പ്രസിഡന്റിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ച് ശ്രീലങ്ക; ഭരണഘടനാ ഭേദഗതി ബിൽ പാസാക്കി
പ്രസിഡന്റിന്റെ സവിശേഷ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന ഭരണഘടനാ ഭേദഗതി ബില്‍ ശ്രീലങ്ക പാസാക്കി. സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് രക്ഷ നേടാനുള്ള മാര്‍ഗം കണ്ടെത്താനും, അഴിമതി വിരുദ്ധ നടപടികള്‍ ശക്തിപ്പെടുത്താനും കൂടി ലക്ഷ്യമിട്ടുള്ള ബില്ലാണ് ശ്രീലങ്കന്‍ പാര്‍ലമെന്റ് പാസാക്കിയത്. ഇത്തരം ബില്ലുകള്‍ പാസാക്കാന്‍ പാർലമെന്റിൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് ഭേദഗതി പാസാക്കിയത്. 225 അംഗ സഭയിൽ നിന്ന് 174 അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്തു.
ഉദ്യോഗസ്ഥരുടെ നിയമനം ഉൾപ്പെടെയുള്ള പ്രസിഡന്റിന്റെ (എക്സിക്യൂട്ടീവ് പ്രസിഡന്‍സി) ചില അധികാരങ്ങൾ നിയമനിർമ്മാതാക്കളും രാഷ്ട്രീയക്കാരല്ലാത്തവരും അടങ്ങുന്ന ഒരു ഭരണഘടനാ സമിതിക്ക് കൈമാറുന്നതാണ് ഭേദഗതിയെന്ന് നീതിന്യായ മന്ത്രി വിജേദാസ രജപക്സെ പാര്‍ലമെന്റില്‍ പ്രസ്താവിച്ചു. പുതിയ ഭേദഗതി പ്രകാരം മുതിർന്ന ജഡ്ജിമാർ, അറ്റോർണി ജനറൽമാർ, സെൻട്രൽ ബാങ്ക് ഗവർണർമാർ, പോലീസ്, തിരഞ്ഞെടുപ്പ് കമ്മീഷണർ തുടങ്ങിയവരെ സമിതിയുടെ ശുപാർശ പ്രകാരം മാത്രമേ പ്രസിഡന്റിന് നിയമിക്കാൻ കഴിയൂ. മന്ത്രിസഭാ നിയമനങ്ങൾ പ്രധാനമന്ത്രി ശുപാർശ ചെയ്യും. പ്രതിരോധം ഒഴികെയുള്ള ക്യാബിനറ്റ് സ്ഥാനങ്ങൾ വഹിക്കാൻ പ്രസിഡന്റിനെ അനുവദിക്കില്ല. സമ്പദ്‌വ്യവസ്ഥയെ പുനർനിർമ്മിക്കുന്നതിനായി അന്താരാഷ്ട്ര നാണയ നിധിയുടെയും മറ്റ് അന്താരാഷ്ട്ര സഹായങ്ങളും ഉറപ്പാക്കാനും ഭേദഗതി സഹായകമാകുമെന്നും വിജേദാസ രജപക്സെ പറഞ്ഞു.
ജൂലൈയിൽ പുറത്താക്കപ്പെട്ട പ്രസിഡന്റ് ഗോതബായ രജപക്‌സെയുടെ പിൻഗാമിയായ നിലവിലെ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ, പ്രസിഡന്റ് പദവിയുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുമെന്നും പാർലമെന്റിനെ ശക്തിപ്പെടുത്തുമെന്നും വാഗ്ദാനം ചെയ്തിരുന്നു. ബിൽ നിയമമാകുന്നതോടെ, 2015ൽ നടത്തിയ പല ജനാധിപത്യ പരിഷ്കാരങ്ങളും പുനഃസ്ഥാപിക്കപ്പെടും. 2019ൽ തിരഞ്ഞെടുക്കപ്പെട്ട രജപക്‌സെയാണ് 2015ലെ പരിഷ്‌കാരങ്ങൾ മാറ്റി, പ്രസിഡന്റ് സ്ഥാനത്തേക്ക് അധികാരം കേന്ദ്രീകരിക്കുന്ന തരത്തില്‍ നിയമനിര്‍മ്മാണം നടത്തിയത്.
സാമ്പത്തിക പ്രതിസന്ധിയും അവശ്യ സാധനങ്ങളുടെ ദൗർലഭ്യവും രൂക്ഷമായപ്പോള്‍ സമാനതകളില്ലാത്ത പ്രതിഷേധം ശ്രീലങ്കയിൽ സർക്കാരിനെതിരെ ഉയര്‍ന്നിരുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു ജനരോഷം. രാജ്യത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഷ്കാരങ്ങളും പരിഹാരങ്ങളും വേണമെന്നായിരുന്നു ജനതയുടെ ആവശ്യം. ആഭ്യന്തര യുദ്ധനാളുകള്‍ക്കുശേഷം രാജ്യം നേരിടുന്ന സമാനതകളില്ലാത്ത പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ പരാജയമാണെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം. വിദ്യാർത്ഥികളും ആക്ടിവിസ്റ്റുകളും ഉൾപ്പെടെ പ്രതിഷേധക്കാർ ഭരണത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിന് പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടിരുന്നു.
51 ബില്യണ്‍ ഡോളറാണ് ശ്രീലങ്കയുടെ വിദേശകടം. അതില്‍ ഏഴ് ബില്യണ്‍ ഡോളര്‍ ഈ വര്‍ഷം തന്നെ തിരിച്ചടക്കേണ്ടതാണ്. 2027ഓടെ 28 ബില്യൺ ഡോളർ തിരിച്ചടയ്ക്കണം. അതിനുള്ള പുതിയ മാര്‍ഗങ്ങളാണ് ശ്രീലങ്ക തേടുന്നത്.