ശ്രീലങ്കയ്ക്ക് ആദ്യ 'മാര്‍ക്സിസ്റ്റ്' പ്രസിഡന്റ്? ദിസനായകെക്ക് അനുകൂലമായി ഫലസൂചനകള്‍
തപാല്‍ വോട്ടിങ്ങിന്റെ ആദ്യ ഫല സൂചനകള്‍ അനുസരിച്ച് നാഷണല്‍ പീപ്പിള്‍സ് പവറിന്റെ (എന്‍പിപി) നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കന്‍ പ്രസിഡന്റായേക്കും. 22 ഇലക്ടറല്‍ ജില്ലകളിലെ 13,400 പോളിങ് സ്‌റ്റേഷനുകളിലായി ശനിയാഴ്ച പ്രാദേശിക സമയം രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് നാല് വരെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പോളിങ് നടന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് യോഗ്യരായ 17 ദശലക്ഷം വോട്ടര്‍മാരില്‍ 75 ശതമാനം പേര്‍ പോളിങ്ങില്‍ പങ്കെടുത്തു.
ഏഴ് ഇലക്ടറല്‍ ജില്ലകളിലെ തപാല്‍ വോട്ടിങ്ങിന്റെ ഫലങ്ങള്‍ അനുസരിച്ച് ദിസനായകെ 56 ശതമാനം വോട്ടുകള്‍ നേടി. അദ്ദേഹത്തിന്റെ എതിരാളികളായ സജിത് പ്രേമദാസയും നിലവിലെ പ്രസിഡന്റ് റനില്‍ വിക്രമസിഗെയും 19 ശതമാനം വോട്ടുകള്‍ നേടി.
ഇപ്പോഴത്തെ വോട്ടിങ് ട്രെന്‍ഡ് സൂചിപ്പിക്കുന്നത് ദിസനായകെ മൊത്തം വോട്ടിന്റെ 50 ശതമാനത്തിലധികം നേടുമെന്ന് വിശകലന വിദഗ്ധര്‍ കരുതുന്നു. വിജയിക്കുകയാണെങ്കില്‍, ദിസനായകെ ശ്രീലങ്കയിലെ ആദ്യത്തെ മാര്‍ക്‌സിസ്റ്റ് രാഷ്ട്രത്തലവനാകും.
എന്‍പിപിയെയും മാര്‍ക്‌സിസ്റ്റ് ചായ് വുള്ള ജനത വിമുക്തി പെരമുന(ജെവിപി) പാര്‍ട്ടിയെയും പ്രതിനിധീകരിക്കുന്ന ദിസനായകെ അഴിമതി വിരുദ്ധ നടപടികളിലും പാവങ്ങള്‍ക്ക് അനുകൂലമായ നയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. നിലവില്‍ ജെവിപിക്ക് പാര്‍ലമെന്റില്‍ മൂന്ന് സീറ്റാണുള്ളത്. പൊതുതിരഞ്ഞെടുപ്പില്‍ പുതിയ ജനവിധി ഉറപ്പാക്കാന്‍ 45 ദിവസത്തിനകം പാര്‍ലമെന്റ് പിരിച്ചുവിടുന്നതുരള്‍പ്പെടെ കാര്യമായ മാറ്റങ്ങള്‍ ദിസനായകെയുടെ പ്രചാരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.
വിദേശനാണ്യത്തിന്‌റെ കടുത്ത ക്ഷാമത്തിലേക്കും ഇന്ധനം, മരുന്ന്, പാചകവാതകം തുടങ്ങിയ അവശ്യ ഇറക്കുമതിക്ക് പണം നല്‍കാനുള്ള രാജ്യത്തിന്റെ കഴിവിനെ തടസപ്പെടുത്തുകയും ചെയ്ത 2022-ലെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കുശേഷമുള്ള ശ്രീലങ്കയിലെ ആദ്യ തിരഞ്ഞെടുപ്പാണിത്. പ്രതിസന്ധി കൊളംബോയില്‍ വലിയ പ്രതിഷേധത്തിന് കാരണമാകുകയും പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ രാജിക്ക് കാരണമാകുകയും ചെയ്തിരുന്നു.