രജപക്സെ വാഴ്ചയ്ക്ക് അന്ത്യം: പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കാന്‍ ശ്രീലങ്ക; പാര്‍ലമെന്റ് നടപടികള്‍ നാളെ മുതല്‍
ശ്രീലങ്കയിൽ രജപക്സെ കുടുംബ വാഴ്ചയ്ക്ക് അന്ത്യം. ജനകീയ പ്രതിഷേധങ്ങളെത്തുടർന്ന് രാജ്യംവിട്ട ഗോതബായ രജപക്‌സെയുടെ രാജി സ്പീക്കര്‍ അംഗീകരിച്ചതോടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ നാളെ ആരംഭിക്കും. എംപിമാരുടെ വോട്ടെടുപ്പിനും മറ്റ് നടപടിക്രമങ്ങള്‍ക്കും ശേഷം ഏഴുദിവസത്തിനകം പ്രസിഡന്റിനെ പ്രഖ്യാപിക്കുമെന്ന് സ്പീക്കര്‍ മഹിന്ദ യാപ അഭയവര്‍ധനെ ദേശീയ ടെലിവിഷന്‍ ചാനലിലൂടെ അറിയിച്ചു. തെരഞ്ഞെടുക്കപ്പെടുന്നയാള്‍ രജപക്‌സെയുടെ കാലാവധിയായ 2024 വരെ സ്ഥാനത്ത് തുടരും. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റ് നിയമിക്കും.
ബുധനാഴ്ച മാലിദ്വീപിലേക്ക് കടന്ന ഗോതബായ ഇന്നലെ വൈകിട്ടോടെ സിംഗപ്പൂരിലേക്ക് മാറി. തുടര്‍ന്ന് ഇ-മെയിലായി അയച്ച രാജിക്കത്ത് അംഗീകരിക്കാമോ എന്നതില്‍ ഭരണതലത്തില്‍ വലിയ ചര്‍ച്ചകളുയര്‍ന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താത്തതിനെ തുടര്‍ന്ന് ജനം വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സ്പീക്കര്‍ രാജി അംഗീകരിച്ച വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
ഗോതബായയുടെ രാജിയോടെ, ശ്രീലങ്കയില്‍ 20 വര്‍ഷത്തെ രജപക്‌സെ കുടുംബവാഴ്ചയ്ക്കു കൂടിയാണ് അന്ത്യമാകുന്നത്. സാമ്പത്തികപ്രതിസന്ധിക്കു പിന്നാലെ, ജനകീയ പ്രതിഷേധം ശക്തിപ്പെട്ടതോടെ പ്രധാനമന്ത്രി മഹിന്ദ, മക്കളായ ധനമന്ത്രി ബേസില്‍, കായികമന്ത്രി നമല്‍, മഹിന്ദയുടെ മുതിര്‍ന്ന സഹോദരനും ഇറിഗേഷന്‍ മന്ത്രിയുമായ ചമല്‍ എന്നിവര്‍ രണ്ടുമാസം മുമ്പ് സ്ഥാനമൊഴിഞ്ഞിരുന്നു. പിന്നീട് റെനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയായി. രജപക്‌സെ കുടുംബാംഗങ്ങള്‍ ഇല്ലാത്ത ഭരണം വരുമെന്ന് വിക്രമസിംഗെ പ്രഖ്യാപിച്ചെങ്കിലും പ്രസിഡന്റ് സ്ഥാനത്ത് ഗോതബായ തുടര്‍ന്നു. എന്നാല്‍ സാമ്പത്തിക, മാനുഷിക പ്രതിസന്ധി കടുത്തതോടെ, ഗോതബായയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭവും കനത്തു. ഇതേത്തുടര്‍ന്ന് രാജി പ്രഖ്യാപിച്ച് നാടുവിട്ട ഗോതബായ, വിദേശ യാത്രക്കിടയിലാണ് രാജിക്കത്ത് ഇ-മെയിലായി സ്പീക്കര്‍ക്ക് അയച്ചത്. സ്പീക്കര്‍ രാജി അംഗീകരിച്ചതോടെ, രജപക്‌സെ കുടുംബത്തിലെ അവസാന അംഗവും ഭരണത്തില്‍നിന്ന് പുറത്താകുകയാണ്.
ജനകീയ പ്രതിഷേധത്തിന്റെ വിജയമാണ് ഗോതബായ രജപക്‌സെയുടെ രാജിയെന്ന് ആര്‍ത്തുവിളിച്ച് കൊളംബോയില്‍ പ്രതിഷേധക്കാര്‍ ആഹ്ളാദ പ്രകടനം നടത്തി. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പിടിച്ചടക്കിയിരുന്ന പ്രതിഷേധക്കാര്‍ ഗോതബായയുടെ രാജി അംഗീകരിച്ച വിവരം പുറത്തുവന്നതോടെ പിന്മാറി. ഏറെനാളിന് ശേഷം പ്രതിഷേധ പ്രകടനങ്ങള്‍ ഒഴിഞ്ഞ് ശാന്തമായ അന്തരീക്ഷത്തിലേക്ക് തലസ്ഥാന നഗരമായ കൊളംബോ മാറിയിരിക്കുകയാണ്.
വേഗത്തിലും സുതാര്യമായും പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുമെന്ന് സ്പീക്കര്‍ ജനതയ്ക്ക് ഉറപ്പു നല്‍കി. ''ജനാധിപത്യ പ്രക്രിയ സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ സഹകരിക്കണം. പാര്‍ലമെന്റിലെ എല്ലാ അംഗങ്ങള്‍ക്കും യോഗങ്ങളില്‍ പങ്കെടുക്കാനും സ്വതന്ത്രവും മനസാക്ഷിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനും പൗരന്മാരുടെ പിന്തുണയും സഹായവും ഉണ്ടാകണം'' -മഹിന്ദ അഭയവര്‍ധനെ അഭ്യര്‍ഥിച്ചു.
പുതിയ പ്രസിഡന്റ് അധികാരത്തില്‍ എത്തുന്നതുവരെ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ പിടിച്ചടക്കി പ്രതിഷേധം തുടരുമെന്നായിരുന്നു നേരത്തെ പ്രക്ഷോഭകരുടെ നിലപാട്. എന്നാല്‍ അധികാരകൈമാറ്റം ഉറപ്പായതും രാജ്യത്തെ ക്രമസമാധാന നില തകരുന്നത് മോശം സന്ദേശം നല്‍കുമെന്ന തിരിച്ചറിവുമാണ് പ്രക്ഷോഭങ്ങളുടെ രീതി മാറ്റുന്നതിന് പ്രേരകമായതെന്നാണ് വിലയിരുത്തല്‍.
പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും വസതി പിടിച്ചെടുക്കാന്‍ ജനകീയ ശക്തിക്ക് സാധിക്കുമെന്ന് അധികാര കേന്ദ്രങ്ങളെ അറിയിക്കുക മാത്രമായിരുന്നു കഴിഞ്ഞദിവസങ്ങളിലെ നടപടികളുടെ ലക്ഷ്യമെന്ന് പ്രക്ഷോഭകര്‍ പറയുന്നു. ഗോതബായ എന്ന പ്രസിഡന്റിനെ ശ്രീലങ്ക എത്രത്തോളം വെറുക്കുന്നുവെന്ന സന്ദേശം നല്‍കാനായത് വിജയമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ ഓഫീസുകളോ അധികാരകേന്ദ്രങ്ങളോ പിടിച്ചെടുക്കാന്‍ ഇനി പ്രക്ഷോഭകരുടെ ഭാഗത്ത് നിന്ന് നീക്കമുണ്ടായാല്‍ ശക്തമായ നടപടികളുണ്ടാകുമെന്ന് ലങ്കന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. പാര്‍ലമെന്റിന് മുന്നില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് സൈന്യം സുരക്ഷ ഒരുക്കി. പ്രസിഡന്റിന്റെ വസതിക്ക് പുറത്ത് സമാധാനപരമായ റാലികള്‍ തുടരുമെന്ന് പ്രക്ഷോഭകര്‍ അറിയിച്ചു.
ഇന്നലെ സൗദി എയര്‍ലൈന്‍ വിമാനത്തിലാണ് ഗോതബായയും ഭാര്യയും സുരക്ഷാ ഉദ്യോഗസ്ഥരും സിംഗപ്പൂരിലെത്തിയത്. ഗോതബായ സിംഗപ്പൂരില്‍ അഭയം തേടിയതല്ലെന്നും സ്വകാര്യ സന്ദര്‍ശനം മാത്രമാണെന്നും സിംഗപ്പൂര്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആര്‍ക്കെങ്കിലും അഭയം നല്‍കുന്നത് രാജ്യത്തിന്റെ വിദേശ നയമല്ലെന്നും സിംഗപ്പൂര്‍ വിദേശകാര്യവക്താവ് വ്യക്തമാക്കി. ഏതാനും ദിവസം സിംഗപ്പൂരില്‍ തങ്ങിയ ശേഷം ഗോതബായ ദുബൈയിലേക്ക് മാറുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം.