വിദ്യാർഥിനികള്‍ക്ക് വിഷബാധയേൽക്കുന്നത് തുടർക്കഥ; ഇറാനിൽ  പെൺകുട്ടികളുടെ സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള ശ്രമമെന്ന് പരാതി

വിദ്യാർഥിനികള്‍ക്ക് വിഷബാധയേൽക്കുന്നത് തുടർക്കഥ; ഇറാനിൽ പെൺകുട്ടികളുടെ സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള ശ്രമമെന്ന് പരാതി

ചൊവ്വാഴ്ച ഉച്ചയോടെയാണ് ടെഹ്‌റാൻ പ്രവിശ്യയിലെ പാർഡിസ് നഗരത്തിലെ ഖയ്യാം ഗേൾസ് സ്‌കൂളിൽ നിരവധി വിദ്യാർഥികള്‍ക്ക് വിഷബാധയേറ്റത്
Updated on
1 min read

ഇറാനിൽ ദുരൂഹമായ സാഹചര്യത്തിൽ വീണ്ടും വിഷബാധയേറ്റ് സ്കൂൾ വിദ്യാർഥിനികള്‍ ആശുപത്രിയിൽ. കഴിഞ്ഞ മൂന്ന് മാസങ്ങളിലായി നൂറുക്കണക്കിന് കുട്ടികളെയാണ് സമാന ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. കൂടുതലും ക്വോം, ബോറുജെർഡ് നഗരങ്ങളിലാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. പെൺകുട്ടികളുടെ സ്‌കൂളുകൾ അടച്ചുപൂട്ടാനുള്ള ബോധപൂർവമായ ശ്രമമാണ് പിന്നിലെന്ന് സംശയിക്കുന്നതായി ഇറാന്റെ ആരോഗ്യ ഉപമന്ത്രി യൂനസ് പനാഹി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിനുപിന്നാലെയാണ് വീണ്ടുമൊരു കേസ് റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് കഴിഞ്ഞയാഴ്ച ഇറാൻ പ്രോസിക്യൂട്ടർ ജനറൽ മുഹമ്മദ് ജാഫർ മൊണ്ടസെരി ഉത്തരവിട്ടിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് ടെഹ്‌റാൻ പ്രവിശ്യയിലെ പാർഡിസ് നഗരത്തിലെ ഖയ്യാം ഗേൾസ് സ്‌കൂളിൽ നിരവധി വിദ്യാർഥികള്‍ക്ക് വിഷബാധയേറ്റത്. 35 ഓളം കുട്ടികളെ ആശുപ്രതിയിലേക്ക് മാറ്റിയതായി പ്രാദേശിക വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച, ബോറുജെർഡിലെ ഒരു ഗേൾസ് സ്കൂളിലെ വിദ്യാർഥികളെ സമാനമായ സംഭവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടക്കുന്ന നാലാമത്തെ സംഭവമാണിത്. സംശയാസ്പദമായ ആക്രമണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇറാൻ പാർലമെന്റ് ആരോഗ്യമന്ത്രി ബഹ്‌റാം ഐനോല്ലാഹിയുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച യോഗം ചേർന്നിരുന്നു. ക്വോമിലും ബോറുജെർഡിലും വിദ്യാർഥികൾക്ക് വിഷബാധയേറ്റതാണെന്ന് ഔദ്യോഗിക സ്ഥിരീകരണവും ലഭിച്ചതായി വാർത്ത ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.

വിഷബാധയുടെ ലക്ഷണങ്ങളുള്ള 15 സ്‌കൂൾ വിദ്യാർഥിനികളെ കഴിഞ്ഞ ആഴ്‌ച ക്വോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുണ്ട്. അതേസമയം, 82 വിദ്യാർഥികളെ കാർബൺ മോണോക്സൈഡ് വിഷബാധയേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പടിഞ്ഞാറൻ ഇറാനിലെ ബോറുജെർഡ് ഗവർണറും അറിയിച്ചു. സംഭവങ്ങളെല്ലാം പെൺകുട്ടികൾ പഠിക്കുന്ന സ്‌കൂളിലാണ് നടന്നത്. കഴിഞ്ഞ നവംബറിലാണ് ക്വോമിൽ ആദ്യമായി വിദ്യാർഥികള്‍ക്ക് വിഷബാധയേറ്റെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ക്വോമിൽ നിന്നുള്ള പാർലമെന്റ് അംഗം അഹ്മദ് അമീരി ഫറാഹാനി, സ്കൂൾ വിദ്യാർഥിനികൾക്ക് നേരെയുണ്ടായ ആക്രമണത്തെ "യുക്തിരഹിതമായ പ്രവൃത്തി" എന്ന് വിശേഷിപ്പിച്ചു. നഗരത്തിലെ ആളുകൾ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

മുൻ ഇറാനിയൻ വൈസ് പ്രസിഡന്റ് മസൂമേ എബ്‌ടേക്കർ പെൺകുട്ടികളെ വിഷം കൊടുത്ത് കൊല്ലുന്ന കുറ്റകൃത്യം ആവർത്തിക്കുന്നതിൽ ഖേദം പ്രകടിപ്പിച്ചു. കൂടാതെ സ്ത്രീവിരുദ്ധ മതഭ്രാന്തന്മാരെ എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെടുന്നെന്നും പറഞ്ഞു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ എതിർക്കുന്ന അഫ്നിഗാസ്ഥാനിലെ താലിബാനോടും സഹേലിലെ ബോക്കോ ഹറാമിനോടുമാണ് ഇറാനിലെ സഭാവവികാസങ്ങളെ സാമൂഹിക പ്രവർത്തകർ താരതമ്യപ്പെടുത്തുന്നത്.

logo
The Fourth
www.thefourthnews.in