ഗോതബായ രജപക്‌സെ
ഗോതബായ രജപക്‌സെ

മുന്‍ പ്രസിഡന്റ് ഗോതബായ രജപക്സെ ശ്രീലങ്കയില്‍ തിരിച്ചെത്തി

മന്ത്രിമാരുള്‍പ്പെടെ ചേര്‍ന്ന് രജപക്‌സെയെ സ്വീകരിച്ചു
Updated on
1 min read

ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ശ്രീലങ്ക വിട്ട മുൻ പ്രസിഡന്റ് ഗോതബായ രജപക്‌സെ രാജ്യത്ത് മടങ്ങിയെത്തി. ജൂലൈയിൽ വൻ പ്രതിഷേധത്തെ തുടർന്ന് വിദേശത്തേക്ക് പലായനം ചെയ്ത ഗോതബായ വെള്ളിയാഴ്ചയാണ് തിരികെയെത്തിയത്. തായ്‌ലൻഡിൽ താൽക്കാലിക വിസയിൽ തങ്ങിയ രജപക്‌സെ ബാങ്കോക്കിൽ നിന്ന് സിംഗപ്പൂർ വഴിയുള്ള വാണിജ്യ വിമാനത്തിലാണ് തിരിച്ചെത്തിയത്.

അർദ്ധരാത്രി കൊളംബോയിൽ എത്തിയ രജപക്‌സെയെ മന്ത്രിമാരും രാഷ്ട്രീയക്കാരും അടങ്ങുന്ന ജനപ്രതിനിധികൾ സ്വീകരിച്ചു. 52 ദിവസത്തെ സ്വയം പ്രവാസം അവസാനിപ്പിച്ചാണ് രജപക്സെയുടെ മടക്കം. മുൻ പ്രസിഡന്റ് എന്ന നിലയിൽ സർക്കാർ നൽകിയ വസതിയിൽ കനത്ത സുരക്ഷയിലാണ് ​ഗോതബായയും കുടുംബവും താമസിക്കുന്നത്. അദ്ദേഹത്തിന്റെ സ്വകാര്യ വസതിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രജപക്‌സെയുടെ ഇളയ സഹോദരനും മുൻ ധനമന്ത്രിയുമായ ബേസിൽ കഴിഞ്ഞ മാസം വിക്രമസിംഗെയെ കാണുകയും തിരിച്ചെത്തുന്ന രജപക്സെയ്ക്ക് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. അതേസമയം രജപക്സെ കുടുംബത്തെ വിക്രമസിം​ഗെ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജൂലൈ 13നാണ് ഗോതബായ രജപക്‌സെ രാജ്യം വിട്ടത്. ജൂലൈ 9ന് കൊളംബോയില്‍ കനത്ത സുരക്ഷാ സാന്നിധ്യത്തിനിടയിലും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയും ഓഫീസും പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫീസും കയ്യടക്കിയിരുന്നു. തുടര്‍ന്നാണ് ഗോതബായ രാജ്യം വിട്ടതും ജൂലൈ 14ന് രാജി പ്രഖ്യാപിച്ചതും. രാജ്യത്ത് ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വില കുത്തനെ വർധിച്ചതിനെ തുടർന്ന് ഏപ്രിലിലാണ് ജനകീയപ്രക്ഷോഭം ആരംഭിച്ചത്.

logo
The Fourth
www.thefourthnews.in