങളോളം ഒളിവിലായിരുന്നു. ആക്രമണം നടക്കുന്നതിന് രണ്ടാഴ്ച്ച മുൻപ് ഒരു അഭിമുഖത്തിൽ തൻറെ ജീവിതം ഇപ്പോൾ സാധാരണഗതിയിൽ പോകുകയാണെന്നും ഇനി ആക്രമണങ്ങളെക്കുറിച്ച ഭയമില്ലെന്നും റുഷ്ദി സംസാരിച്ചിരുന്നു.