കെ എം സീതി അഭിമുഖം:   ശ്രീലങ്കയ്ക്കു മുന്നില്‍ ഇനി എന്ത്?

കെ എം സീതി അഭിമുഖം: ശ്രീലങ്കയ്ക്കു മുന്നില്‍ ഇനി എന്ത്?

ശ്രീലങ്കയ്ക്കുമുന്നില്‍ അവശേഷിക്കുന്ന സാധ്യതകളെക്കുറിച്ച് എം.ജി സര്‍വകലാശാല രാജ്യാന്തര പഠന വിഭാഗം മുന്‍ മേധാവി ഡോ. കെ.എം സീതി ദി ഫോര്‍ത്തിനോട് സംസാരിക്കുന്നു.
Updated on
3 min read

പ്രതിശീര്‍ഷ വരുമാനത്തിലും മാനവ വികസന സൂചികയിലുമെല്ലാം ഇന്ത്യയേക്കാള്‍ മുന്നില്‍ നിന്നിരുന്ന ശ്രീലങ്ക ഇന്ന് സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ്. ആഭ്യന്തര സംഘര്‍ഷങ്ങളില്‍നിന്ന് വികസനത്തിന്റെ സ്വന്തം മാതൃകകള്‍ സൃഷ്ടിച്ച ദ്വീപുരാജ്യം, വിദേശകടത്തില്‍ മുങ്ങിയിരിക്കുന്നു. രാജ്യത്തെ ഇത്തരമൊരു അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടതില്‍ രജപക്സെ കുടുംബത്തിനും അവര്‍ നടത്തിയ അഴിമതിക്കുമെല്ലാം വലിയ പങ്കുണ്ട്.

കടമെടുത്തു കഴിഞ്ഞാല്‍ തിരിച്ചടയ്ക്കാന്‍ പാകത്തിനുള്ള മേഖലകളില്‍ നിക്ഷേപം നടത്തുന്നതിന് പകരം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വലിയ അഴിമതിയുമാണ് പ്രതിസന്ധികളുടെ അടിസ്ഥാനം. കടമെടുത്ത തുകയെല്ലാം ചെലവഴിക്കുകയും, പിന്നീട് അത് വീട്ടാന്‍ വീണ്ടും കടമെടുക്കുന്ന ഒരവസ്ഥയാണ് ശ്രീലങ്കയിലുണ്ടായത്. അതിനാല്‍, ഇപ്പോഴത്തെ പ്രതിസന്ധിയുടെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ രജപക്‌സെ കുടുംബത്തിനും സര്‍ക്കാരിനും കഴിയില്ല. എന്നാല്‍, നേതൃത്വവും പദവിയും രാജിവെക്കുന്നതുകൊണ്ട് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നതാണ് മറ്റൊരു വസ്തുത.

2020ലാണ് മുഴുവന്‍ കൃഷിയും ജൈവകൃഷിയാക്കി മാറ്റണമെന്ന ആശയം ശ്രീലങ്കന്‍ പ്രസിഡന്റ് മുന്നോട്ട് വയ്ക്കുന്നത്. അതിന്റെ ഭാഗമായി രാജ്യത്തേയ്ക്കുള്ള രാസവളത്തിന്റെ ഇറക്കുമതിയെല്ലാം നിരോധിച്ചു. തീരുമാനം കാര്‍ഷിക മേഖലയ്ക്ക് വലിയ തിരിച്ചടിയുണ്ടാക്കി. കമ്പോസ്റ്റ് വളങ്ങള്‍ ഉപയോഗിച്ച് കൃഷിചെയ്യണമെന്നാണ് സര്‍ക്കാര്‍ ജനങ്ങളോട് പറഞ്ഞത്. എന്നാല്‍ ഒരു വര്‍ഷം രൂപപെടുന്ന ജൈവവളം മുഴുവന്‍ ഉപയോഗിച്ചാലും ശ്രീലങ്കയിലെ കൃഷിക്കാവശ്യമുള്ള കമ്പോസ്റ്റ് ലഭിക്കില്ല.

ഈ കണക്കുകളെല്ലാം അറിഞ്ഞിട്ടും ഈ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ലോകത്ത് തേയില ഉല്‍പ്പാദിപ്പിക്കുന്നതില്‍ രണ്ടാം സ്ഥാനത്ത് ശ്രീലങ്കയായിരുന്നു. ജൈവവള പദ്ധതിയിലൂടെ കൃഷിയാകെ നശിച്ചു. 2019 ലെ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ബോബാംക്രമണവും കോവിഡും രാജ്യത്തെ ടൂറിസം മേഖലയെയും തകര്‍ന്നു. ഈ സംഭവങ്ങള്‍ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വലിയ ഇടിവുണ്ടാക്കി.

SriLanka Protests
SriLanka Protests

വീണ്ടും കടമെടുത്തതും, നാണ്യപ്പെരുപ്പവുമെല്ലാം ശ്രീലങ്കയുടെ സ്ഥിതി കൂടുതല്‍ വഷളാക്കി. ഈ സാഹചര്യത്തിലൊക്കെ ശ്രീലങ്ക വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും അധികാരികള്‍ അതൊന്നും കണക്കിലെടുത്തില്ല. ഈ സാഹചര്യത്തില്‍, ഇപ്പോഴെത്തി നില്‍ക്കുന്ന പ്രതിസന്ധിയില്‍നിന്ന് പുറത്തുകടക്കാന്‍ ശ്രീലങ്കയ്ക്കുമുന്നില്‍ അവശേഷിക്കുന്ന സാധ്യതകളെക്കുറിച്ച് എംജി സര്‍വകലാശാല രാജ്യാന്തര പഠന വിഭാഗം മുന്‍ മേധാവി ഡോ. കെഎം സീതി ദി ഫോര്‍ത്തിനോട് സംസാരിക്കുന്നു.

പരിമിതികള്‍ക്കുള്ളില്‍ ‍ നിന്ന് ചെയ്യാനാകുന്നത്

22 ദശലക്ഷം വരുന്ന ജനങ്ങളെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് എങ്ങനെ കരകയറ്റും എന്നതില്‍ അധികാരത്തിലേറുന്ന ഒരു ഭരണാധികാരിക്കും ഉത്തരമില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്ന് ഡോ. കെ.എം സീതി പറയുന്നു. രാജപക്സെ കുടുംബത്തിന്റെ ആധിപത്യമാണ് രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം എന്ന തിരിച്ചറിവാണ് ജനങ്ങളെ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങാന്‍ പ്രേരിപ്പിച്ചത്. സര്‍വ്വകക്ഷി സര്‍ക്കാര്‍ അധികാരത്തിലേറിയാലും ഈ പരിമിതികളില്‍ നിന്നുകൊണ്ട് എന്തു ചെയ്യാനാകും എന്ന വലിയ ചോദ്യം അവര്‍ക്കു മുന്നിലുണ്ട്.

ശ്രീലങ്കയുടെ ഈ പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമായും മൂന്ന് മാര്‍ഗ്ഗങ്ങളാണുള്ളത്. പ്രധാനമായി അന്താരാഷ്ട്ര നാണ്യ നിധിയെ (ഐഎംഎഫ്) സമീപിക്കുക എന്നുള്ളതാണ്. അവര്‍ മുന്നോട്ടുവയ്ക്കുന്ന മാര്‍ഗ്ഗങ്ങള്‍ പിന്തുടര്‍ന്ന് ഈ അവസ്ഥയില്‍ നിന്ന് രാജ്യത്തെ കരകയറ്റാനാണ് സര്‍വ്വകക്ഷി സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. 1991 ല്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അത് പരീക്ഷിച്ചിട്ടുള്ളതാണ്.

KMSeethi is ICSSR Senior Fellow and Director, Inter University Centre for Social Science Research and Extension, MG University
KMSeethi is ICSSR Senior Fellow and Director, Inter University Centre for Social Science Research and Extension, MG University

അയല്‍രാജ്യങ്ങളും മാനുഷിക നിലപാടുകളും

സഹായത്തിനായി അയല്‍രാജ്യങ്ങളെ സമീപിക്കുകയാണ് മറ്റൊരു മാര്‍ഗ്ഗം. ഇപ്പോള്‍ ശ്രീലങ്കയ്ക്ക് ആവശ്യം കേവല പിന്തുണയല്ല, രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ പണം കടംകൊടുത്ത് സഹായിക്കുകയാണ് വേണ്ടത്. എന്നാല്‍ ശ്രീലങ്കയുടെ ഇപ്പോഴത്തെ തിരിച്ചടവ് ശേഷി പരിശോധിക്കുമ്പോള്‍ ഒരു രാജ്യവും ഭീമമായ തുക കടം കൊടുക്കാന്‍ തയ്യാറാകില്ല. മാനുഷിക പരിഗണന മുന്‍നിര്‍ത്തിയുള്ള ഒരു ഇടപെടല്‍ മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളു.

Sri Lanka Crisis
Sri Lanka Crisis

ഐഎംഎഫ് എന്ന പ്രതീക്ഷ

കാതലായ മാറ്റങ്ങള്‍ സാമ്പത്തിക നയത്തില്‍ വരുത്തിയാല്‍ മാത്രമേ ഇനിയെങ്കിലും ഈ അരക്ഷിതാവസ്ഥയില്‍ നിന്ന് ശ്രീലങ്കയ്ക്ക് കരകയറാന്‍ സാധിക്കൂ. പ്രതിസന്ധി ഘട്ടത്തില്‍ അവര്‍ക്ക് സമീപിക്കാന്‍ കഴിയുന്ന ഒരേയൊരു സ്ഥാപനം അന്താരാഷ്ട്ര നാണ്യ നിധിയാണ്. മറ്റൊരു വാണിജ്യ സ്ഥാപനവും സഹായവാഗ്ദാനവുമായി മുന്നോട്ട് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം ഉറപ്പുവരുത്തുന്ന തരത്തിലുള്ള സാമ്പത്തിക നയങ്ങള്‍ നടപ്പാക്കാന്‍ അവര്‍ നിര്‍ബന്ധിതരാകും.

ഇന്ധന പ്രതിസന്ധിയും റഷ്യയും

എണ്ണ പ്രതിസന്ധി മറികടക്കാന്‍ പാശ്ചാത്യ രാജ്യങ്ങളുടെ എതിര്‍പ്പ് മറികടന്ന് റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയെപ്പറ്റി ആലോചിക്കാം. അക്കാര്യത്തില്‍ ഒരു പക്ഷേ ചൈനയുടെ സഹായം ശ്രീലങ്ക തേടേണ്ടി വരും. അത്തരത്തിലുള്ള ഒരു വ്യാപാര ഇടപാടുമായി ശ്രീലങ്ക ചൈനയെ സമീപിക്കുമ്പോള്‍ അത് അംഗീകരിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമോ എന്നുള്ളതും ചര്‍ച്ച ചെയ്യേണ്ടതാണ്. എന്നിരുന്നാലും താല്‍ക്കാലികമായിട്ടെങ്കിലും എണ്ണ ഇറക്കുമതിക്ക് ഒരു സാധ്യത വരുന്നത് റഷ്യയില്‍ നിന്നാണ്.

ശ്രീലങ്ക ചൈനയെ സമീപിക്കുമ്പോള്‍ അത് അംഗീകരിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമോ

പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവെച്ച് സര്‍വ്വകക്ഷി സര്‍ക്കാര്‍ അധികാരത്തിലേറിയാലും പ്രതിസന്ധികള്‍ ഒട്ടേറയാണ്. ശ്രീലങ്കയെ ഈ സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ നിന്ന് രക്ഷിക്കണമെങ്കില്‍ മറ്റു രാജ്യങ്ങളുടെ കൂട്ടായ പരിശ്രമം ആവശ്യമാണ്. ഇനി സംഭവിക്കാനിരിക്കുന്ന പട്ടിണിയും അഭയാര്‍ത്ഥി പ്രവാഹവുമെല്ലാം മറ്റു രാജ്യങ്ങളെ കൂടി ബാധിക്കുമെന്നതില്‍ സംശയമില്ലെന്നും ഡോ. കെ.എം സീതി വിലയിരുത്തുന്നു.

logo
The Fourth
www.thefourthnews.in