വടക്കന്‍ ഇസ്രയേലിലേക്ക് ഹിസ്ബുള്ളയുടെ റോക്കറ്റ് വര്‍ഷം; ഏഴു പേര്‍ കൊല്ലപ്പെട്ടു

വടക്കന്‍ ഇസ്രയേലിലേക്ക് ഹിസ്ബുള്ളയുടെ റോക്കറ്റ് വര്‍ഷം; ഏഴു പേര്‍ കൊല്ലപ്പെട്ടു

ഇരുനൂറിലേറെ റോക്കറ്റുകളാണ് വടക്കന്‍ ഇസ്രയേലിലെ ജനവാസ മേഖലയെ ലക്ഷ്യമിട്ട് ഹിസ്ബുള്ള തൊടുത്തത്
Updated on
1 min read

ലബനനില്‍ നിന്ന് വടക്കന്‍ ഇസ്രയേല്‍ ലക്ഷ്യമിട്ട് ഹിസ്ബുള്ള നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ നാല് വിദേശി തൊഴിലാളികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടു. ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം ആരംഭിച്ച ശേഷം ഇസ്രയേലിനെതിരേ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. സംഘര്‍ഷം മൂര്‍ച്ഛിച്ച മേഖലയില്‍ വരുന്ന ദിവസങ്ങളില്‍ വെടിനിര്‍ത്തല്‍ ധാരണയില്‍ ഒപ്പുവച്ചേക്കുമെന്ന ലബനന്‍ പ്രധാനമന്ത്രി നജീബ് മികാട്ടിയുടെ പ്രസ്താവനയ്ക്കു തൊട്ടുപിന്നാലെയാണ് ആക്രമണമെന്നതും ശ്രദ്ധേയമാണ്.

ഇന്നലെ അര്‍ധരാത്രിയോടെയാണ് ഹിസ്ബുള്ളയുടെ ആക്രമണം ആരംഭിച്ചത്. രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് ഒരേസമയം ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ തൊടുക്കുകയായിരുന്നു. ഇരുനൂറിലേറെ റോക്കറ്റുകളാണ് വടക്കന്‍ ഇസ്രയേലിലെ ജനവാസ മേഖലയെ ലക്ഷ്യമിട്ട് ഹിസ്ബുള്ള തൊടുത്തത്. ലബനന്‍-വടക്കന്‍ ഇസ്രയേല്‍ അതിര്‍ത്തി നഗരമായ മെറ്റിയൂലയിലെ ജനവാസ മേഖലകളായിരുന്നു ഹിസ്ബുള്ളയുടെ ലക്ഷ്യം.

ആക്രമണത്തില്‍ ഒരു സ്ത്രീ ഉള്‍പ്പടെ മൂന്ന് ഇസ്രയേലികളും നാല് വിദേശ തൊഴിലാളികളും കൊല്ലപ്പെട്ടതായി ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് അറിയിച്ചു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഇവരെ ഹെലികോപ്റ്റില്‍ ഹൈഫ നഗരത്തിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജനവാസമേഖലയ്ക്കു നേര്‍ക്കു നടത്തിയ ആക്രമണത്തിന് ഹിസ്ബുള്ള കനത്ത വിലനല്‍കേണ്ടി വരുമെന്നും തിരിച്ചടി രൂക്ഷമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അതേസമയം മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് നടക്കുന്ന സമാധാനശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് ഹിസ്ബുള്ളയുടെ കടന്നാക്രമണമെന്നും ഇസ്രയേലിന് നേര്‍ക്ക് നടത്തുന്ന ഒരു നീക്കവും തിരിച്ചടിയില്ലാതെ പോകില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. റോക്കറ്റ് ആക്രമണത്തിനു പിന്നാലെ യുഎസ് നയതന്ത്ര പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

logo
The Fourth
www.thefourthnews.in