കഞ്ചാവ് കടത്ത് കേസില്‍ വീണ്ടും വധശിക്ഷ നടപ്പാക്കി സിംഗപ്പൂർ; മൂന്നാഴ്ചയ്ക്കിടെ രണ്ടാം തവണ

കഞ്ചാവ് കടത്ത് കേസില്‍ വീണ്ടും വധശിക്ഷ നടപ്പാക്കി സിംഗപ്പൂർ; മൂന്നാഴ്ചയ്ക്കിടെ രണ്ടാം തവണ

വധശിക്ഷയ്ക്കെതിരെ രാജ്യാന്തര തലത്തിലക്കം പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നടപടി
Updated on
1 min read

കഞ്ചാവ് കടത്താൻ ശ്രമിച്ചതിന് വീണ്ടും വധശിക്ഷ നടപ്പാക്കി സിംഗപ്പൂർ. മൂന്നാഴ്ചക്കിടെ രണ്ടാം തവണയാണ് കഞ്ചാവ് കേസിലെ പ്രതികളെ തൂക്കിലേറ്റുന്നത്. വധശിക്ഷയ്ക്കെതിരെ രാജ്യാന്തര തലത്തിലക്കം പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നടപടി. ബുധനാഴ്ചയാണ് ശിക്ഷ നടപ്പാക്കിയത്. വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിയായ 37കാരന്റെ അപ്പീല്‍ കോടതി തള്ളിയിരുന്നു.

സിംഗപ്പൂരിലെ നിയമപ്രകാരം 500ഗ്രാമില്‍ കൂടുതല്‍ കഞ്ചാവ് കടത്തുന്നത് വധശിക്ഷ വരെ ലഭിക്കുന്ന കുറ്റമാണ്

2019ല്‍ ഏകദേശം 1.5 കിലോ കഞ്ചാവ് കടത്തിയ കേസിലാണ് വിധി. പ്രതിയെ കീഴ്ക്കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഡിഎൻഎ ഫലവും വിരലടയാളവും തെളിവാക്കി പ്രതി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. സിംഗപ്പൂരിലെ നിയമപ്രകാരം 500ഗ്രാമില്‍ കൂടുതല്‍ കഞ്ചാവ് കടത്തുന്നത് വധശിക്ഷ വരെ ലഭിക്കുന്ന കുറ്റമാണ്.

കോവിഡ് -19ന്റെ ഇടവേളയ്ക്ക് ശേഷം മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ക്ക് സിംഗപ്പൂർ കഴിഞ്ഞ വർഷം മാത്രം 11 പേരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ഒരു മലേഷ്യക്കാരനെ തൂക്കിലേറ്റിയത് അന്താരാഷ്ട്ര പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

കഴിഞ്ഞമാസം, കഞ്ചാവ് കടത്താന്‍ ശ്രമിച്ച കുറ്റത്തിന് തങ്കരാജു സപ്പിയ എന്ന 46കാരനെ തൂക്കിലേറ്റിയിരുന്നു. 2017ലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചതിന് തങ്കരാജുവിനെ പിടികൂടിയത്. വധശിക്ഷ ലഭിക്കാവുന്നതിന്റെ രണ്ടിരട്ടി (1,017 ഗ്രാം)കഞ്ചാവാണ് തങ്കരാജുവിൽ നിന്ന് അധികൃതർ പിടിച്ചെടുത്തത്. 2018ല്‍ കോടതി ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചു.

മയക്കുമരുന്നിന്റെ ഉപയോഗം വർധിച്ചുവരുന്നതിനാല്‍ പ്രതിരോധത്തിന്റെ ഭാഗമായി ഇത്തരം നിലപാട് സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നാണ് സർക്കാരിന്റെ വാദം

മയക്കുമരുന്ന് കേസില്‍ വധശിക്ഷ നൽകരുതെന്ന് ബ്രിട്ടണും യുഎൻ മനുഷ്യാവകാശ വിഭാഗവും സിംഗപ്പൂരിനോട് ആവശ്യപ്പെട്ടിരുന്നു. മയക്കുമരുന്നിനെ വധശിക്ഷയിലൂടെ പ്രതിരോധിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. വധശിക്ഷയൊഴികെ നിയമം അനുശാസിക്കുന്ന മറ്റേത് ശിക്ഷയും കുറ്റക്കാര്‍ക്ക് നല്‍കാമെന്നും ഐക്യരാഷ്ട്ര സംഘടനയടക്കം പ്രതികരിച്ചിരുന്നു. മയക്കുമരുന്നിന്റെ ഉപയോഗം സിംഗപ്പൂരില്‍ വര്‍ധിച്ചുവരികയാണെന്നും ആ സാഹചര്യം നിലനില്‍ക്കെ, പ്രതിരോധത്തിന്റെ ഭാഗമായി ഇത്തരം നിലപാട് സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നുമാണ് സർക്കാരിന്റെ വാദം.

സിംഗപ്പൂരിന് പുറമെ, 2016 മുതൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ ഇന്തോനേഷ്യ 112 പേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയതായി അടുത്തിടെ ആംനസ്റ്റി ഇന്റർനാഷണൽ വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in