സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വെടിവെപ്പ്; ഒരാള്‍ കസ്റ്റഡിയില്‍
അസ്ലൊവാക്യയിൽ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വധശ്രമം. ഇന്ന് ഉച്ചയോടെയാണ് ഫിക്കോയ്ക്ക് നേരെ വെടിവെപ്പുണ്ടായത്. സെൻട്രൽ ടൗണായ ഹാൻഡ്‌ലോവയിൽ സർക്കാർ യോഗത്തിൽ നിന്ന് പുറത്തുപോകുന്നതിനിടെയാണ് ഫിക്കോ വെടിയേറ്റത്. നിരവധി തവണ വെടിയേറ്റതിനാൽ ഫിക്കോ ഗുരുതരാവസ്ഥയിലാണെന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക് അക്കൗണ്ടിലെ അപ്ഡേറ്റ് വ്യക്തമാക്കുന്നു. പോലീസ് സംഭവസ്ഥലം സീൽ ചെയ്യുകയും ഒരാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്.
“അദ്ദേഹത്തിന് ഒന്നിലധികം തവണ വെടിയേറ്റു. ഇപ്പോൾ ജീവന് ഭീഷണിയുള്ള അവസ്ഥയിലാണ്,” ഫിക്കോയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ പറയുന്നു. “ഇപ്പോൾ അദ്ദേഹത്തെ ഹെലികോപ്റ്ററിൽ ബൻസ്‌ക ബൈസ്ട്രിക്കയിലേക്ക് കൊണ്ടുപോകുന്നു. കാരണം ബ്രാറ്റിസ്‌ലാവയിൽ എത്താൻ വളരെയധികം സമയമെടുക്കും. അടുത്ത കുറച്ച് മണിക്കൂറുകൾക്കുള്ളിൽ തീരുമാനം ഉണ്ടാകും," സന്ദേശത്തിൽ വ്യക്തമാക്കുന്നു.
ഫിക്കോ സ്ലോവാകിയയിലെ സെൻട്രൽ ടൗണായ ഹാൻഡ്‌ലോവയിലെ ഒരു സാംസ്കാരിക കമ്മ്യൂണിറ്റി സെൻ്ററിന് മുന്നിൽ ആളുകളെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്നാണ് റിപ്പോർട്ടുകള്‍. ഫിക്കോയുടെ വയറിലും കൈയിലും കാലിലുമാണ് വെടിയേറ്റത്. വെടിയേറ്റ ഉടൻ തന്നെ ഫിക്കോയെ ഹെലികോപ്റ്ററിൽ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് ബൈസ്ട്രിക്കയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തലസ്ഥാനമായ ബ്രാറ്റിസ്ലാവയിൽ നിന്ന് ഏകദേശം 180 കിലോമീറ്റർ (112 മൈൽ) വടക്കുകിഴക്കായാണ് ഹാൻഡ്ലോവ സ്ഥിതി ചെയ്യുന്നത്. ബ്രാറ്റിസ്ലാവയിലേക്ക് പ്രധാനമന്ത്രിയെ മാറ്റുന്നതിന് കൂടുതൽ സമയമെടുക്കുമെന്നും അദ്ദേഹത്തിൻ്റെ നില ഗുരുതരമാണെന്ന് മനസിലാക്കിയതിനാൽ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തുവെന്നും അധികൃതർ പറഞ്ഞു. നിർണായകമായ യൂറോപ്യൻ പാർലമെൻ്റ് തിരഞ്ഞെടുപ്പിന് മൂന്നാഴ്ച മുമ്പാണ് വെടിവെപ്പ്.
ആക്രമണം ഭയാനകമാണെന്ന് സ്ലോവാക്യയുടെ നിയുക്ത പ്രസിഡൻറ് പീറ്റർ പെല്ലെഗ്രിനി പ്രതികരിച്ചു. "വ്യത്യസ്‌ത രാഷ്ട്രീയ അഭിപ്രായത്തോടുള്ള വിദ്വേഷം എവിടെയെത്തുമെന്നതിൽ എനിക്ക് ഭയമുണ്ട്. ഞങ്ങൾ എല്ലാ കാര്യങ്ങളോടും യോജിക്കേണ്ടതില്ല, പക്ഷേ നിങ്ങളുടെ വിയോജിപ്പ് ജനാധിപത്യപരമായും നിയമപരമായും പ്രകടിപ്പിക്കാൻ നിരവധി മാർഗങ്ങളുണ്ട്," അദ്ദേഹം പറഞ്ഞു.
പ്രസിഡൻറ് സുസാന കപുട്ടോവ പ്രധാനമന്ത്രിക്കെതിരായ ആക്രമണത്തെ അപലപിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് അടക്കമുള്ള മറ്റ് പല യൂറോപ്യൻ നേതാക്കളും ആക്രമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയിട്ടുണ്ട്.