'കുത്തേറ്റത്, ഇര പ്രതിച്ഛായ മാറ്റാൻ കഷ്ടപ്പെടുന്നതിനിടെ'; കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞ് റുഷ്ദി

'കുത്തേറ്റത്, ഇര പ്രതിച്ഛായ മാറ്റാൻ കഷ്ടപ്പെടുന്നതിനിടെ'; കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞ് റുഷ്ദി

"കുത്തേറ്റ സംഭവത്തിൽ പ്രതിയായ ഹാദി മാറ്ററിനെ മാത്രമാണ് കുറ്റപ്പെടുത്തുന്നത്. സുരക്ഷയൊരുക്കിയതിൽ സംഭവിച്ച വീഴ്ചയല്ല. സുരക്ഷാ ചുമതലയുള്ളവരെ കുറ്റപ്പെടുത്താൻ കഴിയില്ല" - റുഷ്ദി
Updated on
1 min read

കടന്നുപോയ സമയത്തെയും പ്രതീക്ഷകളേയും കുറിച്ച്‌ ലോകത്തോട് സംസാരിച്ച് പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദി. പൊതുപരിപാടിക്കിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന സല്‍മാന്‍ റുഷ്ദി, 'ന്യൂയോര്‍ക്കറി'ന് നല്‍കിയ ദീര്‍ഘമായ അഭിമുഖത്തിൽ ആപത്‌ഘട്ടത്തിൽ കൂടെ നിന്ന എല്ലാവർക്കും നന്ദി പറഞ്ഞു. ന്യൂയോർക്കിലെ പൊതു പരിപാടിക്കിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന റുഷ്ദി, അന്നത്തെ സംഭവത്തിന് ശേഷം ആദ്യമായി നൽകിയ അഭിമുഖത്തിലാണ് കുടുംബത്തിനും ചികിത്സിച്ച ഡോക്ടർമാർക്കും നന്ദി അറിയിച്ചത്.

ഇന്നലെ എന്ത് സംഭവിച്ചു എന്നതിനേക്കാൾ നാളെ എന്ത് നടക്കുന്നു എന്നതിനാണ് പ്രാധാന്യം
സല്‍മാന്‍ റുഷ്ദി

''ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യങ്ങളിൽ നിന്ന് വളരെ വേഗം മുക്തമാകാൻ സഹായിച്ചത് മക്കളായ സഫറും മിലാനും പങ്കാളിയായ റേച്ചൽ എലിസ ഗ്രിഫിത്‍സുമാണ്. പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് നിയമ പാലകരുമായും ചികിത്സാ സംബന്ധിയായ ആവശ്യങ്ങൾക്ക് ഡോക്ടർമാരോടുമെല്ലാം സംസാരിച്ചരുന്നത് ഗ്രിഫിത്‍സാണ്. വൈകാരിക ഭാരങ്ങൾക്കിടയിലും ഗ്രിഫിത്‍സാണ് എല്ലാം നോക്കിയത്. ഞാൻ നിസ്സഹായനായിരുന്ന ഘട്ടത്തിൽ അവർ എല്ലാ ചുമതലകളും ഏറ്റെടുത്തു" - റുഷ്ദി പറഞ്ഞു.

കുത്തേറ്റ സംഭവത്തിൽ പ്രതിയായ ഹാദി മാറ്ററിനെ മാത്രമാണ് റുഷ്ദി കുറ്റപ്പെടുത്തുന്നത്. ''സുരക്ഷയൊരുക്കിയതിൽ സംഭവിച്ച വീഴ്ചയല്ല. സുരക്ഷാ ചുമതലയുള്ളവരെ കുറ്റപ്പെടുത്താൻ കഴിയില്ല. ഇത്തരത്തിലുള്ള കുറ്റപ്പെടുത്തലുകൾ ഒഴിവാക്കാനാണ് കഴിഞ്ഞ കുറെ വർഷങ്ങളായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇരയുടെ വേഷം അഴിച്ചുമാറ്റാൻ ഒരുപാട് കഷ്ടപ്പെടുന്നതിന്റെ ഇടയിലാണ് വീണ്ടും കുത്തേൽക്കുന്നത്. ഇന്നലെ എന്ത് സംഭവിച്ചു എന്നതിനേക്കാൾ നാളെ എന്ത് നടക്കുന്നു എന്നതിനാണ് പ്രാധാന്യം'' റുഷ്ദി പറഞ്ഞു.

ശരീരത്തിലേറ്റ വലിയ മുറിവുകളെല്ലാം സുഖപ്പെട്ടു. എന്നാൽ വിരലുകൾക്കേറ്റ പരുക്ക് കാരണം എഴുതാൻ ബുദ്ധിമുട്ടാണ്. സംഭവിച്ച കാര്യങ്ങളാലോചിക്കുമ്പോൾ അവസ്ഥ അത്ര മോശമല്ല, നടക്കാൻ കഴിയുന്നുണ്ട്. വലിയ ആക്രമണം ആയിരുന്നതിനാല്‍ തന്നെ നിരന്തരം ചെക്കപ്പ് ആവശ്യമാണെന്നും റുഷ്ദി പറഞ്ഞു.

'കുത്തേറ്റത്, ഇര പ്രതിച്ഛായ മാറ്റാൻ കഷ്ടപ്പെടുന്നതിനിടെ'; കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞ് റുഷ്ദി
'വിക്ടറി സിറ്റി'യുമായി സാഹിത്യലോകത്തേക്ക് വീണ്ടും സൽമാൻ റുഷ്ദി

'വിക്ടറി സിറ്റി' എന്ന ഏറ്റവും പുതിയ പുസ്തകം പുറത്തിറങ്ങുന്നതിന് മുന്നോടിയായാണ് റുഷ്ദി സംസാരിക്കുന്നത്. പരുക്കിൽ നിന്ന് മുക്തമായി കൊണ്ടിരിക്കുന്നത് കൊണ്ട് തന്നെ പൊതുവേദികളിൽ പരിപാടികളിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹത്തിന്റെ റുഷ്ദിയുടെ വക്താവായ ആൻഡ്രൂ വൈലി വ്യക്തമാക്കി. താൻ അതിജീവിച്ചത് കൊണ്ടാകരുത്, പുസ്തകത്തിന്റെ മെറിറ്റ് നോക്കിയാകണം വായനക്കാർ പുസ്തകത്തിലേക്ക് ആകർഷിക്കപ്പെടേണ്ടത്. കഥകളാണ് വായനക്കാരെ കൂട്ടികൊണ്ട് പോകേണ്ടതെന്നും റുഷ്ദി കൂട്ടിച്ചേർത്തു. കുത്തേൽക്കുന്നതിന് മുൻപ് റുഷ്ദി പൂർത്തിയാക്കിയ പുസ്തകമാണ് 'വിക്ടറി സിറ്റി'. ഫെബ്രുവരി ഒൻപതിനാണ് പുസ്തകം പുറത്തിറങ്ങുക.

ഓഗസ്റ്റ് 12-ന് ന്യൂയോർക്കിലെ ചൗതൗക്വാ ഇൻസ്റ്റിറ്റ്യൂഷനിൽ നടന്ന പരിപാടിയിലാണ് എഴുത്തുകാരനായ സൽമാൻ റുഷ്ദിക്ക് നേരെ ആക്രമണമുണ്ടായത്. റുഷ്ദിയുടെ കൈയിലെ ഞരമ്പുകൾ മുറിയുകയും കരളിന് കുത്തേൽക്കുകയും ചെയ്തു. പ്രതി 24 വയസുള്ള ഹാദി മറ്റാർ കസ്റ്റഡിയിലാണ്. ഇതുവരെയും കുറ്റം സമ്മതിക്കാൻ മറ്റാർ തയാറായിട്ടില്ല.

logo
The Fourth
www.thefourthnews.in