ട്വിറ്റര്‍ ഉപയോഗത്തിന് സൗദി വനിതയ്ക്ക് 45 വര്‍ഷം തടവ് ശിക്ഷ

ട്വിറ്റര്‍ ഉപയോഗത്തിന് സൗദി വനിതയ്ക്ക് 45 വര്‍ഷം തടവ് ശിക്ഷ

സമൂഹമാധ്യമങ്ങളിൽ സൗദി ഭരണകൂടത്തിന് എതിരായ നിലപാടുകള്‍ സ്വീകരിച്ച ഗവേഷക വിദ്യാര്‍ഥിനിയെ നേരത്തെ 34 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു
Updated on
1 min read

ട്വിറ്ററുപയോഗിച്ചതിന് സൗദി അറേബ്യയിൽ യുവതിക്ക് തടവു ശിക്ഷ. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനായി സൗദിഅറേബ്യ സര്‍ക്കാര്‍ പുറപ്പെടുവിപ്പിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് യുവതിക്കെതിരെ നടപടി. നൗറ ബിന്‍ത് സയീദ് അല്‍-ഖഹ്താനി എന്ന യുവതിയെ സൗദി തീവ്രവാദ കോടതി 45 വര്‍ഷം തടവിന് ശിക്ഷിച്ചത്. ഖഹ്താനിയെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അവരുടെ പ്രായവും അറസ്റ്റിനിടയാക്കിയ സാഹചര്യവും അടക്കമുള്ള വിവരങ്ങള്‍ അവ്യക്തമാണ്. സൗദിയില്‍ മുന്‍പും വനിതകള്‍ ഇത്തരത്തില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ സൗദി ഭരണകൂടത്തിന് എതിരായ നിലപാടുകള്‍ സ്വീകരിച്ച ഗവേഷക വിദ്യാര്‍ഥിനി സല്‍മ അല്‍ ഷെഹാബിനെ 34 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ട്വിറ്ററില്‍ സര്‍ക്കാറിനെ വിമര്‍ശിക്കുന്ന അക്കൗണ്ടുകള്‍ ഫോളോ ചെയ്യുകയും, വിമത നിലപാടുകള്‍ പറയുന്ന ട്വീറ്റുകള്‍ റീ ട്വീറ്റ് ചെയ്യുകയും ചെയ്തു എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു നടപടി. ബ്രിട്ടണിലെ ലീഡ്സ് യൂണിവേഴ്സിറ്റിയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിനിയായ സല്‍മ ഷെഹാബ് അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു അറസ്റ്റ് ചെയ്തത്. ഷെഹാബ് ശിക്ഷിക്കപ്പെട്ട് ആഴ്ചകള്‍ക്ക് ശേഷമാണ് വീണ്ടും ഇത്തരത്തില്‍ സമാനമായ നടപടി മറ്റൊരു സ്ത്രീയ്ക്കെതിരെ ഉണ്ടാകുന്നത്.

അധികാരികള്‍ക്ക് പരമാവധി അധികാരം നല്‍കുന്ന തരത്തിലാണ് സൗദി നിയമങ്ങള്‍. പൊതു ക്രമം തടസ്സപ്പെടുത്തൽ, ദേശീയ ഐക്യം ഇല്ലാതാക്കൽ തുടങ്ങിയ കുറ്റങ്ങള്‍ തീവ്രവാദ വിരുദ്ധ നിയമത്തിന്റെ പരിധിയിൽ വരും. ഇവ ഉപയോഗിച്ച് വ്യക്തികളെ തടങ്കലില്‍ വെയ്ക്കാനുള്ള അധികാരം അവര്‍ക്കുണ്ട്. തടങ്കലില്‍ വെച്ചിരുന്ന സമയത്ത് തളര്‍ച്ചയുണ്ടാക്കുന്ന മരുന്നുകള്‍ നല്‍കിയതിന് ശേഷമാണ് ചോദ്യം ചെയ്യലിന് വിധേയക്കിയതെന്നും തടവിലായിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഷെഹാബ് സൗദി കോടതിയില്‍ പറഞ്ഞിരുന്നു.

ഇപ്പോൾ നടപടി നേരിട്ട ഖഹ്താനിക്ക് സ്വന്തം പേരില്‍ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടില്ല. ട്വിറ്ററില്‍ ആക്ഷേപഹാസ്യപരമോ വിമര്‍ശനാത്മകമോ ആയ ഉള്ളടക്കം പോസ്റ്റുചെയ്യാന്‍ മറ്റ് പേരുകളിൽ അക്കൗണ്ട് ഉപയോഗിച്ചതായി കണ്ടെത്തിയവരും അറസ്റ്റിനും തടങ്കലിനും വിധേയരായിട്ടുണ്ട്. അത്തരത്തിലുള്ള കേസാണോ ഖഹ്താനിയുടേതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിനെതിരെ ആഗോളതലത്തിൽ മനുഷ്യാവകാശ പ്രവർത്തകരുടെ പ്രതിഷേധം ഉയരുകയാണ് . എന്നാൽ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ സൗദി സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

logo
The Fourth
www.thefourthnews.in