പത്താന്‍കോട്ട് ആക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ ഷാഹിദ് ലത്തീഫ് പാകിസ്താനിൽ കൊല്ലപ്പെട്ടു; മരണം അജ്ഞാതരുടെ ആക്രമണത്തിൽ
2016ൽ പത്താന്‍കോട്ട് വ്യോമസേന കേന്ദ്രത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് തീവ്രവാദികളിൽ ഒരാളുമായ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു. പാകിസ്താനിലെ സിയാല്‍കോട്ടില്‍ പള്ളിയില്‍ വച്ച് അജ്ഞാതരുടെ വെടിയേറ്റാണ് മരണം.
2016 ജനുവരി രണ്ടിന് ആരംഭിച്ച പത്താന്‍കോട്ട് ആക്രമണത്തിന്റെ പ്രധാന സൂത്രധാരനാണ് നാൽപ്പത്തിയൊന്നുകാരനായ ഷാഹിദ് ലത്തീഫ്. നിരോധിത സംഘടനയായ ജെയ്ഷെ മുഹമ്മദ് (ജെഇഎം) നേതാവായ ഇയാളാണ് സിയാല്‍കോട്ട് ആക്രമണം ഏകോപിപ്പിച്ചതും അത് നടപ്പാക്കാന്‍ നാല് ജെയ്ഷെ ഭീകരരെ പത്താന്‍കോട്ടിലേക്ക് അയച്ചതും.
ലത്തീഫ് 1994 നവംബറില്‍ യുഎപിഎ പ്രകാരം ഇന്ത്യയില്‍ അറസ്റ്റിലായിരുന്നു. ശിക്ഷ അനുഭവിച്ച ശേഷം 2010ല്‍ വാഗ വഴി പാകിസ്താനിലേക്ക് നാടുകടത്തപ്പെട്ടു. തുടർന്ന് ജെയ്ഷെ മുഹമ്മദുമായി ബന്ധപ്പട്ട് പ്രവര്‍ത്തിക്കുകയായിരുന്നു.
1990-കളുടെ തുടക്കത്തില്‍ ജെയ്ഷെ മുഹമ്മദിന്റെ മാതൃസംഘമായ ഹര്‍കത്ത്-ഉല്‍-മുജാഹിദീന്‍ കശ്മീരില്‍ പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് പാകിസ്താന്‍ ഗുജ്റന്‍വാല സ്വദേശിയായ ലത്തീഫ് ഭീകരപ്രവര്‍ത്തനം ആരംഭിക്കുന്നത്. സോവിയറ്റ് യൂണിയനെതിരേ ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന ഹര്‍കത്ത്-ഇ-ജിഹാദി ഇസ്ലാമിയുടെ പിളര്‍പ്പ് ഗ്രൂപ്പായിരുന്നു ഹര്‍കത്ത്-ഉല്‍-മുജാഹിദീന്‍. എന്നാല്‍ കശ്മീരില്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ ഇരു വിഭാഗങ്ങളും ചേര്‍ന്ന് 1994-ല്‍ ഹര്‍കത്ത്-ഉല്‍-അന്‍സാര്‍ രൂപീകരിക്കുകയായിരുന്നു.
1993ല്‍ കശ്മീരിലെ ഹസ്രത്ബാല്‍ പള്ളി കൈയേറി ഉപരോധിച്ചപ്പോള്‍ അവിടെ തമ്പടിച്ചിരുന്ന തീവ്രവാദികളില്‍ ഒരാളായിരുന്നു ലത്തീഫ്. ചര്‍ച്ചകള്‍ക്കുശേഷം തീവ്രവാദികളെ വിട്ടയയ്ക്കാന്‍ തീരുമാനിച്ചതോടെയാണ് ഉപരോധം അവസാനിച്ചത്. തുടര്‍ന്ന് കരാറിന്റെ ഭാഗമായി ജമ്മുവിലെ ആര്‍എസ് പോര അതിര്‍ത്തിയിലൂടെ ലത്തീഫിനെ പാകിസ്ഥാനിലേക്ക് തിരിച്ചയച്ചു. അധികം വൈകാതെ ലത്തീഫിനെ ഇന്ത്യന്‍ സുരക്ഷ സേന പിടികൂടി.
എയര്‍ഇന്ത്യ വിമാനം ഹൈജാക്ക് ചെയ്ത് കാണ്ഡഹാറില്‍ എത്തിയശേഷം ഹൈജാക്കര്‍മാര്‍ ആദ്യം മോചിപ്പിക്കാന്‍ ആവശ്യപ്പെട്ട തീവ്രവാദികളുടെ പേരുകളില്‍ ലത്തീഫും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, അസ്ഹര്‍, ഒമര്‍ ഷെയ്ഖ്, കശ്മീര്‍ തീവ്രവാദി കമാന്‍ഡര്‍ മുഷ്താഖ് സര്‍ഗര്‍ എന്നിവരെ വിട്ടയയ്ക്കാനുള്ള കരാറിലെത്തുകയും ലത്തീഫിന്റെ പേര് ഒഴിവാക്കപ്പെടുകയുമായിരുന്നു.