വേതനത്തോടു കൂടി ആർത്തവാവധി, ട്രാൻസ് വ്യക്തികളുടെ അവകാശ സംരക്ഷണം, ഗര്‍ഭച്ഛിദ്ര അനുമതി; നിയമങ്ങള്‍ പരിഷ്കരിച്ച് സ്പെയിൻ

വേതനത്തോടു കൂടി ആർത്തവാവധി, ട്രാൻസ് വ്യക്തികളുടെ അവകാശ സംരക്ഷണം, ഗര്‍ഭച്ഛിദ്ര അനുമതി; നിയമങ്ങള്‍ പരിഷ്കരിച്ച് സ്പെയിൻ

പരമ്പരാഗത കത്തോലിക്ക് രാജ്യമായ സ്പെയിനിനെ സംബന്ധിച്ചിടത്തോളം നിയമപരിഷ്കരണം ചരിത്രപരം
Updated on
1 min read

ജീവനക്കാർക്ക് വേതനത്തോട് കൂടി ആർത്തവാവധി അനുവദിക്കുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമായി സ്പെയിൻ. കൗമാരക്കാർക്ക് ഗർഭച്ഛിദ്ര അനുമതി, ട്രാൻസ് വ്യക്തികളുടെ അവകാശ സംരക്ഷണ നിയമം എന്നിവയ്ക്കും സ്പാനിഷ് പാര്‍ലമെന്റിന്റെ അംഗീകാരം. സ്പെയിനിലെ ഇടതുപക്ഷ സഖ്യ സർക്കാരിന്റെ നേതൃത്വത്തിലാണ് പുതിയ നിയമപരിഷ്കരണങ്ങള്‍ കൊണ്ടുവന്നത്. വേതനത്തോടുകൂടി അവധി അനുവദിക്കുന്നത് ആർത്തവം സംബന്ധിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ ധാരണകളെ പൊളിച്ചുകളയുക എന്ന ലക്ഷ്യത്തോടെയാണെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്തമാക്കുന്നു. പരമ്പരാഗത കത്തോലിക്ക് രാജ്യമായ സ്പെയിനിനെ സംബന്ധിച്ചിടത്തോളം വളരെ ചരിത്രപരമായ നീക്കമാണ് ഇപ്പോഴത്തേത്.

ലൈംഗിക, പ്രത്യുത്പാദന അവകാശ പാക്കേജുകളുടെ ഭാഗമായാണ് വ്യാഴാഴ്ച സ്പാനിഷ് പാർലമെന്റ് ബിൽ അംഗീകരിച്ചത്. ഇതുപ്രകാരം ഇനി സ്പെയിനിലെ കൗമാരക്കാർക്ക് രക്ഷിതാക്കളുടെ അനുമതിയില്ലാതെ തന്നെ ഗർഭച്ഛിദ്രം നടത്തുകയോ ലിംഗമാറ്റം നടത്തുകയോ ചെയ്യാം. ആര്‍ത്തവസമയത്ത് ആവശ്യമായ സാനിറ്ററി നാപ്കിനുകളോ മെന്‍സ്ട്രുവല്‍ കപ്പുകളോ ഇനി മുതല്‍ സ്കൂളുകളിലുള്‍പ്പെടെ സൗജന്യമായി വിതരണം ചെയ്യും. സർക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിൽ ഗര്‍ഭനിരോധന മരുന്നുകള്‍ സൗജന്യമായി നൽകും.

രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിലനിന്നിരുന്ന ഗര്‍ഭച്ഛിദ്ര വിലക്ക് പുതിയ നിയമത്തോടെ ഇല്ലാതായി. മതപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ ആശുപത്രികള്‍ ഇതുവരെ മാറിനിന്നിരുന്നത്. പുതിയ നിയമപ്രകാരം അനുമതി നല്‍കുമ്പോഴും, സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടർമാർക്ക് ഗര്‍ഭച്ഛിദ്രം നടത്തുന്നതില്‍ വ്യക്തിപരമായ എതിർപ്പുകളുണ്ടെങ്കിൽ മാറിനിൽക്കാവുന്നതാണ്.

16 വയസ് പൂര്‍ത്തിയായവര്‍ക്ക് സ്വന്തം തീരുമാനപ്രകാരം ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാകാം.12-13 വയസ്സിനിടയിലുള്ളവര്‍ക്ക് ജഡ്ജിയുടെ അനുമതിയോടെ മാത്രമെ ലിംഗമാറ്റം സാധ്യമാകൂ. 14 നും 16 നുമിടയിൽ പ്രായമുള്ളവർക്ക് അവരുടെ മാതാപിതാക്കളുടെയോ നിയമപരമായ രക്ഷാകർത്താക്കളുടെയോ സമ്മതം ഉണ്ടായിരിക്കണം.

logo
The Fourth
www.thefourthnews.in