Ranil Wickremesinghe
Ranil Wickremesinghe

പാപ്പരത്തം പ്രഖ്യാപിച്ച് ശ്രീലങ്ക; വായ്പ നേടാനുള്ള ശ്രമത്തെ ബാധിക്കും

സാമ്പത്തിക പ്രതിസന്ധിയും അനുബന്ധ പ്രശ്നങ്ങളും വരും വർഷവും തുടരും
Updated on
1 min read

കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടയിൽ രാജ്യം പാപ്പരാണെന്ന് പ്രഖ്യാപിച്ച് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിം​ഗെ. സാമ്പത്തിക പ്രതിസന്ധിയും അനുബന്ധ പ്രശ്നങ്ങളും വരും വർഷവും തുടരുമെന്ന മുന്നറിയിപ്പാണ് പ്രധാനമന്ത്രി പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് നല്‍കിയത്. ഭക്ഷണം, ഇന്ധനം, മരുന്ന്, വ്യവസായം തുടങ്ങി എല്ലാ മേഖലകളിലും കടുത്ത പ്രതിസന്ധി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐഎംഎഫിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരത്തിനായി പ്രാഥമിക കരാർ സമർപ്പിച്ചിട്ടുണ്ടെന്ന് വിക്രമസിംഗെ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഐഎംഎഫുമായി വായ്പാ പദ്ധതി സംബന്ധിച്ച് ചർച്ച ചെയ്യാൻ നിലവിലെ അവസ്ഥയിൽ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

രാജ്യം പാപ്പരത്തത്തിലായതിനാൽ കടം കൃത്യമായി തിരിച്ചടയ്ക്കുമെന്ന ഉറപ്പ് അവർക്ക് നൽകേണ്ടതുണ്ട്. അതിൽ തൃപ്തരായാൽ മാത്രമേ ഐഎംഎഫുമായി കരാറുണ്ടാക്കാൻ സാധിക്കുകയുള്ളുവെന്നും വിക്രമസിം​ഗെ വ്യക്തമാക്കി. കൂടുതൽ ബുദ്ധിമുട്ടുള്ളതും സങ്കീർണ്ണവുമായ സാഹചര്യം അഭിമുഖീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Sri Lanka
Sri Lanka

അതേസമയം ഐ‌എം‌എഫുമായി കരാറിലെത്തിയ ശേഷം ഇന്ത്യ, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി ചേർന്ന് എയ്ഡ് കൺസോർഷ്യം രൂപീകരിക്കാനുള്ള ചർച്ചകളും പുരോ​ഗമിക്കുന്നുണ്ട്. 22 ദശലക്ഷം ജനങ്ങളുള്ള ദ്വീപ് രാഷ്ട്രമായ ശ്രീലങ്കയിൽ വിദേശ കറൻസിയുടെ ​ക്ഷാമവും ഇന്ധനം ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ ഇറക്കുമതിക്ക് പണം നൽകാൻ ഇല്ലാതിരുന്നതും രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്കാണ് നയിച്ചത്. കുതിച്ചുയരുന്ന പണപ്പെരുപ്പവും മണിക്കൂറുകൾ നീളുന്ന പവർകട്ടും ജനങ്ങളെ വലച്ചു.

Food and fuel crisis in Srilanka
(image courtesy)
Food and fuel crisis in Srilanka (image courtesy)

ഇന്ധന പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് രാജ്യത്തെ സ്കൂളുകൾക്കും അവശ്യ സർവ്വീസീലുള്ള ജീവനക്കാർക്കുമൊഴികെ സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. ഭക്ഷ്യക്ഷാമവും വിലക്കയറ്റവും നേരിടാൻ ശ്രീലങ്കയിലെ 80 ശതമാനം ജനങ്ങളും ഒരു നേരത്തെ ഭക്ഷണമെങ്കിലും ഉപേക്ഷിക്കുന്നതായാണ് ഐക്യരാഷ്ട്രസഭയുടെ കണ്ടെത്തൽ.

logo
The Fourth
www.thefourthnews.in