ശീതയുദ്ധം അവസാനിപ്പിച്ച നേതാവ്; സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു

ശീതയുദ്ധം അവസാനിപ്പിച്ച നേതാവ്; സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു

മോസ്‌കോയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം
Updated on
1 min read

സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് മോസ്‌കോയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 91-ാം വയസിലാണ് ഗോര്‍ബച്ചേവിന്‌റെ അന്ത്യം. ഗോര്‍ബച്ചേവിന്റെ ഭരണപരിഷ്‌കാരങ്ങളാണ് ലോകത്തിലെ ശക്തരായ കമ്മ്യൂണിസ്റ്റ് സാമ്രാജ്യത്തെ തകര്‍ച്ചയിലേക്ക് നയിച്ചത്.

റഷ്യയുടെ ഭാഗമായ പ്രിവ്‌ലോയില്‍ 1931 മാര്‍ച്ച് രണ്ടിനായിരുന്നു ഗോര്‍ബച്ചേവിന്‌റെ ജനനം. 1985 മുതല്‍ 1991 വരെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1990-91 കാലയളവില്‍ സോവിയറ്റ് യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തെത്തി. തുടര്‍ന്ന് ഭരണ - സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ സോവിയറ്റ് യൂണിയനെ ജനാധിപത്യവത്കരിക്കാന്‍ ഇടപെടലുകള്‍ നടത്തി. ഗ്ലാസ്നോസ്റ്റ്, പെരിസ്ട്രോയിക്ക തുടങ്ങിയ സാമ്പത്തിക പരിഷ്കാരങ്ങളും മറ്റും സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിലേക്ക് നയിച്ചു.

സോവിയറ്റ് യൂണിയനില്‍ ജനാധിപത്യം സ്ഥാപിച്ച് പൗരന്മാരെ സ്വതന്ത്രനാക്കിയ നേതാവെന്ന വിശേഷണമാണ് റഷ്യയ്ക്ക് പുറത്ത് ഗോര്‍ബച്ചേവിനുള്ളത്. എന്നാല്‍ സോവിയറ്റ് ശക്തിയുടെ പതനത്തിന്‌റെ കാരണക്കാരനെന്നതായിരുന്നു റഷ്യയ്ക്കകത്തെ പ്രതിച്ഛായ . ശീതയുദ്ധം രക്തച്ചൊരിച്ചിലുകളില്ലാതെ അവസാനിപ്പിക്കാന്‍ നടത്തിയ ഇടപെടലുകള്‍ 1990 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ഗോര്‍ബച്ചേവിനെ അര്‍ഹനാക്കി.

ഗോര്‍ബച്ചേവിന്‌റെ മരണത്തില്‍ റഷ്യന്‍ പ്രസിഡന്‌റ് വ്‌ളാദിമര്‍ പുടിന്‍ അനുശോചനമറിയിച്ചു. അദ്ദേഹത്തിന്‌റെ കുടുംബത്തിന് പുടിന്‍ സന്ദേശമയച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അസാധാരണമായ കാഴ്ചപ്പാടുള്ള വ്യക്തിത്വമായിരുന്നു ഗോര്‍ബച്ചേവിന്റേതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അനുസ്മരിച്ചു. ആണവായുധ മത്സരം അവസാനിപ്പിക്കാനുള്ള ഗോര്‍ബച്ചേവിന്റെ ഇടപെടലുകള്‍ ലോകജനതയ്ക്ക് ആശ്വാസകരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശീതയുദ്ധം അവസാനിപ്പിക്കാനുള്ള ഇടപെടലുകളിലൂടെ സ്വതന്ത്രമായൊരു യൂറോപ്പ് എന്ന സാധ്യതയിലേക്ക് വഴിതുറന്നയാളാണ് ഗോര്‍ബച്ചേവ് എന്ന് യൂറോപ്യന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ട്വീറ്റ് ചെയ്തു.

logo
The Fourth
www.thefourthnews.in