'ഞങ്ങളെ മാറ്റിപ്പാർപ്പിക്കുകയല്ല, ആളുകളെ മര്യാദ പഠിപ്പിക്കുകയാണ് വേണ്ടത്'; ആംസ്റ്റർഡാമില്‍ ലൈംഗിക തൊഴിലാളികൾ സമരത്തിൽ

'ഞങ്ങളെ മാറ്റിപ്പാർപ്പിക്കുകയല്ല, ആളുകളെ മര്യാദ പഠിപ്പിക്കുകയാണ് വേണ്ടത്'; ആംസ്റ്റർഡാമില്‍ ലൈംഗിക തൊഴിലാളികൾ സമരത്തിൽ

നഗരത്തെ താമസയോഗ്യമാക്കുന്നതിനാണ് പുതിയ പാക്കേജ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അധികൃതരുടെ വാദം
Updated on
2 min read

നെതർലൻഡ്‌സ് തലസ്ഥാനമായ ആംസ്റ്റർഡാമിൽ നടപ്പിലാക്കുന്ന പുതിയ നിയമങ്ങൾ ജീവനോപാധിയെ പ്രതികൂലമായി ബാധിക്കുന്നുവെന്നാരോപിച്ച് ലൈംഗിക തൊഴിലാളികൾ സമരത്തിൽ. ആംസ്റ്റർഡാമിലെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങളിൽ ഒന്നാണ് വേശ്യാലയങ്ങൾ. ഇവയില്‍ നഗര കേന്ദ്രത്തിലുള്ളവ മാറ്റി സ്ഥാപിക്കാനും പ്രവർത്തന സമയം വെട്ടിക്കുറയ്ക്കാനുമുള്ള നീക്കത്തിനുമെതിരെയാണ് എതിർപ്പുകളുയരുന്നത്. ആംസ്റ്റർഡാമിന്റെ മുഖച്ഛായതന്നെ മാറ്റാൻ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനങ്ങൾ.

എങ്ങനെ പെരുമാറണമെന്ന് ആളുകളെ പഠിപ്പിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ ഒരിക്കലുമത് മാറാൻ പോകുന്നില്ല. റെഡ് ലൈറ്റ് മേഖലയൊരു മൃഗശാലയല്ല. അവിടേക്ക് വരുന്നവരാണ് നല്ല രീതിയിൽ പെരുമാറേണ്ടത്
ലൈംഗിക തൊഴിലാളി

നഗരത്തെ താമസയോഗ്യമാക്കുന്നതിനാണ് പുതിയ പാക്കേജ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അധികൃതരുടെ വാദം. വേശ്യാലയങ്ങളും ബാറുകളും സ്ഥിതി ചെയ്യുന്ന റെഡ് ലൈറ്റ് മേഖല സന്ദർശിക്കുന്ന ആളുകളുടെ മോശം പെരുമാറ്റവും ഇതിലൂടെ അവസാനിപ്പിക്കാനാകുമെന്നും അധികാരികൾ അവകാശപ്പെടുന്നു. അതിനായി നഗരത്തിലെ വേശ്യാലയങ്ങളുടെ പ്രവർത്തനസമയം, മുൻപ് പുലർച്ചെ ആറ് മണി ആയിരുന്നത് മൂന്ന് മണിവരെയാക്കി വെട്ടിച്ചുരുക്കി. ലൈംഗികത്തൊഴിലാളികളെ നഗരത്തിന്റെ ഹൃദയഭാഗത്തിന് പുറത്തുള്ള പ്രദേശത്തേക്ക് മാറ്റാനുള്ള തീരുമാനങ്ങൾക്ക് പിന്നാലെയാണ് സമയം വെട്ടിക്കുറയ്ക്കുന്ന തീരുമാനവും വന്നത്.

ലൈംഗിക തൊഴിലാളികൾ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളെ ലക്ഷ്യംവച്ചുള്ള പരിഷ്‌കാരങ്ങൾ ഈ തൊഴിൽ ചെയ്യുന്നവരോട് മോശം മനോഭാവം സൃഷ്ടിക്കാൻ കാരണമാകുമെന്ന ആശങ്കയാണ് അവര്‍ പങ്കുവയ്ക്കുന്നത്. ടൂറിസം പ്രശ്നങ്ങൾ പരിഹരിക്കാൻ തങ്ങളെ ബലിയാടാക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു.

ലൈംഗിക തൊഴിലാളികള്‍ രാത്രി 12 മണിക്ക് ശേഷം ബാറുകൾ പൂട്ടാൻ തുടങ്ങുന്നതോടെയാണ് ജോലി ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ ജോലിസമയം വെട്ടിക്കുറച്ചത് ലൈംഗികതൊഴിൽ ജീവനോപാധിയായി കൊണ്ടുപോകുന്നവരുടെ വരുമാനം ഗണ്യമായി കുറയ്ക്കുമെന്ന് ലൈംഗിക തൊഴിലാളി യുണിയനായ റെഡ് ലൈറ്റ് യുണൈറ്റഡ് ഉന്നയിക്കുന്നു. വേശ്യാലയങ്ങളിലെ വാടകയും പുലർച്ചെ തിരികെ വീട്ടിലേക്ക് സുരക്ഷിതമായി പോകാനുള്ള ടാക്സി ചെലവുകളുമൊന്നും വഹിക്കാനാത്ത സാഹചര്യമുണ്ടാകും. ലൈംഗിക തൊഴിലിൽ കൂലി പണമായി ലഭിക്കുന്നത് കൊണ്ട് പുലർച്ചെ പോകുമ്പോൾ ആക്രമിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. 266 ലൈംഗികത്തൊഴിലാളികൾ ഒപ്പിട്ട നിവേദനം പ്രതിഷേധക്കാർ ആംസ്റ്റർഡാം മേയർക്ക് കൈമാറി.

ആളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതാണ് ലക്ഷ്യമെങ്കിൽ കൂടുതൽ പൊലീസുകാരെ ഈ മേഖലകളിൽ വിന്യസിപ്പിക്കുകയും പ്രശ്നക്കാരെ മര്യാദ പഠിപ്പികുകയുമാണ് വേണ്ടതെന്ന് സമരക്കാര്‍ പറയുന്നു. “എങ്ങനെ പെരുമാറണമെന്ന് ആളുകളെ പഠിപ്പിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ ഒരിക്കലുമത് മാറാൻ പോകുന്നില്ല. റെഡ് ലൈറ്റ് മേഖലയൊരു മൃഗശാലയല്ല. അവിടേക്ക് വരുന്നവരാണ് നല്ല രീതിയിൽ പെരുമാറേണ്ടത്” - ആംസ്റ്റര്‍ഡാമിലെ ലൈംഗിക തൊഴിലാളികള്‍ പറയുന്നു.

logo
The Fourth
www.thefourthnews.in