ഇസ്രയേലില്‍ ഷിയ ഹിസ്ബുള്ള ആക്രമണം; കൊല്ലം സ്വദേശി കൊല്ലപ്പെട്ടു, രണ്ട് മലയാളികള്‍ക്ക് പരുക്ക്

ഇസ്രയേലില്‍ ഷിയ ഹിസ്ബുള്ള ആക്രമണം; കൊല്ലം സ്വദേശി കൊല്ലപ്പെട്ടു, രണ്ട് മലയാളികള്‍ക്ക് പരുക്ക്

ഇസ്രയേലുമായുള്ള ഏറ്റുമുട്ടലില്‍ ഹമാസിനെ പിന്തിണയ്ക്കുന്ന വിഭാഗമാണ് ഷിയ ഹിസ്ബുള്ള
Updated on
1 min read

ഇസ്രയേലില്‍ ലെബനനിലെ ഷിയ ഹിസ്ബുള്ള വിഭാഗം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. കൊല്ലം സ്വദേശിയായ നിബിന്‍ മാക്സ്‌വെല്ലാണ് മരിച്ചത്. മലയാളികളായ ജോസഫ് ജോർജ്, പോള്‍ മെല്‍വിന്‍ എന്നിവരുള്‍പ്പെടെ ഏഴു പേർക്ക് പരുക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.

തിങ്കളാഴ്ച രാവിലെ ഇസ്രയേലിന്റെ വടക്കന്‍ അതിർത്തി പ്രദേശമായ മാർഗലിയോട്ടിലാണ് ആക്രമണമുണ്ടായത്. ഇസ്രയേലുമായുള്ള ഏറ്റുമുട്ടലില്‍ ഹമാസിനെ പിന്തുണയ്ക്കുന്ന വിഭാഗമാണ് ഷിയ ഹിസ്ബുള്ള.

സിവ് ആശുപത്രിയിലാണ് നിബിന്റെ മൃതദേഹമുള്ളത്. മുഖത്തും ശരീരത്തിലും പരുക്കേറ്റ ജോസഫ് ജോർജ് പെറ്റ തിക്വയിലുള്ള ബെയിലിന്‍സണ്‍ ആശുപത്രിയിൽ ചികിത്സയിലാണ്. ശസ്ത്രക്രിയക്ക് വിധേയനായ ജോസഫ് ജോർജ് നിലവില്‍ നിരീക്ഷണത്തിലാണ്. ജോസഫ് കുടുംബാംഗങ്ങളുമായി സംസാരിച്ചതായും ഉദ്യോഗസ്ഥർ പിടിഐയോട് പറഞ്ഞു. ഗുരുതരമായ പരുക്കുകളില്ലാത്ത മെല്‍വിന്‍ സിവ് ആശുപത്രിയിലാണ്. ഇടുക്കി സ്വദേശിയാണ് മെല്‍വിന്‍.

ഇസ്രയേലില്‍ ഷിയ ഹിസ്ബുള്ള ആക്രമണം; കൊല്ലം സ്വദേശി കൊല്ലപ്പെട്ടു, രണ്ട് മലയാളികള്‍ക്ക് പരുക്ക്
'മതി, നിര്‍ത്തൂ..'; ഗാസയിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മാര്‍പാപ്പ

ഷിയ ഹിസ്ബുള്ള വിഭാഗത്തിന്റെ താവളത്തില്‍ ആക്രമണം നടത്തി തിരിച്ചടിച്ചതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) അറിയിച്ചു. ഷിയ ഹിസ്ബുള്ള അംഗങ്ങള്‍ ഒത്തുകൂടിയ ലെബനനിലെ ചിഹിനയിലും അയ്ത ആഷ് സാബിലുമാണ് ഐഡിഎഫ് ആക്രമണം നടന്നത്.

ഒക്ടോബർ ഏഴിന് ഹമാസ്-ഇസ്രയേല്‍ സംഘർഷം ആരംഭിച്ചതിന് പിന്നാലെ തന്നെ ഷിയ ഹിസ്ബുള്ള വിഭാഗം ഇസ്രയേലിന്റെ വടക്കന്‍ അതിർത്തികളില്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.

logo
The Fourth
www.thefourthnews.in