വിക്കിപീഡിയയില്‍ സൗദിയുടെ നുഴഞ്ഞുകയറ്റം; ഉള്ളടക്ക നിയന്ത്രണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ തടവിലാക്കി: റിപ്പോര്‍ട്ട്
വിക്കിപീഡിയയില്‍ നുഴഞ്ഞുകയറി ഉള്ളടക്കം നിയന്ത്രിക്കാന്‍ സൗദി അറേബ്യയുടെ ശ്രമമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി വിക്കിപീഡിയയുടെ രണ്ട് അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരെ സൗദി സര്‍ക്കാര്‍ തടവിലാക്കിയതായി മാതൃസ്ഥാപനമായ വിക്കിമീഡിയയെ ഉദ്ധരിച്ച് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദിക്കുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന് ട്വിറ്റര്‍ മുന്‍ ഉദ്യോഗസ്ഥനെ യുഎസ് ജയിലിലടിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് സൗദിയുടെ വിക്കിപീഡിയ നുഴഞ്ഞുകയറ്റം. എന്നാല്‍ വിഷയത്തില്‍ സൗദി സര്‍ക്കാര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
വിക്കിപീഡിയയുടെ ഉന്നത പദവികളിലേക്ക് സൗദി സര്‍ക്കാര്‍ നുഴഞ്ഞുകയറുകയായിരുന്നുവെന്ന് വിക്കിമീഡിയയുടെ അന്വേഷണത്തില്‍ വെളിപ്പെടുത്തുന്നതായി അവകാശ സംഘടനകളായ ഡോണ്‍ (ഡെമോക്രസി ഫോര്‍ ദി അറബ് വേള്‍ഡ് നൗ), സ്‌മെക്‌സ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഒസാമ ഖാലിദ്, സിയാദ് അല്‍-സോഫിയാനി എന്നീ രണ്ട് അഡ്മിനിസ്‌ട്രേറ്റര്‍മാരാണ് ഇപ്പോള്‍ തടവിലാക്കപ്പെട്ടത്. ഖാലിദിനെ 32 വര്‍ഷത്തേക്കും സോഫിയാനിയെ എട്ട് വര്‍ഷത്തേക്കുമാണ് ജയിലിലടച്ചത്. സൗദി പൗരന്മാര്‍ കടുത്ത നിര്‍ബന്ധത്താലോ അല്ലാതെയോ ഏജന്റുകളായും പ്രവര്‍ത്തിച്ചു. വിസില്‍ബ്ലോവര്‍മാരില്‍ നിന്നും വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടെന്നും പ്രസ്താവന പറയുന്നു.
കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി സ്ഥാപിച്ച സംഘടനയാണ് വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോണ്‍, അറബ് ലോകത്ത് ഡിജിറ്റല്‍ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണ് സ്‌മെക്‌സ്.
പുറത്തുനിന്നുള്ള കക്ഷികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നിരവധി ഉപയോക്താക്കള്‍ അവരുടെ പ്രത്യേക ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി പ്ലാറ്റ്‌ഫോം ഏകോപിത രീതിയില്‍ എഡിറ്റ് ചെയ്യുന്നുണ്ടെന്ന് സ്ഥിരീകരിക്കാന്‍ അന്വേഷണത്തില്‍ കഴിഞ്ഞതായി വിക്കിമീഡിയ വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ സ്വാധീനത്തില്‍ സൗദികള്‍ പ്രവര്‍ത്തിക്കുന്നതിനെ പരാമര്‍ശിച്ചാണ് വിക്കിമീഡിയയുടെ റിപ്പോര്‍ട്ടെന്ന് ഡോണിന്റെയും സ്‌മെക്‌സിന്റെയും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. പൂര്‍ണമായും പരിരക്ഷിതമായ പേജുകള്‍ എഡിറ്റ് ചെയ്യാനുള്ള അനുമതിയുള്ള, വിക്കിപീഡിയയിലേക്ക് പ്രത്യേക ആക്സസ് ഉള്ള വോളണ്ടിയര്‍മാരും രണ്ട് ഉന്നത അഡ്മിനിസ്‌ട്രേറ്റര്‍മാറും 2020 സെപ്റ്റംബറില്‍ ഒരേ ദിവസം അറസ്റ്റ് ചെയ്യപ്പെടുകയും പിന്നാലെ തടവിലാക്കപ്പെടുകയുമായിരുന്നു. രാജ്യത്തെ വിക്കിപീഡിയ അഡ്മിന്‍മാരെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ് അറസ്റ്റെന്നും ഇരു സംഘടനകളും അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ മാസം, ട്വിറ്റര്‍ മുന്‍ പ്രവര്‍ത്തകനായ അഹ്‌മദ് അബൂഅമ്മോയെ വിദേശ സര്‍ക്കാരിന്റെ നിയമവിരുദ്ധ ഏജന്റായി പ്രവര്‍ത്തിച്ചതടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് സാന്‍ ഫ്രാന്‍സിസ്‌കോ കോടതി മൂന്നര വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. സൗദി ഭരണകൂടത്തെ വിമര്‍ശിക്കുന്ന അക്കൗണ്ടുകളെ കുറിച്ചുള്ള സ്വകാര്യ വിവരങ്ങള്‍ ലഭിക്കുന്നതിന് 2014-2015 കാലത്ത് സൗദി ഉദ്യോഗസ്ഥര്‍ അബൂഅമ്മോയെയും എഫ്ബിഐ അന്വേഷിക്കുന്ന ട്വിറ്റര്‍ ജീവനക്കാരനായ അലി അല്‍സബാറയെയും നിയമിച്ചതാണെന്നായിരുന്നു പ്രോസിക്യൂട്ടര്‍മാരുടെ ആരോപണം.
വിക്കിപീഡിയ, എന്‍സൈക്ലോപീഡിയ, വിക്കിനിഘണ്ടു തുടങ്ങിയ സംരംഭങ്ങളിലൂടെ സൗജന്യ വിവര ഉള്ളടക്കം ഓണ്‍ലൈനായി നല്‍കുന്ന സ്ഥാപനമാണ് വിക്കിമീഡിയ. മിഡില്‍ ഈസ്റ്റ്, വടക്കന്‍ ആഫ്രിക്ക തുടങ്ങിയ മേഖലയിലെ വിക്കിപീഡിയ ഉള്ളടക്കത്തില്‍ വിദ്വേഷ പരമായ രീതിയില്‍ എഡിറ്റിങ് നടത്തിയ 16 ഉപയോക്താക്കള്‍ക്കള്‍ക്ക് വിക്കിമീഡിയ കഴിഞ്ഞ മാസം ആഗോള നിരോധനം പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് സൗദിയുടെ പുതിയ നീക്കമെന്നാണ് ഡോണും സ്‌മെക്‌സും അഭിപ്രായപ്പെടുന്നത്.