ഡോളിയുടെ സ്രഷ്ടാവ്‌ ഇയാന്‍ വില്‍മുട്ട് അന്തരിച്ചു

ഡോളിയുടെ സ്രഷ്ടാവ്‌ ഇയാന്‍ വില്‍മുട്ട് അന്തരിച്ചു

പാര്‍ക്കിന്‍സൺ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്
Updated on
1 min read

ക്ലോണിങ്ങിലൂടെ ഡോളി എന്ന ചെമ്മരിയാടിനെ സൃഷ്ടിച്ച ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഇയാന്‍ വില്‍മുട്ട് അന്തരിച്ചു. 79 വയസായിരുന്നു. പാര്‍ക്കിന്‍സൺ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. എഡിന്‍ബര്‍ഗ് സര്‍വകലാശാലയാണ് ഇയാന്‍ വില്‍മുട്ടിന്റെ മരണവിവരം പുറത്തുവിട്ടത്.

1944 ല്‍ ഇംഗ്ലണ്ടിലെ ഹാംപ്ടണ്‍ ലൂസിയിലായിരുന്നു ഇയാന്‍ വില്‍മുട്ടിന്‍റെ ജനനം. നോട്ടംഗ്ഹാം സര്‍വ്വകലാശാലയില്‍ നിന്ന് ബിഎസ്സിയും കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്ന് പിഎച്ച്ഡിയും സ്വന്തമാക്കിയ ഇയാന്‍ നിരവധി അന്താരാഷ്ട്രാ അവാര്‍ഡുകള്‍ക്ക് അര്‍ഹനായിട്ടുണ്ട്. 2005-ൽ എഡിൻബർഗ് സർവകലാശാലയിലേക്ക് മാറി, 2008-ൽ നൈറ്റ്ഹുഡ് അവര്‍ഡ് നേടി. ബ്രിട്ടീഷ് ഭ്രൂണശാസ്ത്രജ്ഞനും സ്കോട്ടിഷ് സെന്‍റർ ഫോർ റീജനറേറ്റീവ് മെഡിസിൻ ചെയറുമായിരുന്ന അദ്ദേഹം 2012-ൽ സര്‍വ്വകലാശാലയില്‍ നിന്ന് വിരമിച്ചു.

1996 -ലാണ് ഇയാൻ വിൽമുട്ടിന്‍റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘം ക്ലോണിങ്ങിലൂടെ ഡോളി എന്ന ആടിനെ സൃഷ്ടിച്ചത്. സ്‌കോട്ട്‌ലാന്‍ഡിലെ കെയ്ത്ത് ക്യാംപെല്‍ അനിമല്‍ സയന്‍സസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചായിരുന്നു പരീക്ഷണം.എന്നാല്‍ ക്ലോണിങ്ങിലൂടെയുള്ള ഡോളിയുടെ ജനനം നിരവധി വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. ജൈവ ധാര്‍മ്മികതയെ നിരാകരിക്കുന്നതാണ് ഡോളിയുടെ ജനനത്തിന് പിന്നിലെ ശാസ്ത്രമെന്ന് വിമര്‍ശനം ഉയര്‍ന്നു. എന്നിരുന്നാലും പരീക്ഷണം ലോക ജനതയെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു.

സോമാറ്റിക് സെൽ ന്യൂക്ലിയർ ട്രാൻസ്ഫർ (SCNT) എന്ന പ്രക്രിയ ഉപയോഗിച്ച് മുതിർന്ന കോശത്തിൽ നിന്ന് ക്ലോൺ ചെയ്താണ് ഡോളി എന്ന ആദ്യത്തെ സസ്തനിയെ സൃഷ്ടിച്ചത്. വർഷങ്ങൾക്കുമുമ്പ് ചത്ത് പോയ ആടിന്‍റെ ശീതീകരിച്ച അകിട് കോശത്തിൽ നിന്ന് അതിന്‍റെ ഡിഎൻഎ നീക്കം ചെയ്ത് പകരം ഡിഎൻഎ സംയോജിപ്പിച്ചാണ് ഡോളിയുടെ സൃഷ്ടി പൂര്‍ത്തിയാക്കിയത്.

logo
The Fourth
www.thefourthnews.in