പുരുഷന്മാര്‍ക്കിടയിലെ സ്വവര്‍ഗരതി നിയമവിധേയമാക്കാന്‍ സിംഗപ്പൂര്‍; സ്വവര്‍ഗ വിവാഹം നിയമവിരുദ്ധമായി തുടരും
പുരുഷന്മാര്‍ തമ്മിലുള്ള ലൈംഗികബന്ധം നിയമവിധേയമാക്കാനുള്ള സുപ്രധാന തീരുമാനവുമായി സിംഗപ്പൂര്‍. പുരുഷന്മാര്‍ക്കിടയിലെ സ്വവര്‍ഗരതി നിരോധിക്കുന്ന നിയമം റദ്ദാക്കുമെന്ന് സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലൂംഗ് അറിയിച്ചു. സിംഗപ്പൂര്‍ പീനല്‍ കോഡിലെ കൊളോണിയല്‍ കാലത്തെ വകുപ്പായ 377A ആണ് റദ്ദാക്കുന്നത്. എന്നാല്‍ സിംഗപ്പൂരില്‍ സ്വവര്‍ഗ വിവാഹം നിയമവിരുദ്ധമായി തന്നെ തുടരും.
''പുരുഷന്മാര്‍ തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം കുറ്റകരമാക്കരുത്. അതിന്റെ പേരില്‍ വിചാരണ ചെയ്യുന്നതിനോ കുറ്റം ചുമത്തുന്നതിനോ ഒരു ന്യായീകരണവുമില്ല''. ദേശീയദിന റാലിയിലെ വാര്‍ഷിക നയപ്രസംഗത്തില്‍ ലീ സിയാന്‍ ലൂംഗ് വ്യക്തമാക്കി. എല്ലാ സിംഗപ്പൂരുകാരും സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കുമെന്നാണ് വിശ്വാസം. സമകാലീന സാമൂഹികമൂല്യങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് പുതിയ തീരുമാനമെന്നാണ് വിശ്വാസമെന്നും പ്രധാനമന്ത്രി പറഞ്ഞു.
''എല്ലാ മനുഷ്യസമൂഹത്തിലേതിനും സമാനമായി നമുക്കിടയിലും സ്വവര്‍ഗാനുരാഗികളുണ്ട്. അവരും സിംഗപ്പൂരുകാര്‍ തന്നെയാണ്, നമ്മുടെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ്. സ്വന്തം ജീവിതം നയിക്കാനും സമൂഹത്തില്‍ പങ്കാളികളാകാനും അവകാശമുള്ളവരാണ്. സ്വവര്‍ഗാനുരാഗികളായ സിംഗപ്പൂരുകാര്‍ക്ക് പുതിയ തീരുമാനം കുറച്ചെങ്കിലും ആശ്വാസം നല്‍കുമെന്നാണ് പ്രതീക്ഷ'' ലീ സിയാന്‍ ലൂംഗ് വിശദീകരിച്ചു.
''ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹത്തിനാണ് സിംഗപ്പൂരില്‍ നിയമസാധുത. അതില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല.'' ആവശ്യമെങ്കില്‍ കൂടുതല്‍ നിയമനിര്‍മാണങ്ങളോടെ നിയമസാധുത ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ തീരുമാനം സുപ്രധാന നാഴികക്കല്ലാണെന്ന് സിംഗപ്പൂരിലെ LGBTQ+ കമ്മ്യൂണിറ്റി പറഞ്ഞു. രാജ്യത്ത് പുരുഷന്മാര്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തെ ദീര്‍ഘകാലമായി ആസൂത്രിതമായി ഇല്ലാതാക്കിയ സാഹചര്യമായിരുന്നു. എന്നാല്‍ വിവാഹത്തിന്റെ കാര്യത്തിലുള്‍പ്പെടെ LGBTQ+ കമ്മ്യൂണിറ്റിയെ അസമത്വമുള്ള പൗരന്മാരായി അടയാളപ്പെടുത്തുന്നത് നിരാശാജനകമാണെന്നും അവര്‍ പറഞ്ഞു.
സിംഗപ്പൂര്‍ പീനല്‍ കോഡിലെ സെക്ഷന്‍ 377A
ബ്രിട്ടീഷ് കോളനി ആയിരുന്നപ്പോള്‍ 1938ലാണ് സിംഗപ്പൂര്‍ പീനല്‍ കോഡ് സെക്ഷന്‍ 377A പ്രഖ്യാപിച്ചത്. സ്വവര്‍ഗരതി കുറ്റകരമായി കാണുന്ന നിയമനിര്‍മാണമാണിത്. ഇതുപ്രകാരം പ്രായപൂര്‍ത്തിയായ സ്വവര്‍ഗാനുരാഗികളായ പുരുഷന്മാര്‍ തമ്മില്‍ ഉഭയസമ്മത പ്രകാരമുള്ള ലൈംഗികബന്ധം രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
നിയമം പിന്‍വലിക്കണമെന്ന ആവശ്യം LGBTQ+ കമ്മ്യൂണിറ്റി നേരത്തെ മുതല്‍ മുന്നോട്ട് വയ്ക്കുന്നതാണ്. 2007-ല്‍ സിംഗപ്പൂര്‍ ഗവണ്‍മെന്റ് സമഗ്രമായ അവലോകനത്തിന് ശേഷം സെക്ഷന്‍ 377-ന്റെ ചില ഭാഗങ്ങള്‍ റദ്ദാക്കിയെങ്കിലും 377A നിലനിര്‍ത്തി. 2022 ഫെബ്രുവരിയില്‍, സിംഗപ്പൂരിലെ അപ്പീല്‍ കോടതി ഈ വകുപ്പ് നിലനില്‍ക്കുമെന്ന് വിധിച്ചു. എന്നാല്‍ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെട്ടതിന് പുരുഷന്മാരെ വിചാരണ ചെയ്യാന്‍ ഈ നിയമ പ്രകാരം സാധിക്കില്ല.
സമീപകാലത്തായി വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയകമാക്കുന്ന വിധം മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2019ല്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന ഏഷ്യയിലെ ആദ്യ മേഖലയായി തായ്‌വാന്‍ മാറി. 2022 ജൂണില്‍ സ്വവര്‍ഗ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാനും സ്വത്ത് സംയുക്തമായി കൈകാര്യം ചെയ്യാനുമുള്ള അവകാശങ്ങള്‍ തായ്‌ലന്‍ഡ് നിയമവിധേയമാക്കി.