റഷ്യൻ യുവാവിനെ കൊലപ്പെടുത്തിയ ടൈഗർ സ്രാവിനെ മമ്മിയാക്കി പ്രദർശിപ്പിക്കും

റഷ്യൻ യുവാവിനെ കൊലപ്പെടുത്തിയ ടൈഗർ സ്രാവിനെ മമ്മിയാക്കി പ്രദർശിപ്പിക്കും

ഈ മാസം ആദ്യമാണ് ഈജിപ്ഷ്യൻ ഹുർഗാഡയിൽ 23 കാരനായ വ്‌ളാഡിമിർ പോപോവിനെ സ്രാവ് ഭക്ഷിച്ചത്
Updated on
1 min read

ഈജിപ്തിൽ കടലിൽ നീന്താനിറങ്ങിയ റഷ്യന്‍ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ ടൈഗർ സ്രാവിനെ എംബാം ചെയ്ത് മമ്മിയാക്കി മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. വ്യാഴാഴ്ച ഈജിപ്തിലെ ഹുർഗദ നഗരത്തിലെ ചെങ്കടൽ റിസോർട്ടിൽ നീന്തുന്നതിനിടെയാണ് 23 കാരനായ വ്‌ളാഡിമിർ പോപോവിനെ ഭീമൻ സ്രാവ് ആക്രമിച്ചത്. യുവാവിനെ കൊലപ്പെടുത്തിയ സ്രാവിനെ പ്രദേശവാസികൾ പിന്നീട് പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു.

യുവാവിനെ സ്രാവ് ആക്രമിക്കുന്നതിനെ ദൃശ്യങ്ങൾ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സ്രാവിന്റെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ പോപോവ് കടലിലേക്ക് വീഴുന്നും, അച്ഛനോട് തന്നെ രക്ഷിക്കാന്‍ ആവശ്യപ്പെടുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. യുവാവിന്റെ ശരീരഭാഗങ്ങളിൽ ചിലത് സ്രാവിന്റെ വയറിനുള്ളിൽ നിന്നും ചിലത് കടലിൽ നിന്നും കണ്ടെടുത്തതായി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു. ബാക്കിയുള്ളവ കടലില്‍ നിന്ന് മത്സ്യ തൊഴിലാളികളും കണ്ടെടുത്തിട്ടുണ്ട്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ സയൻസസിലെയും ചെങ്കടൽ റിസർവിലെയും വിദഗ്ധർ മൃഗത്തിന്റെ എംബാമിങ് പ്രക്രിയ ആരംഭിച്ചതായാണ് റിപ്പോർട്ട്. എംബാം ചെയ്ത സ്രാവിനെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.

നേരത്തെയും ഈ പ്രദേശത്ത് ഇത്തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ അപകടങ്ങളുമായി ഈ സ്രാവിന് ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. ഏത് സാഹചര്യത്തിലാണ് സ്രാവിന് പ്രകോപനമുണ്ടായതെന്ന് അന്വേഷിച്ച് വരികയാണെന്നും ഗവേഷകര്‍ വ്യക്തമാക്കി.

സംഭവത്തില്‍ പ്രതികരണവുമായി പോപോവിന്റെ പിതാവ് യൂറിയും രംഗത്തെത്തി.

"വിശ്രമിക്കുന്നതിനായാണ് ഞങ്ങള്‍ കടല്‍ തീരത്തെത്തിയത്. അവിടെയെത്തി സെക്കന്റുകള്‍ക്കകമാണ് ഇത് സംഭവിച്ചത്. സ്രാവ് അവനെ വെള്ളത്തിനടയിലേക്ക് കൊണ്ടുപോയി. കാടിനോട് ചേര്‍ന്നുള്ള തീരങ്ങളില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും കപ്പലുകളും, വള്ളങ്ങളും ധാരാളം ഉള്ള ഇവിടെ ഇത്തരമൊരു അപകടം പതിയിരിപ്പുണ്ടെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല'' യൂറി പറഞ്ഞു.

മകന്റെ മൃതദേഹം റഷ്യയിലേക്ക് കൊണ്ടു പോകുമെന്നും അവിടെ സംസ്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in