ചുവപ്പ് വിടാതെ ശ്രീലങ്ക, പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഇടത് മുന്നേറ്റം
പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച നാഷണല്‍ പീപ്പിള്‍സ് പവര്‍ നേതാവ് അനുര കുമാര ദിസനായകെ നയിക്കുന്ന ഇടത് മുന്നണിയെ ചേര്‍ത്തുപിടിച്ച് ശ്രീലങ്ക. കഴിഞ്ഞ ദിവസം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും നാഷനല്‍ പീപ്ള്‍സ് പവര്‍(എന്‍പിപി) വലിയ മുന്നേറ്റം സ്വന്തമാക്കി. 225 അംഗ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ 123 സീറ്റുകള്‍ സ്വന്തമാക്കിയാണ് ഇടതു സഖ്യം കരുത്ത് തെളിയിച്ചിരിക്കുന്നത്. കേവഭൂരിപക്ഷ സ്വന്തമാക്കിയ എന്‍പിപി ഭൂരിപക്ഷ വര്‍ധിപ്പിക്കും വിധത്തില്‍ പലസീറ്റുകളിലും ഇടതുമുന്നണി മുന്നേറ്റം തുടരുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
എഴുപത്തിയഞ്ച് ശതമാനത്തോളം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ 62 ശതമാനം വോട്ടുകളും സ്വന്തമാക്കി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മുന്നേറ്റമാണ് ഇടത് മുനന്നണി കാഴ്ചവച്ചിരിക്കുന്നത്. പതിനെട്ട് ശതമാനത്തോളം വോട്ടുകള്‍ മാത്രമാണ് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ പാര്‍ട്ടിക്ക് സ്വന്തമാക്കാനായത്. 80 ശതമാനത്തില്‍ അധികമായിരുന്നു സെപ്റ്റംബറിലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ശ്രീലങ്കയിലെ പോളിങ്. എന്നാല്‍ ഇത്തവണ 70 ശതമാനത്തില്‍ താഴെയാണ് പോളിങ് കണക്കാക്കിയിരിക്കുന്നത്.
തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തില്‍ ജനങ്ങള്‍ക്ക് നന്ദിയറിയിച്ച് പ്രസിഡന്റ് അനുര കുമാര ദിസനായകെ രംഗത്തെത്തി. തന്റെ സര്‍ക്കാരിന്റെ അന്‍പത് ദിവസങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് തിരഞ്ഞെടുപ്പ് വിജയത്തെ പ്രസിഡന്റ് ഉയര്‍ത്തിക്കാട്ടുന്നത്. ശ്രീലങ്കയുടെ 50 മഹത്തായ ദിനങ്ങള്‍ എന്ന ക്യാപ്ഷനോടെ ഒരു വിഡിയോയും പ്രസിഡന്റ് പങ്കുവച്ചിട്ടുണ്ട്.
അഴിമതി തുടച്ചുനീക്കി, പഴയ രാഷ്ട്രീയ സംസ്‌കാരങ്ങളെ ഇല്ലാതാക്കുമെന്ന പ്രഖ്യാപനവുമായാണ് ദിസനായകെ തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയത്. ഒരിക്കൽ പോലും ശ്രീലങ്കൻ ഭരണത്തിന്റെ ഭാഗമാകാത്ത പാർട്ടിയാണ് ജനതാ വിമുക്തി പെരുമന (ജെവിപി). മാർക്‌സിസമാണ് തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്ന് പറയുന്ന ജെവിപി രണ്ടുതവണയാണ് ലങ്കയിൽ ഭരണകൂടത്തിനെതിരെ കലാപങ്ങൾക്ക് നേതൃത്വം നൽകിയത്.
മഹീന്ദ രജപക്‌സെയുടെ കുടുംബവാഴ്ചയ്ക്ക് അറുതിവരുത്തിയ അരഗളായ മുന്നേറ്റത്തിന്റെ നേതൃത്വം ഔദ്യോഗികമായി ഒരു രാഷ്ട്രീയ പാർട്ടിയും അവകാശപ്പെടുന്നില്ലെങ്കിലും, പൊതു പണിമുടക്കുകൾ സംഘടിപ്പിച്ചും ദിവസേന പ്രതിഷേധങ്ങൾ നടത്തി ജെവിപി സജീവ പങ്ക് വഹിച്ചിരുന്നു. അതിലൂടെ ലങ്കയിലുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വമാണ് ദിസനായകയുടെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്.