കനത്തമഴയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; ദക്ഷിണ കൊറിയയിൽ 20 പേർ കൊല്ലപ്പെട്ടു
ദക്ഷിണ കൊറിയയില്‍ കനത്തമഴയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 20 പേര്‍ മരിച്ചു. ആയിരക്കണക്കിനാളുകളെ മാറ്റിപാര്‍പ്പിച്ചു. മൂന്ന് ദിവസത്തെ പേമാരി വന്‍ നാശനഷ്ടങ്ങളാണ് രാജ്യത്ത് ഉണ്ടാക്കിയിരിക്കുന്നത്.
വൈദ്യുതി ദിവസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളെല്ലാം താറുമാറായി. സെന്‍ട്രല്‍ നോര്‍ത്ത് ചുങ്ചിയോങ് പ്രവിശ്യയിലെ പ്രധാന അണക്കെട്ടിൽ നിന്ന് ജലം കവിഞ്ഞൊഴുകുകയാണ്. പ്രദേശത്തെ 6,400 പേരെ മാറ്റി പാര്‍പ്പിച്ചു. അണക്കെട്ടിന് സമീപമുള്ള നിരവധി താഴ്ന്ന ഗ്രാമങ്ങളും അവയെ ബന്ധിപ്പിക്കുന്ന നിരവധി റോഡുകളും വെള്ളത്തിനടിയിലായതിനാല്‍ ചില താമസക്കാര്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ സൈന്യത്തോട് പ്രധാനമന്ത്രി ഹാന്‍ ഡക്ക് നിർദേശിച്ചു. 10 പേരെ കാണാതായിട്ടുണ്ട്. രാജ്യത്തെ ദേശീയ റെയില്‍ ഓപ്പറേറ്ററായ കൊറെയില്‍ എല്ലാ സ്ലോ ട്രെയിനുകളും ചില ബുള്ളറ്റ് ട്രെയിനുകളും താത്കാലികമായി നിര്‍ത്തിവച്ചു. മറ്റ് ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെടുമെന്നും അറിയിച്ചു. വെള്ളിയാഴ്ച വൈകി, വടക്കന്‍ ചുങ്ചിയോംഗില്‍ മണ്ണിടിച്ചിലില്‍ മണ്ണും മണലും ട്രാക്കിലേക്ക് തെറിച്ചതിനെ തുടര്‍ന്ന് ഒരു ട്രെയിന്‍ പാളം തെറ്റിയിരുന്നു.