ഫ്രാൻസിൽ തീവ്രവലതുപക്ഷം അധികാരത്തിലേറുമോ? നിർണായക തിരഞ്ഞെടുപ്പിൽ ഫ്രഞ്ച് ജനത ഇന്ന് പോളിങ് ബൂത്തിലേക്ക്
ഫ്രാൻസിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും നിർണായകമായ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. രണ്ടാം ലോക യുദ്ധത്തിന് ശേഷം തീവ്രവലതുപക്ഷം ഫ്രാൻസിൽ അധികാരത്തിലേറാൻ സാധ്യതയുള്ള തിരഞ്ഞെടുപ്പാണിത്. ഇന്ത്യൻ സമയം, 11.30ന് വോട്ടെടുപ്പ് ആരംഭിക്കും.
മറീൻ ലി പെന്നിന്റെയും ജോർദാൻ ബാർഡല്ലയുടേയും നേതൃത്വത്തിലുള്ള നാഷണൽ റാലി കഴിഞ്ഞ ഞായറാഴ്ച നടന്ന ആദ്യ റൗണ്ടിൽ 33 ശതമാനം നേടി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ജൂണിൽ യൂറോപ്യൻ പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷം വലിയ നേട്ടമുണ്ടാക്കിയതിന് പിന്നാലെയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സർക്കാർ പിരിച്ചുവിട്ട് അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. രണ്ടാം ഘട്ടത്തിൽ തീവ്രവലതുപക്ഷത്തെ നേരിടാൻ 200-ലധികം സ്ഥാനാർഥികൾ മത്സര രംഗത്തുനിന്ന് പിന്മാറിയിരുന്നു. ഇതോടെ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളിൽ പ്രവചിക്കപ്പെട്ടിരുന്ന ലി പെന്നിന്റെ പാർട്ടിയുടെ മുന്നേറ്റത്തിന് ഒരുപരിധി വരെ തടയിടാൻ സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുറത്തുവന്ന പ്രീ-പോൾ സർവേ പ്രകാരം, 577 അംഗ ഫ്രഞ്ച് അധോസഭയിൽ 210 വരെ സീറ്റുകൾ നാഷണൽ റാലിക്ക് പ്രവചിക്കപ്പെടുന്നു. ത്രികോണ മത്സരങ്ങൾ നടക്കുന്ന പല മണ്ഡലങ്ങളിലും ഇടതുപക്ഷവും മാക്രോണിന്റെ റിനൈസൻസ് പാർട്ടി സ്ഥാനാർഥികളും പിൻവലിച്ചതോടെയാണ് നാഷണൽ റാലിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന അവസ്ഥ വന്നത്. എന്നാൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ഇല്ലാതെ വരുന്നതോടെ, രാഷ്ട്രീയ അസ്ഥിരതയിലേക്ക് ഫ്രാൻസ് മാറുമെന്നും കരുതപ്പെടുന്നു.
തീവ്ര വലതുപക്ഷത്തെ അധികാരത്തിലെത്തുന്നതിൽനിന്ന് തടയാനുള്ള നാഷണൽ റാലി വിരുദ്ധ സഖ്യങ്ങളുടെ ആഹ്വാനം വോട്ടർമാർ പിന്തുടരുമോ അതോ തീവ്ര വലതുപക്ഷ മത്സരാർഥികളെ പിന്തുണയ്ക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഫ്രാൻസിന്റെ ഭാവി. ആദ്യഘട്ട വോട്ടെടുപ്പിൽ നാഷണൽ റാലിക്ക് 33 ശതമാനവും രണ്ടാമതെത്തിയ ഇടതുപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ന്യൂ പോപ്പുലർ ഫ്രണ്ടിന് 28 ശതമാനവും മാക്രോണിന്റെ മധ്യപക്ഷ പാർട്ടിക്ക് 20 ശതമാനവും വോട്ടായിരുന്നു ലഭിച്ചത്.
നാഷണൽ റാലിക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്ത അവസ്ഥയുണ്ടായാൽ, ഫ്രഞ്ച് രാഷ്ട്രീയത്തിൽ അത്ര പരിചിതമല്ലാത്ത രാഷ്ട്രീയ അസ്ഥിരതയിലേക്ക് നീങ്ങാനാണ് സാധ്യത. വിവിധ സഖ്യങ്ങൾ തമ്മിലുള്ള നയപരമായ വ്യത്യാസങ്ങൾ കണക്കിലെടുക്കുമ്പോൾ ഒരു കൂട്ടുകക്ഷി സർക്കാർ എന്നതും വളരെ ബുദ്ധിമുട്ടേറിയ പ്രക്രിയ ആയിരിക്കും. മറീൻ ലി പെന്നിന്റെ പാർട്ടി അധികാരത്തിലേറുന്നതോടെ ഭയത്തോടെയാണ് രാജ്യത്തെ ന്യൂനപക്ഷങ്ങൾ നോക്കികാണുന്നത്.
കുടിയേറ്റം, ദേശീയത ഉൾപ്പെടെയുള്ള വിഷയങ്ങളില്‍ തീവ്രനിലപാടുള്ള നാഷണൽ റാലി, അധികാരത്തിലേറിയാൽ പൗരത്വം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കടുത്ത നിലപാടാകും സ്വീകരിക്കുക. പ്രതിരോധം ഉൾപ്പെടെയുള്ള മേഖലകളിൽനിന്ന് ഇരട്ടപൗരത്വമുള്ളവരെ ഒഴിവാക്കുക, ജന്മാവകാശ പൗരത്വം എടുത്തുമാറ്റുക തുടങ്ങി നിരവധി വിഷയങ്ങളായിരുന്നു തീവ്രവലതുപക്ഷ പാർട്ടി അവരുടെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരുന്നത്.