ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചെന്ന് ദക്ഷിണ കൊറിയ
ഉത്തരകൊറിയ പടിഞ്ഞാറൻ തീരത്ത് നിന്ന് കടലിലേക്ക് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചെന്ന് ദക്ഷിണ കൊറിയ. പടിഞ്ഞാറൻ തീരദേശ നഗരമായ നമ്പോയ്ക്ക് സമീപത്ത് വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെ മിസൈൽ പ്രയോഗിച്ചെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. മിസൈൽ എത്ര ദൂരം സഞ്ചരിച്ചു എന്നതിന്റെ വിവരം പുറത്തുവിട്ടിട്ടില്ല.
മിസൈല്‍ പരീക്ഷണത്തിനെതിരെ അമേരിക്ക നടപടിയെടുത്താല്‍ തിരിച്ചടിക്കുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നൽകിയിരുന്നു. ഉത്തര കൊറിയയുടെ പരീക്ഷണ മിസൈല്‍ നശിപ്പിക്കാന്‍ അമേരിക്കന്‍ സൈന്യം ശ്രമിച്ചാല്‍ അത് യുദ്ധ പ്രഖ്യാപനമായി കണക്കാക്കുമെന്നാണ് കിം ജോങ് ഉന്നിന്‌റെ സഹോദരി, കിം യോ ജോങ് പറഞ്ഞത്.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ, ഹ്രസ്വദൂര മിസൈലുകൾ, ദീർഘദൂര ക്രൂയിസ് മിസൈൽ സംവിധാനം എന്നിവയുടെ പരീക്ഷണമുൾപ്പെടെ 2022 മുതൽ 2023 വരെ ഉത്തര കൊറിയ നടത്തിയത് നിരവധി ആയുധ പരീക്ഷണങ്ങളാണ്. സാമ്പത്തിക ഇളവുകൾ ആവശ്യമായി വരുന്ന സാഹചര്യത്തിൽ ഉപയോഗപ്പെടുത്താനും ഉത്തര കൊറിയയെ ഒരു ആണവശക്തിയായി അംഗീകരിക്കാൻ അമേരിക്കയെ നിർബന്ധിതരാക്കാനുമാണ് ഈ ആയുധ മുന്നേറ്റമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ യുഎസ്-ദക്ഷിണ കൊറിയ സൈനികാഭ്യാസങ്ങളെ തുടർന്ന് പ്രതിരോധ നടപടികൾ സ്വീകരിക്കാൻ വേണ്ടിയാണ് മിസൈൽ പരീക്ഷണങ്ങളെന്നാണ് ഉത്തര കൊറിയയുടെ ന്യായീകരണം.
യുഎസും ദക്ഷിണ കൊറിയയും മാർച്ച് 13 മുതൽ കുറഞ്ഞത് 10 ദിവസമെങ്കിലും “ഫ്രീഡം ഷീൽഡ്” എന്നറിയപ്പെടുന്ന വലിയ തോതിലുള്ള സൈനികാഭ്യാസം നടത്തുമെന്ന് കഴിഞ്ഞ ആഴ്ച സൈന്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. 2018ലാണ് ഈ സൈനികാഭ്യാസം അവസാനമായി നടത്തിയത്. ദക്ഷിണ കൊറിയൻ വിമാനങ്ങൾക്കൊപ്പമുള്ള പരിശീലനത്തിനായി ബി-1ബി, ബി-52 ലോംഗ് റേഞ്ച് ബോംബറുകൾ ഉൾപ്പെടെയുള്ള യുദ്ധവിമാനങ്ങളും അമേരിക്ക അടുത്തിടെ അയച്ചിരുന്നു. ഉത്തര കൊറിയ ഇത് അധിനിവേശമായി കണക്കാക്കുകയും തുടർന്ന് പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തിരുന്നു.
യുഎസ്-ദക്ഷിണ കൊറിയ സൈനികാഭ്യാസങ്ങളെ തുടർന്ന് പ്രതിരോധ നടപടികൾ സ്വീകരിക്കാൻ വേണ്ടിയാണ് മിസൈൽ പരീക്ഷണങ്ങളെന്നാണ് ഉത്തര കൊറിയയുടെ ന്യായീകരണം
ഉത്തര കൊറിയയുമായുള്ള നയതന്ത്രം മെച്ചപ്പെടുത്താനും കോവിഡിനെതിരെ ജാഗ്രത പാലിക്കുന്നതിനുമായി 2018 മുതൽ അമേരിക്കയും ദക്ഷിണ കൊറിയയും പതിവ് സൈനികാഭ്യാസങ്ങളിൽ ചിലത് റദ്ദാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഉത്തരകൊറിയ കണക്കില്ലാതെ മിസൈലുകൾ പരീക്ഷിക്കുകയും ആണവായുധങ്ങൾ ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടർന്നാണ് വീണ്ടും പൂര്‍വസ്ഥിതിയിലായത്.