ഒഴുകി നടക്കുന്ന കാറുകൾ, തകർന്ന കെട്ടിടങ്ങളും പാലങ്ങളും; സ്‌പെയിനിന്‌ 'പെയ്ന്‍', നേരിടുന്നത് മൂന്ന് പതിറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതി

ഒഴുകി നടക്കുന്ന കാറുകൾ, തകർന്ന കെട്ടിടങ്ങളും പാലങ്ങളും; സ്‌പെയിനിന്‌ 'പെയ്ന്‍', നേരിടുന്നത് മൂന്ന് പതിറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതി

വലൻസിയയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്; നിരവധിപേരെ കാണാതായി
Updated on
2 min read

ഒരു വർഷം പെയ്യേണ്ട മഴ നിര്‍ത്താതെ പെയ്തുതീർത്തത് ഒറ്റ ദിവസം കൊണ്ട്! മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴയിലും മിന്നൽ പ്രളയത്തിലും വെള്ളത്തിൽ മുങ്ങി സ്പെയിൻ. ഇതുവരെ നൂറിലേറെ മരണം റിപ്പോർട്ട് ചെയ്തു. നിരവധിപേരെ കാണാതായി.

തകർന്ന പാലങ്ങളും കെട്ടിടങ്ങളും ഒഴുകി നടക്കുന്ന വാഹനങ്ങളുമാണ് സ്പെയിനിലെ കാഴ്ച. പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായതിനാൽ രക്ഷാപ്രവർത്തനവും ദുസ്സഹമാണ്. വലൻസിയയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. വീടുകളിൽ കുടുങ്ങിക്കിടന്നവരിൽ ഭൂരിഭാഗം പേരെയും ബുധനാഴ്ച വൈകിട്ടോടെ രക്ഷപ്പെടുത്താനായിട്ടുണ്ട്. പ്രളയബാധിത മേഖലകളിൽ ആശയവിനിമയ സംവിധാനങ്ങൾ പൂർണമായും തകർന്നു. വൈദ്യുതിയും ഇതുവരെ പുനഃസ്ഥാപിക്കാനായിട്ടില്ല.

വലൻസിയ, ചിവ മേഖലകളിൽ ഒരു വർഷം പെയ്യേണ്ട മഴയാണ് എട്ട് മണിക്കൂർ കൊണ്ട് പെയ്തതെന്ന് സ്പെയിൻ കാലാവസ്ഥ ഏജൻസി റിപ്പോർട്ട് ചെയ്തു.സുനാമിക്ക് സമാനമായാണ് വെള്ളം ഇരച്ചുകയറി വന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. കിഴക്കൻ, തെക്കൻ സ്പെയിനിലും രാജ്യത്തിന്റെ മധ്യഭാഗങ്ങളിലുമാണ് മഴയും മിന്നൽ പ്രളയവും ഏറ്റവും മോശമായി ബാധിച്ചത്.

പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ദുരന്തനിവാരണ അതോറിറ്റി കൃത്യമായ മുന്നറിയിപ്പ് നൽകാതിരുന്നത് ആളുകളെ ഒഴിപ്പിക്കുന്നതിന് തിരിച്ചടിയായെന്ന് ആരോപണമുയരുന്നുണ്ട്. സുരക്ഷിതരായി ഇരിക്കാൻ ഉയർന്ന ഭാഗങ്ങളിലേക്ക് മാറാൻ പോലും പലർക്കും സാധിച്ചില്ല.

യൂറോപ്യൻ യൂണിയൻ സാറ്റലൈറ്റ് സിസ്റ്റം ഉപയോഗിച്ച് സ്പെയിനിലെ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായിട്ടുണ്ട്. 1973ലുണ്ടായ പ്രളയമാണ് ഇതിന് മുൻപ് സ്പെയിനിൽ ഇത്രത്തോളം നാശം വിതച്ചത്. അന്ന് 150 പേരാണ് കൊല്ലപ്പെട്ടത്.

logo
The Fourth
www.thefourthnews.in