ചരിത്രത്തിൽ ആദ്യം; ബഹിരാകാശ നിലയത്തിലേക്ക് ആദ്യ വനിതയെ അയയ്ക്കാനൊരുങ്ങി സൗദി അറേബ്യ

ചരിത്രത്തിൽ ആദ്യം; ബഹിരാകാശ നിലയത്തിലേക്ക് ആദ്യ വനിതയെ അയയ്ക്കാനൊരുങ്ങി സൗദി അറേബ്യ

റയ്യാന ഉൾപ്പെടെ രണ്ട് ബഹിരാകാശ സഞ്ചാരികളെയാണ് ഈ വര്‍ഷം പകുതിയോടെ സൗദി ബഹിരാകാശത്തേക്ക് അയയ്ക്കുന്നത്
Updated on
1 min read

ചരിത്രത്തിൽ ആദ്യമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒരു വനിതയെ അയയ്ക്കാനൊരുങ്ങി സൗദി അറേബ്യ. റയ്യാന ബർനാവിയെന്ന ബഹിരാകാശ സഞ്ചാരിയുടെ പേരിലാകും പുതുചരിത്രം കുറിക്കപ്പെടുക. റയ്യാന ഉൾപ്പെടെ രണ്ട് ബഹിരാകാശ സഞ്ചാരികളെയാണ് ഈ വര്‍ഷം പകുതിയോടെ സൗദി ബഹിരാകാശത്തേക്ക് അയയ്ക്കുന്നത്. അമേരിക്കയിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് പുറപ്പെടുന്ന എ എക്സ്- 2 സ്പേസ് മിഷനിൽ പുരുഷ ബഹിരാകാശ യാത്രികൻ അലി അൽഖർനിയും റയ്യാനയോടൊപ്പം ചേരും.

സൗദി ഹ്യൂമൻ സ്‌പേസ് ഫ്‌ളൈറ്റ് പ്രോഗ്രാമിന്റെ ഭാഗമായി റയ്യാന, അലി അൽഖർനി എന്നിവർക്ക് പുറമെ മറിയം ഫർദൂസ്, അലി അൽഗാംദി എന്നീ രണ്ട് ബഹിരാകാശ സഞ്ചാരികൾക്കും സൗദി പരിശീലനം നൽകിയിട്ടുണ്ട്. കൂടുതൽ സൗദികളെ ബഹിരാകാശ യാത്രയ്ക്കായി പരിശീലിപ്പിക്കാനും ശാസ്ത്ര പരീക്ഷണങ്ങൾക്കും അന്താരാഷ്ട്ര ഗവേഷണങ്ങൾക്കും പ്രാപ്തരാക്കാൻ ലക്ഷ്യമിടുന്ന 'വിഷൻ 2030' പദ്ധതിയുടെ നാഴികകല്ലായാണ് പുതിയ മിഷൻ കണക്കാക്കുന്നത്.

മനുഷ്യ ബഹിരാകാശ യാത്രയെന്നത് സാങ്കേതികവിദ്യ, എഞ്ചിനീയറിങ്, ഗവേഷണം, നൂതനാശയങ്ങൾ എന്നിവയിലെ ഒരു രാജ്യത്തിന്റെ മികവിന്റെയും മത്സരക്ഷമതയുടെയും പ്രതീകം കൂടിയാണ്

സൗദി ബഹിരാകാശ കമ്മീഷൻ സിഇഒ മുഹമ്മദ് ബിൻ സൗദ് അൽ തമീമി

സൗദി സ്‌പേസ് കമ്മീഷൻ, പ്രതിരോധ മന്ത്രാലയം, കായിക മന്ത്രാലയം, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, കിങ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ, ആക്‌സിയം സ്‌പേസ് ഉൾപ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് പ്രോഗ്രാം.

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിലൂടെ ബഹിരാകാശ വ്യവസായത്തിൽ മുന്നേറ്റമുണ്ടാക്കുകയാണ് സൗദിയുടെ ലക്ഷ്യം. ആരോഗ്യം, സുസ്ഥിരത, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ നിരവധി മേഖലകളിൽ കൂടുതൽ ശാസ്ത്രീയ ഗവേഷണങ്ങൾ നടത്താനും ഇതിലൂടെ സാധ്യമാകുമെന്ന് സൗദി കണക്കുകൂട്ടുന്നു. ബഹിരാകാശ ശാസ്ത്രത്തിലെ പുതിയ കണ്ടുപിടുത്തങ്ങൾ, വ്യവസായം, അതിലൂടെ രാജ്യത്തിന്റെ ഭാവിയെ ക്രിയാത്മകമായി പ്രതിഫലിപ്പിക്കാനുമാണ് ശ്രമിക്കുന്നെതെന്ന് സൗദി ബഹിരാകാശ കമ്മീഷൻ ചെയർമാൻ അബ്ദുല്ല ബിൻ അമർ അൽ സ്വാഹ പറഞ്ഞു. സ്വതന്ത്രമായി ഗവേഷണം നടത്താനും ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിങ്, ഗണിതശാസ്ത്രം എന്നീ മേഖലകളിൽ ബിരുദധാരികളുടെ താത്പ്പര്യം വർദ്ധിപ്പിക്കാനുമാണ് രാജ്യം ശ്രമിക്കുന്നത്.

ബഹിരാകാശ മേഖലയിൽ വലിയ കുതിച്ചുചാട്ടം നടത്താൻ രാജ്യത്തെ പ്രാപ്തമാക്കിയ കമ്മീഷന് നൽകിയ പിന്തുണയ്ക്കും ശാക്തീകരണത്തിനും സൗദി ബഹിരാകാശ കമ്മീഷൻ സിഇഒ മുഹമ്മദ് ബിൻ സൗദ് അൽ തമീമി നന്ദി രേഖപ്പെടുത്തി. മനുഷ്യ ബഹിരാകാശ യാത്രയെന്നത് സാങ്കേതികവിദ്യ, എഞ്ചിനീയറിങ്, ഗവേഷണം, നൂതനാശയങ്ങൾ എന്നിവയിലെ ഒരു രാജ്യത്തിന്റെ മികവിന്റെയും മത്സരക്ഷമതയുടെയും പ്രതീകം കൂടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

logo
The Fourth
www.thefourthnews.in