സൽ‍മ അൽ ഷെഹാബ്
സൽ‍മ അൽ ഷെഹാബ് Google

ട്വിറ്ററില്‍ സൗദി വിമതരെ ഫോളോ ചെയ്തു, റീട്വീറ്റ് ചെയ്തു; യുവതിക്ക് 34 വര്‍ഷം തടവ്

ബ്രിട്ടണിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ സല്‍മ അല്‍ ഷെഹാബിനെ അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു അറസ്റ്റ് ചെയ്തത്.
Published on

സോഷ്യല്‍ മീഡിയയില്‍ സൗദി ഭരണകൂടത്തിന് എതിരായ നിലപാടുകള്‍ സ്വീകരിച്ച ഗവേഷക വിദ്യാര്‍ത്ഥിക്ക് 34 വര്‍ഷം തടവ്. കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ സല്‍മ അല്‍ ഷെഹാബ് എന്ന 34 കാരിക്കാണ് ശിക്ഷ. ട്വിറ്ററില്‍ സര്‍ക്കാറിനെ വിമര്‍ശിക്കുന്ന അക്കൗണ്ടുകള്‍ ഫോളോ ചെയ്യുകയും, വിമത നിലപാടുകള്‍ പറയുന്ന ട്വീറ്റുകള്‍ റീ ട്വീറ്റ് ചെയ്യുകയും ചെയ്തു എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് നടപടി. ബ്രിട്ടണിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ സല്‍മ അല്‍ ഷെഹാബിനെ അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു അറസ്റ്റ് ചെയ്തത്. സൽ‍മ വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണ്.

സൗദിയിലെ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ചില വിമതർ പങ്കുവെച്ച പോസ്റ്റുകൾ സൽ‍മ റീ ട്വീറ്റ് ചെയ്തിരുന്നു.

സൗദിയിലെ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ചില വിമതർ പങ്കുവെച്ച പോസ്റ്റുകൾ സൽ‍മ റീ ട്വീറ്റ് ചെയ്തിരുന്നു. ഈ സംഭവത്തില്‍ 2020 ഡിസംബറിൽ യുകെയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ സൽമയെ തിരിച്ചുപോവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് മൂന്ന് വർഷത്തേക്കായിരുന്നു ആദ്യം സല്‍മയെ തടവിന് വിധിച്ചിരുന്നത്.

"പൊതു സമാധാനം തകർക്കുകയും സിവിൽ, ദേശീയ സുരക്ഷയെ അസ്ഥിരപ്പെടുത്തുകയും " ചെയ്തു എന്ന് കോടതി

സൽ‍മ വിവിധ വെബ്സൈറ്റുകൾ ഉപയോഗിച്ച് "പൊതു സമാധാനം തകർക്കുകയും സിവിൽ, ദേശീയ സുരക്ഷയെ അസ്ഥിരപ്പെടുത്തുകയും " ചെയ്തു എന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ യുവതിക്ക് മേൽ ആരോപിച്ചിട്ടുള്ള മറ്റ് കുറ്റകൃത്യങ്ങൾ കൂടി പരിഗണിക്കാൻ പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടതോടെയാണ് തിങ്കളാഴ്ച 34 വർഷത്തെ തടവ് ശിക്ഷ കോടതി വിധിച്ചത്. 34 വർഷത്തെ യാത്രാവിലക്കും സൽമയ്ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിമതരുടെ ട്വിറ്റർ അക്കൗണ്ടുകൾ പിന്തുടരുന്നതിലൂടെ പൊതുസമൂഹത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കാനും സിവിൽ, ദേശീയ സുരക്ഷയെ അസ്ഥിരപ്പെടുത്താനും ശ്രമിക്കുന്നവരെ സഹായിച്ചുവെന്നാണ് വിധി വായിച്ച് കോടതി നിരീക്ഷിച്ചത്. സൗദി സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നയാള്‍ കൂടിയാണ് സല്‍മ. ഈ വിഭാഗത്തില്‍പ്പെടുന്ന ഒരാള്‍ക്ക് ലഭിക്കുന്ന ദൈര്‍ഘ്യമായ ശിക്ഷയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിധിക്കെതിരെ ഇതിനൊടകം അന്താരാഷ്ട്ര തലത്തില്‍ ഉള്‍പ്പടെ വിമര്‍ശനങ്ങളും ഉയര്‍ന്നുകഴിഞ്ഞു. ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷനും ദി ഫ്രീഡം ഇനിഷ്യേറ്റീവും ഉൾപ്പെടെയുള്ള സംഘടനകൾ വിധിയെ ശക്തമായി അപലപിക്കുയും സൽമയെ മോചിപ്പിക്കണമെന്ന് സൗദി അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു.

ജൂലൈ 15 ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ ജിദ്ദയിൽ സന്ദർശിച്ച് ആഴ്ചകൾ മാത്രം പിന്നിടുമ്പോൾ ആണ് വിവാദ വിധി എന്നതും ശ്രദ്ധേയമാണ്. സൗദി വിമർശകനും വാഷിംഗ്‌ടൺ പോസ്റ്റ് കോളമിസ്റ്റുമായ ജമാൽ ഖഷോഗിയെ കൊലപ്പെടുത്താൻ ഉത്തരവിട്ടതുൾപ്പടെയുള്ള നിരവധി മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിക്കപ്പെടുന്ന അറബ് നേതാവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബൈഡൻ വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. ഈ സാഹചര്യത്തിൽ സൽമക്കെതിരെയുള്ള ശിക്ഷാവിധിയും ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in