'രാഷ്ട്രീയം ക്രൂരമാണ്'; രാജി പ്രഖ്യാപിച്ച് സ്കോട്ടിഷ് പ്രധാനമന്ത്രി നിക്കോള സ്റ്റർജൻ

'രാഷ്ട്രീയം ക്രൂരമാണ്'; രാജി പ്രഖ്യാപിച്ച് സ്കോട്ടിഷ് പ്രധാനമന്ത്രി നിക്കോള സ്റ്റർജൻ

നിക്കോള സ്റ്റർജന്റെ അപ്രതീക്ഷിത രാജിയെത്തുടർന്ന് സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ (എസ്എൻപി) പുതിയ നേതാവിനായുള്ള നീക്കങ്ങൾ ആരംഭിച്ചു.
Updated on
1 min read

സ്‌കോട്ട്‌ലന്റ് ഫസ്റ്റ് മിനിസ്റ്റര്‍ (പ്രധാനമന്ത്രി) നിക്കോള സ്റ്റര്‍ജന്‍ രാജി പ്രഖ്യാപിച്ചു. എട്ട് വര്‍ഷത്തോളം തുടര്‍ച്ചയായി സര്‍ക്കാരിനെ നയിച്ച ശേഷമാണ് നിക്കോള സ്റ്റര്‍ജന്റെ രാജി തീരുമാനം. 'രാഷ്ട്രീയം ക്രൂരമാണെന്ന്' പ്രഖ്യാപിച്ചായിരുന്നു സ്റ്റർജന്റെ രാജി. സ്വാതന്ത്ര്യത്തിനും ട്രാൻസ്‌ജെൻഡർ അവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടങ്ങൾക്കൊടുവിലാണ് ഭരണത്തിൽ നിന്നും സ്റ്റർജൻ പടിയിറങ്ങുന്നത്. 2014 ൽ അധികാരമേറ്റപ്പോൾ സ്‌കോട്ട്‌ലൻഡിനെ നയിച്ച ആദ്യ വനിതയായിരുന്നു സ്റ്റർജൻ.

അതേസമയം, എസ്‌എൻ‌പി ഒരു പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ താൻ ഒന്നാം മന്ത്രിയായി തുടരുമെന്നും 2026-ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് വരെ സ്കോട്ടിഷ് പാർലമെന്റിൽ അംഗമായി തുടരുമെന്നും അവർ പറഞ്ഞു. രാജി പെട്ടെന്നുണ്ടായ തീരുമാനമെല്ലെന്നും വളരെയധികം ആലോചിച്ച് എടുത്ത തീരുമാനമാണെന്നും അവർ വ്യക്തമാക്കി. തന്റെ പിൻഗാമി, ആരായാലും, സ്‌കോട്ട്‌ലൻഡിനെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അവർക്ക് പൂർണ്ണ പിന്തുണയുമായി കൂടെയുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു. രാജിക്ക് പിന്നാലെ യുകെ പ്രധാനമന്ത്രി ഋഷി സുനക് അവരുടെ ദീർഘകാല സേവനത്തെ പ്രശംസിക്കുകയും ആശംസകൾ നേരുകയും ചെയ്തു.

അർപ്പണബോധത്തോടെയും അഭിനിവേശത്തോടെയും രാജ്യത്തെ സേവിച്ച വ്യക്തിയാണ് നിക്കോള സ്റ്റർജൻ എന്നായിരുന്നു ലേബർ നേതാവ് സർ കെയർ സ്റ്റാർമറുടെ ട്വീറ്റ്. എന്നാൽ, നിക്കോള സ്റ്റർജന്റെ അപ്രതീക്ഷിത രാജിയെത്തുടർന്ന് സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ (എസ്എൻപി) പുതിയ നേതാവിനായുള്ള നീക്കങ്ങൾ ആരംഭിച്ചു. എസ്എൻപിയുടെ നിലവിലെ ഡെപ്യൂട്ടി നേതാവായ കീത്ത് ബ്രൗ‌ണിനാണ് സാധ്യത കൂടുതൽ.

എസ്എൻപിയുടെ സാമ്പത്തിക സെക്രട്ടറിയായ കേറ്റ് ഫോർബ്സും പരി​ഗണനയിലുണ്ട്. 2016-ൽ സ്കൈ, ലോച്ചാബർ, ബാഡെനോക്ക് മണ്ഡലങ്ങളിലൂടെയാണ് അവർ ആദ്യമായി ഹോളിറൂഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സ്വവർഗ വിവാഹത്തെയും ഗർഭച്ഛിദ്രത്തെയും എതിർക്കുന്ന ഇവാഞ്ചലിക്കൽ ഫ്രീ ചർച്ച് ഓഫ് സ്കോട്ട്ലൻഡിലെ അംഗവുമാണ് കേറ്റ്.

നിലവിലെ ഭരണഘടന, സംസ്‌കാരിക, വിദേശകാര്യ സെക്രട്ടറിയുമായ ആംഗസ് റോബർട്ട്‌സണാണ് പട്ടികയിൽ മൂന്നാമതുളളത്. 2007 മുതൽ 2017 വരെ 10 വർഷം വെസ്റ്റ്മിൻസ്റ്ററിലെ എസ്എൻപിയുടെ നേതാവായിരുന്നു അദ്ദേഹം. 53 കാരനായ റോബർട്ട്‌സണെ 2016 ൽ പാർട്ടി അംഗങ്ങൾ എസ്‌എൻ‌പിയുടെ ഡെപ്യൂട്ടി ലീഡറായി തിരഞ്ഞെടുത്തു, രണ്ട് വർഷത്തേക്ക് ആ പദവിയിൽ തുടർന്നു. 2021 ൽ എഡിൻബർഗ് സെൻട്രലിലെ എംഎസ്പിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പട്ടികയിൽ അവസാനം ഇടം പിടിച്ചിട്ടുളളത് ഹംസ യൂസഫാണ്. 2021 മുതൽ ആരോഗ്യ-സാമൂഹിക പരിപാലന സെക്രട്ടറിയാണ്. സ്കോട്ടിഷ് സർക്കാരിലെ വെള്ളക്കാരല്ലാത്ത ആദ്യ മുസ്ലീം കാബിനറ്റ് മന്ത്രിയാണ് യൂസഫ്.

logo
The Fourth
www.thefourthnews.in