ഉഷ്ണതരംഗം; കലിഫോര്‍ണിയ അടക്കമുള്ള നഗരങ്ങള്‍ വാസയോഗ്യമല്ലാതാകുമെന്ന് റിപ്പോര്‍ട്ട്
അമേരിക്കന്‍ ഐക്യനാടുകളുടെ തെക്കന്‍ പ്രവിശ്യകള്‍ 2070-ഓടെ മനുഷ്യവാസ യോഗ്യമല്ലാതായിത്തിരുുമെന്ന് ഐക്യരാഷ്ട്ര സഭയുടെ പഠനറിപ്പോര്‍ട്ട്. മേഖലയില്‍ ഉഷ്ണതരംഗം അത്രകണ്ട് രൂക്ഷമാകുമെന്നും വരുന്ന 50 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ പ്രദേശങ്ങള്‍ മരുഭൂമി കണക്കെ ആയിത്തീരുമെന്നും 2022-ല്‍ പുറത്തു വന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി എന്‍ബിസി മിറ്റീരിയോളജിസ്റ്റായ ആന്‍ജി ലാസ്മാന്‍ പറഞ്ഞു.
2022ല്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍, അമേരിക്കയിലെ വര്‍ധിച്ച് വരുന്ന താപനില 2070 ഓടെ ജോര്‍ജിയ, അലബാമ, ലൂസിയാന, കലിഫോര്‍ണിയ എന്നിവിടങ്ങളിലെ ചില ഭാഗങ്ങള്‍ തീര്‍ത്തും ജനവാസയോഗ്യമല്ലാതാക്കുമെന്ന് സൂചന നൽകുന്നുണ്ട്. ഈ പ്രദേശങ്ങളില്‍ ഉഷ്ണതരംഗങ്ങള്‍ ഇപ്പോള്‍ തന്നെ സഹിക്കാവുന്നതിന്റെ പരമാവധി എത്തുന്നുണ്ടെന്നും വരും വര്‍ഷങ്ങളില്‍ താപനില വളരെ ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം റിപ്പോര്‍ട്ടിനെതിരേയും വാദമുഖങ്ങള്‍ ഉയരുന്നുണ്ട്. ലോകത്തെല്ലായിടത്തും ആളുകള്‍ ഇതേ രീതിയില്‍ കഠിനമായ ചൂട് അനുഭവിക്കുമ്പോള്‍ രാജ്യത്തെ ചില പ്രദേശങ്ങള്‍ മാത്രം എങ്ങനെ വാസയോഗ്യമല്ലാത്തതായി മാറും എന്നാണ് ഉയരുന്ന വാദങ്ങൾ.
എന്നാല്‍ ഉയര്‍ന്ന് വരുന്ന താപനില ലോകജനതയെ എങ്ങനെ ബാധിക്കുമെന്നതിനെകുറിച്ചും വിശദീകരിച്ചിട്ടുള്ളതായി ലാസ്മാൻ ചൂണ്ടികാട്ടി.
സഹാറ മരുഭൂമി പോലുള്ള പ്രദേശങ്ങളില്‍ മാത്രം അനുഭവപ്പെടുന്ന, ജീവന് തന്നെ അപകടകരമായേക്കാവുന്ന തരത്തിലുള്ള ചൂട് കാലാവസ്ഥ ആഗോള ജമസംഖ്യയുടെ മൂന്നില്‍ ഒരു ഭാഗം ഭാവിയിൽ അനുഭവിക്കാന്‍ തുടരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിചേർത്തു.
ഇതെല്ലാം സൂചിപ്പിക്കുന്നത് 'കാലാവസ്ഥാ പലായനത്തെ'യാണെന്നുംചൂട് പ്രദേശങ്ങളിലുള്ള ദുര്‍ബലരായ ജനങ്ങള്‍ ചൂടും വരള്‍ച്ചയും ഒഴിവാക്കുന്നതിന് വേണ്ടി പലായനം ചെയ്യുമെന്നും അവര്‍ ഒഴിഞ്ഞു പോകുന്ന സ്ഥലങ്ങള്‍ ക്രമേണ മരുഭൂമിക്കു സമമായി മാറുമെന്നും ലാസ്മാന്‍ വിശദീകരിച്ചു.