റുഷ്ദി സംസാരിച്ചു; ആരോഗ്യ നിലയിൽ പുരോഗതി, വെന്റിലേറ്ററിൽ നിന്ന് മാറ്റി

റുഷ്ദി സംസാരിച്ചു; ആരോഗ്യ നിലയിൽ പുരോഗതി, വെന്റിലേറ്ററിൽ നിന്ന് മാറ്റി

റുഷ്ദിയെ കുത്തി പരിക്കേൽപ്പിച്ച 24 വയസുള്ള ഹാദി മറ്റാറിനെതിരെ വധശ്രമത്തിന് കേസ്
Updated on
2 min read

ന്യൂയോർക്കിൽ വെള്ളിയാഴ്ച പ്രഭാഷണം നടത്തുന്നതിനിടെ ആക്രമിക്കപ്പെട്ട വിശ്വപ്രസിദ്ധ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ ആരോഗ്യ നിലയിൽ പുരോഗതി. റുഷ്ദിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. കരളിന് സാരമായി പരിക്കേറ്റ റുഷ്ദി ശസ്ത്രക്രിയയ്ക്കുശേഷം വെന്റിലേറ്ററിൽ തുടരുകയായിരുന്നു. സഹ എഴുത്തുകാരനായ ആതിഷ് താസീറാണ് റുഷ്ദിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായും ഇപ്പോൾ അദ്ദേഹം സംസാരിക്കുന്നുണ്ടെന്നും ട്വീറ്റ് ചെയ്തത്. റുഷ്ദിയുടെ ഏജന്റ് ആൻഡ്രൂ വൈലിയും ഇക്കാര്യം സ്ഥിരീകരിച്ചു.

റുഷ്ദിയെ കുത്തി പരിക്കേൽപ്പിച്ച 24 വയസുള്ള ഹാദി മറ്റാറിനെ കഴിഞ്ഞ ദിവസം ന്യൂയോർക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രവേശന പാസുമായി പരിപാടി നടക്കുന്ന ഷറ്റൗക്വ ഇന്‍സ്റ്റിറ്റ്യൂഷനിലെത്തിയ ഹാദി വേദിയിലേക്ക് അതിക്രമിച്ചു കയറി ശേഷം, റുഷ്ദിയെ കത്തി കൊണ്ട് കുത്തി പരിക്കേല്പിക്കുകയായിരുന്നു. ഉടൻ തന്നെ റുഷ്ദിയെ ഹെലികോപ്റ്ററിൽ വടക്ക് പടിഞ്ഞാറൻ പെൻസിൽവാനിയയിലെ ആശുപത്രിയിലേക്ക് മാറ്റി. കരളിനും കണ്ണിനും സാരമായി പരുക്കേറ്റ റുഷ്ദിയ്ക്ക് ശസ്ത്രക്രിയ വേണ്ടിവന്നതായി ഏജന്റ് ആൻഡ്രൂ വൈലി അറിയിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയ കഴിഞ്ഞിട്ടും അദ്ദേഹം വെന്റിലേറ്ററില്‍ തുടരുകയായിരുന്നു.

ഹാദി മറ്റാർ
ഹാദി മറ്റാർ

അറസ്റ്റിലായ ഹാദി മറ്റാര്‍ അമേരിക്കയിൽ ജനിച്ചു വളർന്ന ലെബനീസ് വംശജനാണ്. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ ഹാദി കുറ്റം നിഷേധിച്ചു. എന്നാൽ ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. അതേസമയം, ആക്രമണത്തിന്റെ പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് പോലീസും ഫെഡറൽ ഉദ്യോഗസ്ഥരും അറിയിച്ചു.

ആക്ഷേപഹാസ്യ, അതിയാഥാർത്ഥ്യ ഗദ്യശൈലിക്ക് പേരുകേട്ട എഴുത്തുകാരനാണ് സൽമാൻ റുഷ്ദി. 1988ൽ "ദ സാത്താനിക് വേഴ്‌സ്" എന്ന പുസ്തകം പുറത്തിറയങ്ങിയതോടെ അദ്ദേഹത്തിനെതിരെ വധഭീഷണി ഉയർന്നു. മതനിന്ദ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് ഇന്ത്യ, പാകിസ്ഥാൻ തുടങ്ങി പല രാജ്യങ്ങളിലും പുസ്തകം നിരോധിച്ചു. പല ഇടങ്ങളിലും പുസ്തകം കത്തിക്കുകയും ചെയ്തു. 1989-ൽ റുഷ്ദിയുടെ മരണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള റൂഹുള്ള ഖൊമേനി ഫത്വ പുറപ്പെടുവിച്ചിരുന്നു. അതിനുശേഷം റുഷ്ദി വര്‍ഷങ്ങളോളം ഒളിവിലായിരുന്നു. ഖൊമേനി മരിച്ചിട്ടും ഫത്വ പ്രാബല്യത്തിൽ തുടർന്നു. നിലവിലെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖൊമേനി ഈ ഫത്വ പിൻവലിക്കുന്ന നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല. എങ്കിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി റുഷ്ദിക്കെതിരെ ഭീഷണികൾ ഉണ്ടായിരുന്നില്ല. ആക്രമണം നടത്താൻ ഹാദിക്ക് ഫത്വ പ്രേരണയായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

ജീവന് തന്നെ ഭീഷണി ഉണ്ടായിരുന്നിട്ടും സംസാര സ്വാതന്ത്ര്യത്തിന് വേണ്ടി കാലങ്ങളായി വാദിക്കുന്ന റുഷ്ദിക്കെതിരെ നടന്ന ആക്രമണത്തെ രാഷ്ട്ര നേതാക്കൾ, ആക്ടിവിസ്റ്റുകൾ, എഴുത്തുകാർ ഉൾപ്പെടെ അപലപിച്ചു.

logo
The Fourth
www.thefourthnews.in