'ആക്രമണത്തിന് കാരണം റുഷ്ദിയും അനുയായികളും മാത്രം'; ആരോപണങ്ങള്‍ തള്ളി ഇറാന്‍
എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തിന് കാരണം റുഷ്ദിയും അനുയായികളും മാത്രമാണെന്ന് ഇറാന്‍. ഇറാനെതിരെ ആരോപണം ഉന്നയിക്കാന്‍ ആർക്കും അവകാശം ഇല്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് പ്രതികരണം. അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കൂടുതല്‍ ഒരു വിവരവും ഇറാന്റെ പക്കലിലില്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് നാസര്‍ കനാനി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കഴുത്തിലും, വയറിലും, കണ്ണിലും, നെഞ്ചിലുമായി പത്തോളം മുറിവുകളാണ് റുഷ്ദിക്കേറ്റത്
ആക്രമണത്തിനു ശേഷമുള്ള ഇറാന്റെ ആദ്യ പ്രതികരണമാണിത്. റുഷ്ദിയെ ആക്രമിച്ച ഹാദി മറ്റാറുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകളും ഇറാന്‍ തള്ളി. അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുമ്പോളും പടിഞ്ഞാറന്‍ രാജ്യങ്ങള്‍, പ്രത്യേകിച്ച് അമേരിക്ക ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്. അക്രമികളുടെ പ്രവര്‍ത്തനങ്ങളെ അപലപിക്കുകയും, ഇസ്ലാമിക വിശ്വാസങ്ങളെ അപമാനിക്കുന്നവരുടെ പ്രവര്‍ത്തനങ്ങളെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന പാശ്ചാത്യ രാജ്യങ്ങളുടെ മനോഭാവം പരസ്പര വിരുദ്ധമാണെന്നും കനാനി കുറ്റപ്പെടുത്തി. റുഷ്ദിയുടെ മതനിന്ദ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ തള്ളിക്കളയാനാകില്ലെന്നും ഇറാന്‍ വക്താവ് കൂട്ടിച്ചേർത്തു.
സല്‍മാന്‍ റുഷ്ദിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു. കാലങ്ങളായി ഇറാനിയന്‍ ഭരണകൂടം റുഷ്ദിക്കെതിരെ ആക്രമണത്തിന് പ്രേരിപ്പിച്ചിട്ടുണ്ടെന്നും, ഇറാനിലെ ചില മാധ്യമങ്ങള്‍ ആഹ്ളാദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്‍ അമേരിക്കയ്ക്ക് എതിരെയും ആരോപണം ഉന്നയിച്ചത്.
ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി
അതേസമയം, ആശുപത്രിയില്‍ തുടരുന്ന റുഷ്ദിയുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴുത്തിലും വയറിലും കണ്ണിലും നെഞ്ചിലുമായി പത്തോളം മുറിവുകളാണ് റുഷ്ദിക്കേറ്റത്. സംസാരിക്കാന്‍ തുടങ്ങിയതോടെ വെന്റിലേറ്ററിന്റെ സഹായം പൂര്‍ണമായി ഉപേക്ഷിച്ചു. ന്യൂയോർക്കില്‍ സാഹിത്യ പരിപാടിക്കിടെ ശനിയാഴ്ചയാണ് റുഷ്ദിക്ക് കുത്തേറ്റത്. ലെബനീസ് വംശജനായ ഹാദി മറ്റാർ വേദിയിലേക്ക് അതിക്രമിച്ചു കയറി ശേഷം, റുഷ്ദിയെ കത്തി കൊണ്ട് കുത്തി പരുക്കേല്പിക്കുകയായിരുന്നു. ന്യൂയോർക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്ത ഇയാള്‍ കോടതിയിൽ കുറ്റം നിഷേധിച്ചു. ഇയാള്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ട് പ്രവര്‍ത്തിച്ച വ്യക്തി
സല്‍മാന്‍ റുഷ്ദിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ട വ്യക്തിയാണ് റുഷ്ദി. അദ്ദേഹത്തിനെതിരെയുള്ള ആക്രമണം ഒരുപാട് വേദനയുണ്ടാക്കുന്നുവെന്നും ബൈഡന്‍ പറഞ്ഞു. ആക്രമണത്തെ യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി ജോസെപ് ബോറെലും ശക്തമായി അപലപിച്ചു.
1988 ല്‍ ദ സാത്തനിക് വേഴ്‌സസ് എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതോടെയാണ് റുഷ്ദിയുടെ ജീവിതം ആകെ മാറിമറയുന്നത്
1988 ല്‍ ദ 'സാത്തനിക് വേഴ്‌സസ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചതോടെയാണ് റുഷ്ദിക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നത്. പുസ്‌തകം ഇന്ത്യയടക്കം പല രാജ്യങ്ങളും നിരോധിച്ചു. മതാവഹേളനമുണ്ടെന്നാരോപിച്ച് മുസ്ലിം സമുദായം പുസ്തകത്തെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു. പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തില്‍ ഒരു കഥാപാത്രമുണ്ടെന്നതിനാലാണ് പല മുസ്ലിം സംഘടനകളും പുസ്തകത്തെ മതനിന്ദയായി വ്യാഖ്യാനിച്ചത്.
1989-ൽ റുഷ്ദിയുടെ മരണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള റൂഹുള്ള ഖൊമേനി ഫത്വ പുറപ്പെടുവിച്ചിരുന്നു. അതിനുശേഷം റുഷ്ദി വര്‍ഷങ്ങളോളം ഒളിവിലായിരുന്നു. ഖൊമേനി മരിച്ചിട്ടും ഫത്വ പ്രാബല്യത്തിൽ തുടർന്നു. നിലവിലെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖൊമേനി ഈ ഫത്വ പിൻവലിക്കുന്ന നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല. എങ്കിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി റുഷ്ദിക്കെതിരെ ഭീഷണികൾ ഉണ്ടായിരുന്നില്ല.
നിരന്തര ഭീഷണിയെ തുടര്‍ന്ന് റുഷ്ദി ഒന്‍പത് കൊല്ലത്തോളമാണ് ഒളിവില്‍ കഴിഞ്ഞത്
ഭീഷണി നേരിടുന്ന എഴുത്തുകാര്‍ക്കും ലോകമെമ്പാടുമുള്ള ആക്ടിവിസ്റ്റുകള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും വേണ്ടി നിരന്തരം സംസാരിച്ചിരുന്ന വ്യക്തിയായിരുന്നു റുഷ്ദി. തലമുറകള്‍ക്ക് മാതൃകയായ റുഷ്ദിക്കു നേരെയുള്ള ആക്രമണം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള വെല്ലുവിളിയാണ്. നാടുകടത്തപ്പെട്ട എഴുത്തുകാര്‍ക്ക് അമേരിക്ക അഭയം നല്‍കിയതിന്റെ പ്രധാന്യത്തെക്കുറിച്ച് സംസാരിക്കാന്‍ നിയോഗിക്കപ്പെട്ടപ്പോഴായിരുന്നു റുഷ്ദിക്കെതിരെ ആക്രമണം ഉണ്ടായത്.