പാകിസ്താനില്‍ തോക്കുധാരികള്‍ സ്‌കൂളില്‍ അതിക്രമിച്ച് കയറി; ഏഴ് അധ്യാപകരെ വെടിവച്ചുകൊന്നു

പാകിസ്താനില്‍ തോക്കുധാരികള്‍ സ്‌കൂളില്‍ അതിക്രമിച്ച് കയറി; ഏഴ് അധ്യാപകരെ വെടിവച്ചുകൊന്നു

കൊല്ലപ്പെട്ടവരെല്ലാം ഷിയാ വിഭാഗത്തില്‍പ്പെട്ടവര്‍
Updated on
1 min read

പാകിസ്താനിലെ സ്‌കൂളില്‍ തോക്കുധാരികളായ അക്രമികള്‍ സ്‌കൂളില്‍ അതിക്രമിച്ചു കയറി വെടിയുതിര്‍ത്തു. ആക്രമണത്തില്‍ ഏഴ് അധ്യാപകര്‍ കൊല്ലപ്പട്ടു. ചില സ്കൂള്‍ ജീവനക്കാര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. അഫ്ഗാനിസ്ഥാനോട് അതിര്‍ത്തി പങ്കിടുന്ന പാകിസ്താന്റെ ഖുറാം മേഖലയിലാണ് ആക്രമണമുണ്ടായത്. അക്രമികള്‍ സ്റ്റാഫ് റൂമില്‍ കയറിയാണ് വെടിയുതിര്‍ത്തത്. പരീക്ഷ നടക്കുന്ന സമയമായതിനാല്‍ അധ്യാപകരെല്ലാം സ്കൂളിലുണ്ടായിരുന്നു.

കൊല്ലപ്പെട്ടവരെല്ലാം ഷിയാ വിഭാഗത്തില്‍പ്പെട്ടവരാണ്. ഷിയാ വിഭാഗത്തെ ലക്ഷ്യമിട്ട് പ്രദേശത്ത് അക്രമങ്ങള്‍ തുടര്‍ച്ചയായി സംഭവിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഖുറാം മേഖലയില്‍ ഭൂരിഭാഗവും ഷിയാ ഗോത്ര വിഭാഗത്തില്‍പ്പെട്ടവരാണ്. ഷിയ - സുന്നി വിഭാഗീയത മേഖലയില്‍ ശക്തമാണ്. ഇതേ സ്‌കൂളിലെ സുന്നി മുസ്ലിം വിഭാഗത്തില്‍പ്പെട്ട അധ്യാപിക കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതായി പോലീസ് വ്യക്തമാക്കുന്നു. റോഡില്‍ വച്ചാണ് അധ്യാപകയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഇതിന് പ്രതികാരമായാണോ ഷിയ വിഭാഗത്തിലുള്ള അധ്യാപകരെ വെടിവച്ച് കൊന്നതെന്നും സംശയിക്കുന്നുണ്ട്. എന്നാല്‍ അതിനുള്ള സാധ്യത പോലീസ് നിഷേധിച്ചു. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ആക്രമണമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ മേഖലയില്‍ പോലീസ് സുരക്ഷ ശക്തമാക്കി. പരീക്ഷകളെല്ലാം മാറ്റിവച്ചു.

സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അന്വേഷണം ഊര്‍ജിതമാക്കാന്‍ ഉത്തരവിട്ടു. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയും ആക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പാകിസ്താന്‍ പ്രസിഡന്റ് ആരിഫ് അല്‍വിയും ആക്രമണത്തെ അപലപിച്ചു, അറിവിന്റെ ശത്രുക്കളാണ് അധ്യാപകരെ ആക്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in