ഇന്ത്യയില്‍ ബാലവേല, ജാതിവിവേചനം, ദാരിദ്ര്യം എന്നിവ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു; യുഎന്‍ റിപ്പോര്‍ട്ട്

ഇന്ത്യയില്‍ ബാലവേല, ജാതിവിവേചനം, ദാരിദ്ര്യം എന്നിവ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു; യുഎന്‍ റിപ്പോര്‍ട്ട്

പഠനം നടത്തിയത് ബാലവേല, സ്ത്രീകളോടുള്ള വിവേചനം, നിര്‍ബന്ധിത ശൈശവ വിവാഹം, തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍
Updated on
2 min read

ബാലവേല, ജാതിവിവേചനം, ദാരിദ്ര്യം എന്നിവ ഇന്ത്യയില്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. നിലവിലെ ഇന്ത്യന്‍ സാഹചര്യം പഠനവിധേയമാക്കുമ്പോഴാണ് ഈ പരസ്പര ബന്ധം വ്യക്തമാകുന്നതെന്ന് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രത്യേക പ്രതിനിധിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ദക്ഷിണേഷ്യയില്‍ അടിമത്തത്തിന്റെ സമകാലിക രൂപങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ദളിത് സ്ത്രീകള്‍ക്കെതിരായ വിവേചനം ഇതിന് ഉദാഹരണമാണ്. ആസൂത്രിതമായി എല്ലാ മേഖലകളിലും തിരഞ്ഞെടുപ്പുകളും സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നതാണ് അടിമത്തത്തിന്റെ സമകാലിക രൂപമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്ത് പല രാജ്യങ്ങളിലും സ്ത്രീകളെ നിര്‍ബന്ധിത വിവാഹത്തിന് പ്രേരിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രത്യേക പ്രതിനിധി മോയോ ഒബക്കോട്ടയുടെ അടിമത്തത്തിന്റെ കാരണങ്ങളും അനന്തര ഫലങ്ങളും ഉള്‍പ്പെടെ സമകാലിക വിഷയങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ഓഗസറ്റ് 17 ന് യു എന്‍ പൊതുസഭയിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍

  • ബാലവേല

ആഫ്രിക്കയിലെ സബ്‌സഹാറന്‍ മേഖലയിലാണ് ബാലവേല അതിന്റെ ഏറ്റവും രൂക്ഷമായ രൂപത്തില്‍ തുടര്‍ന്ന് പോകുന്നത്. ഈ മേഖലയില്‍ 23.9 ശതമാനം കുട്ടികളും ബാലവേലയ്ക്ക് വിധേയരാവുന്നു എന്ന ഞെട്ടിക്കുന്ന കണക്ക് പഠനം പുറത്തുവിടുന്നു. 21.6 ശതമാനമാണ് ആഫ്രിക്കയിലെ ബാലവേല നിരക്ക്. മറ്റ് വന്‍കരകളിലെ രാജ്യങ്ങളില്‍ ഇത് നാല് മുതല്‍ ആറ് ശതമാനം വരെയാണ്.

  • സ്ത്രീകളോടുള്ള വിവേചനം

ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ദളിത് സ്ത്രീകള്‍ ഇന്നും കടുത്ത വിവേചനം നേരിടുകയാണെന്ന് പഠനത്തില്‍ വ്യക്തമാകുന്നു. ബംഗ്ലാദേശിലെ ദളിതര്‍ ജാതി അടിസ്ഥാനത്തില്‍ മാത്രം ചില പ്രത്യേക ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. ശുചീകരണം, തോട്ടിപ്പണി, ശ്മശാനത്തിലെ ജോലികള്‍ തുടങ്ങിയവയെല്ലാം ദളിത് വിഭാഗങ്ങളിലെ സ്ത്രീകള്‍ മാത്രം ചെയ്യേണ്ടിവരുന്നു. ഇത്തരം കഠിനമായ തൊഴില്‍ സാഹചര്യങ്ങള്‍ സ്ത്രീകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. പാഠപുസ്തകങ്ങള്‍, മാധ്യമങ്ങള്‍ തുടങ്ങിയവ വഴി കൈമാറുന്ന യാഥാസ്ഥിതിക ചിന്തകളുടെ പങ്കുവെയ്ക്കലാണ് സമൂഹത്തിന്റെ പുരോഗമനത്തെ തടഞ്ഞ് നിര്‍ത്തുന്നതെന്നാണ് വിലയിരുത്തല്‍ .

  • നിര്‍ബന്ധിത ശൈശവ വിവാഹങ്ങള്‍

ഏഷ്യയില്‍ ഇന്ത്യ, പാകിസ്ഥാന്‍, കസാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ശ്രീലങ്ക, വിയറ്റ്‌നാം, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം പെണ്‍കുട്ടികളുടെ നിര്‍ബന്ധിത വിവാഹം ഒരു ആശങ്കയായി തുടരുകയാണ് എന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ആഗോള തലത്തില്‍ തന്നെ പാര്‍ശ്വവത്കൃത സമൂഹങ്ങള്‍ക്കിടയില്‍ ശൈശവ വിവാഹം കൂടുന്നു എന്നാണ് മറ്റൊരു പരാമര്‍ശം. തെക്ക് കിഴക്കന്‍ യൂറോപ്പിലെ റോമാ പെണ്‍കുട്ടികള്‍ക്കിടയിലെ ശൈശവ വിവാഹങ്ങളാണ് ഇവിടെ ഉദാഹരണമായി സൂചിപ്പിക്കുന്നത്.

സ്ത്രീകളുടെ സാഹചര്യത്തെ കുറിച്ചുള്ള വിലയിരുത്തലില്‍ 2014ല്‍ ഐഎസ് ഇറാഖിലെ ന്യൂനപക്ഷമായ യസീദികളിലെ 6500 സ്ത്രീകളെ ബന്ദിയാക്കിയതിനെ കുറിച്ചും പരാമര്‍ശിക്കുന്നു. ഇതില്‍ 2800 സ്ത്രീകളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

  • തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തനം

ന്യൂനപക്ഷങ്ങളുടേയും കുടിയേറ്റ തൊഴിലാളികളുടെയും അവകാശങ്ങള്‍ക്കായി വാദിക്കുന്നതില്‍ ആഗോള തലത്തില്‍ തന്നെ തൊഴിലാളി യൂണിയനുകള്‍ സുപ്രധാന പങ്കുവഹിക്കുന്നതായി മോയോ ഒബക്കോട്ടയുടെ പഠനം പറയുന്നു. ഇന്ത്യ, ചിലി, കൊളംബിയ, ഘാന, എന്നിവിടങ്ങളിലെ ട്രേഡ് യൂണിയനുകള്‍ സ്ത്രീ തൊഴിലാളികള്‍ക്ക് പിന്തുണ നല്‍കുന്നത് നല്ല സൂചനയാണ് എന്നും പഠനം വ്യക്തമാക്കുന്നു.

വിവിധതരം വിവേചനങ്ങള്‍ നേരിടുന്ന വ്യക്തികള്‍ക്ക് സമൂഹത്തില്‍ അന്തസ്സോടെ ജീവിക്കാനോ, മനുഷ്യാവകാശങ്ങള്‍ ആസ്വദിക്കാനോ സാധിക്കാറില്ല. സര്‍ക്കാരുകള്‍ ബജറ്റില്‍ മാറ്റിവയ്ക്കുന്ന വിഹിതം സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരിലേക്ക് എത്തുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതിനിടെ, പഠനത്തിലെ ചില പരാമര്‍ശങ്ങള്‍ക്ക് എതിരെ വിമര്‍ശനവും ഉയര്‍ന്ന് കഴിഞ്ഞു. പൗരന്മാരെ നിര്‍ബന്ധിതമായി തൊഴിലെടുപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ രാജ്യത്തിന്റെ പേര് പരാമര്‍ശിച്ചതിനെതിരെ ചൈന രംഗത്തെത്തി . രാജ്യത്ത് നിര്‍ബന്ധിത തൊഴില്‍ നടപ്പാക്കിയിട്ടില്ലെന്ന വിശദീകരണത്തിനൊപ്പമാണ് ചൈന വിമര്‍ശനമുന്നയിച്ചത്.

logo
The Fourth
www.thefourthnews.in