അഭയം നല്‍കിയവര്‍ തന്നെ അടിച്ചമര്‍ത്തുമ്പോള്‍; ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പിലെ 'റോഹിങ്ക്യന്‍ നരകം'

അഭയം നല്‍കിയവര്‍ തന്നെ അടിച്ചമര്‍ത്തുമ്പോള്‍; ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പിലെ 'റോഹിങ്ക്യന്‍ നരകം'

ലോകത്തെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പായ ബംഗ്ലാദേശിലെ കുടുപലോംഗില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്
Updated on
2 min read

മ്യാന്‍മറില്‍ നിന്ന് ജീവനും ജീവിതവും കയ്യില്‍ പിടിച്ചോടിയ റോഹിങ്ക്യന്‍ മുസ്ലിമുകളെ ചേര്‍ത്തു നിര്‍ത്തിയതിന്റെ പേരില്‍ ഒരുപാട് കയ്യടി കിട്ടിയതാണ് ബംഗ്ലാദേശിന്. എന്നാല്‍, അഭയം നല്‍കിയവര്‍തന്നെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍, അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് ഈ ജനത വീണ്ടും പലായനങ്ങള്‍ക്ക് ശ്രമിക്കുകയാണ്. ബോട്ടുകളില്‍ കയറി കടലിലിറങ്ങുമ്പോള്‍, സമാധാനമായി ജീവിക്കാനൊരു തുരുത്ത് മാത്രമാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. പക്ഷേ, യാത്രകളില്‍ ഏറെയും ദുരന്തത്തില്‍ ചെന്നവസാനിക്കുന്നു. ലോകത്തെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പായ ബംഗ്ലാദേശിലെ കുടുപലോംഗില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.

ഈ വര്‍ഷം മാത്രം 3,700 റോഹിങ്ക്യകള്‍ ആന്‍ഡമാന്‍ കടലിടുക്കു വഴി ബംഗ്ലാദേശ് വിട്ടെന്നാണ് കണക്ക്. നവംബര്‍ ആദ്യം മുതല്‍, ചെറുതും വലുതുമായ എട്ട് ബോട്ടുകളെങ്കിലും യാത്രയ്ക്ക് ശ്രമിച്ചിട്ടുണ്ട്. ഒരുകാലത്ത് അഭയാര്‍ഥികളെ ഇരുകയ്യും നീട്ടി സ്വീകരിച്ച ബംഗ്ലാദേശികള്‍, ഇപ്പോള്‍ അവരെ കടലിലേക്ക് തിരികെ പോകാന്‍ നിര്‍ബന്ധിക്കുന്നു. ഈ വര്‍ഷം കുറഞ്ഞത് 225 പേരെങ്കിലും മുങ്ങിമരിച്ചതായാണ് കണക്ക്.

അഭയം നല്‍കിയവര്‍ തന്നെ അടിച്ചമര്‍ത്തുമ്പോള്‍; ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പിലെ 'റോഹിങ്ക്യന്‍ നരകം'
ലിബിയയില്‍ ബോട്ടപകടം: 61 പേര്‍ മുങ്ങിമരിച്ചതായി റിപ്പോര്‍ട്ട്

തെക്ക്-കിഴക്കന്‍ ബംഗ്ലാദേശില്‍ സ്ഥിതി ചെയ്യുന്ന ഈ അഭയാര്‍ഥി ക്യാമ്പ്, ലോകത്തെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പാണ്. പത്തുലക്ഷം റോഹിങ്ക്യന്‍ അഭയാര്‍ഥികളാണ് ഈ ക്യാമ്പിലുള്ളത്. 1991ലാണ് ഉഖിനയിലെ കോക്‌സ് ബസാറില്‍ റോഹിങ്ക്യകള്‍ ആദ്യമായി ഒരു കൂടാരമടിക്കുന്നത്. മ്യാന്‍മാര്‍ സൈനികരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ക്രൂരമായ വേട്ടയാടലുകള്‍ സഹിക്കവയ്യാതെ രാജ്യം വിട്ടെത്തിയവരായിരുന്നു ഈ പ്രദേശത്ത് തമ്പടിച്ചത്.

2017ല്‍ മ്യാന്‍മാറില്‍ നിന്ന് വന്‍തോതില്‍ കൂട്ടപ്പലയാനമുണ്ടായി. റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തടയില്ലെന്ന് നിലപാടെടുത്ത ബംഗ്ലാദേശ് സര്‍ക്കാര്‍, അവര്‍ക്കുവേണ്ടി കടപലോംഗ് ക്യാമ്പ് വികസിപ്പിച്ചു. ഇതിനുവേണ്ടി 5,000 ഏക്കര്‍ വനഭൂമി ബംഗ്ലാദേശ് വനംവകുപ്പ് വിട്ടുനല്‍കി. ഇവിടെ രണ്ട് അഭയാര്‍ഥി ക്യാമ്പുകള്‍ ഒരുക്കി. 2017 സെപ്റ്റംബറിലെ യുഎന്‍ കണക്കുപ്രകാരം ഈ ക്യാമ്പുകളില്‍ 77,000പേര്‍ അന്നുണ്ടായിരുന്നു. 2018ല്‍ ലോകത്തെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പായി കടപലോംഗ് മാറി. യുഎന്‍, യൂറോപ്യന്‍ യൂണിയന്‍, യുഎസ്, കാനഡ, ജപ്പാന്‍, ഫിന്‍ലന്‍ഡ്, സ്വീഡന്‍ എന്നിവര്‍ ക്യാമ്പിന് സഹായങ്ങള്‍ നല്‍കി.

തുടക്കകാലം മുതല്‍ തന്നെ ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അത്ര സുഗമമായിരുന്നില്ല. കുന്നിന്‍ ചെരുവിലാണ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. മഴക്കാലങ്ങളില്‍ ക്യമ്പില്‍ വെള്ളം കയറും. പകര്‍ച്ച വ്യാധികളും പട്ടിണിയും തുടര്‍ക്കഥ. കുട്ടികളുടേയും സ്ത്രീകളുടേയും സുരക്ഷ അവതാളത്തിലായി. പോലീസിന്റേയും സൈന്യത്തിന്റേയും അനാവശ്യ ഇടപെടലുകള്‍. സ്ഥിതി ഗൗരവതരമാണെന്നും ക്യാമ്പ് മറ്റൊരിടത്തേക്ക് മാറ്റണമെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

2019ല്‍ 8000 ഏക്കറിലേക്ക് ക്യാമ്പിന്റെ സ്ഥലം വര്‍ധിപ്പിച്ചു. മറ്റൊരു വലിയ പ്രശ്‌നം വന്യജീവികളുടെ ആക്രമണമായിരുന്നു. പരമ്പരാഗത ആനത്താരയായിരുന്ന ഇവിടെ, കെട്ടിടങ്ങളും ക്യാമ്പുകളും വന്നതോടെ, ആനകള്‍ കൂട്ടത്തോടെ അഭയാര്‍ഥി ക്യാമ്പുകളിലേക്ക് ഇറങ്ങുന്നത് പതിവായി. രോഗങ്ങളോടും പട്ടിണിയോടും മാത്രമല്ല, ആനകളോടും യുദ്ധം ചെയ്യേണ്ട സ്ഥിതിയായി അഭയാര്‍ഥികള്‍ക്ക്.

അഭയം നല്‍കിയവര്‍ തന്നെ അടിച്ചമര്‍ത്തുമ്പോള്‍; ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പിലെ 'റോഹിങ്ക്യന്‍ നരകം'
'ഓസ്‌ലോ ഉടമ്പടി ഒരു തെറ്റായിരുന്നു, അതിന് അന്നും ഇന്നും എതിരാണ്'; പലസ്തീന്‍ ആരോപണം ശരിവച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി

അതിരുവിട്ട അക്രമങ്ങള്‍

പ്രദേശവാസികളുടെ ഭാഗത്തുനിന്ന് അഭയാര്‍ഥികള്‍ക്ക് എതിരെ പ്രശ്‌നങ്ങളുണ്ടായി. തൊഴില്‍ അവസരങ്ങള്‍ തട്ടിയെടുക്കുന്നു എന്നായിരുന്നു പ്രധാന ആരോപണം. അഭയാര്‍ഥികള്‍ക്ക് നേരെ നിരന്തരം ആക്രമണമുണ്ടായി. ക്രിമിനലുകള്‍ സ്ത്രീകളേയും കുട്ടികളേയും തട്ടിക്കൊണ്ടുപോകുന്നത് പതിവായി. സ്ത്രീകളെ ലൈംഗിക ജോലികള്‍ക്ക് നിര്‍ബന്ധിതരാക്കി. ക്യാമ്പിലെ പെണ്‍കുട്ടികളെ ശൈശവ വിവാഹം കഴിപ്പിക്കുന്നതും തുടര്‍ക്കഥയായി. ഈ വര്‍ഷം മാത്രം പതിനാറു പേരെ ക്രിമിനലുകള്‍ കൊലപ്പെടുത്തി.

പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ കണ്ടെത്തിയ മാര്‍ഗം പതിനായിരം പേരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുക എന്നതായിരുന്നു. ഭസന്‍ ചാര്‍ ദ്വീപിലേക്ക് മാറ്റാനായിരുന്നു ശ്രമം. എന്നാല്‍, കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഈ നീക്കത്തിന് തിരിച്ചടി നേരിട്ടു. വെള്ളപ്പൊക്കം പതിവായ ദ്വീപിലേക്ക് പോയാല്‍, തങ്ങള്‍ ഒറ്റപ്പെട്ടുപോകുമെന്നായിരുന്നു അഭയാര്‍ഥികളുടെ പ്രധാന ആശങ്ക. ഇതോടെ, സര്‍ക്കാര്‍ അഭയാര്‍ഥികളുടെ എതിര്‍ ചേരിയിലായി.

അഭയം നല്‍കിയവര്‍ തന്നെ അടിച്ചമര്‍ത്തുമ്പോള്‍; ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പിലെ 'റോഹിങ്ക്യന്‍ നരകം'
'വെള്ളത്തുണി ഉയർത്തിയിട്ടും വെടിവച്ചു', ഇസ്രയേലിന്റെ വീഴ്ച തുറന്നുകാട്ടി അന്വേഷണ സമിതി, നെതന്യാഹുവിന്മേൽ സമർദമേറുന്നു

ചങ്ങലകളുമായി ഭരണകൂടം

'അഭയം തന്ന നാടിനു നേരെ കലാപമുണ്ടാക്കാനാണ് ശ്രമമെന്ന' നിലയിലാണ് സര്‍ക്കാര്‍ അഭയാര്‍ഥികളുടെ നിലപാടിനെ കണ്ടത്. ക്യാമ്പിന് സമീപം സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചു. സുരക്ഷാ സേനയുടെ ഭാഗത്തുനിന്ന് അഭയാര്‍ഥികള്‍ക്ക് നേരെ വലിയ തോതിലുള്ള അതിക്രമങ്ങളുണ്ടായി. അഭയാര്‍ഥികളെ ദ്വീപിലേക്ക് മാറ്റുന്ന പരിപാടികളുമായി സഹകരിച്ചില്ലെങ്കില്‍ യുഎന്‍ അടക്കമുള്ള ഏജന്‍സികളെ രാജ്യത്തിന് പുറത്താക്കുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി 2019ല്‍ രൂക്ഷ പ്രതികരണം നടത്തി. അഭയാര്‍ഥി ക്യാമ്പിന് സമീപം ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തി. റോഹിങ്ക്യകള്‍ക്ക് സെല്‍ ഫോണുകളും സിമ്മുകളും വില്‍ക്കരുതെന്ന് വ്യാപാരികള്‍ക്കും മൊബൈല്‍ കമ്പനികള്‍ക്കും നിര്‍ദേശം നല്‍കി. സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്നായിരുന്നു സര്‍ക്കാര്‍ വാദം.

2020ല്‍ കോവിഡ് മഹാമാരി കാലത്ത് ക്യാമ്പില്‍ വൈറസ് പടര്‍ന്നുപിടിച്ചു. എന്നാല്‍ ആരോഗ്യസംവിധാനങ്ങള്‍ കാര്യക്ഷമമായി ഇടപെട്ടില്ല. ഇതുകൂടിയായപ്പോള്‍, തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ മനുഷ്യര്‍ വീണ്ടും പലായനത്തിന് നിര്‍ബന്ധിതരാവുകയായിരുന്നു. സ്വന്തമായി നിര്‍മിച്ച ചെറു ബോട്ടുകളില്‍ ബംഗ്ലാദേശ് വിടാന്‍ അഭയാര്‍ഥികള്‍ തീരുമാനിച്ചു.

സ്വര്‍ഗം കിട്ടുമെന്ന് പ്രതീക്ഷിച്ചെത്തിയവരല്ല ഇവരാരും. സമാധാനമായി ജീവിക്കാന്‍ ഒരിടം മാത്രമായിരുന്നു ആവശ്യം. എന്നാല്‍, അഭയം നല്‍കിയ സ്ഥലം ഇപ്പോള്‍ ഇവര്‍ക്ക് നരകമാണ്. നവംബര്‍ മാസത്തില്‍ മുന്നൂറോളം വരുന്ന റോഹിങ്ക്യൻ സംഘം ഇവിടെനിന്ന് രക്ഷപ്പെടാന്‍ വിഫല ശ്രമം നടത്തി. ബോട്ടില്‍ ഇന്തോനേഷ്യയിലേക്ക് കടക്കാനായിരുന്നു പദ്ധതി. അവിവാഹിതരായ യുവതികള്‍ ആയിരുന്നു ഈ സംഘത്തില്‍ കൂടുതലും. എന്നാല്‍, ഇവരെ ആയുധധാരികളായ ഒരു സംഘം പിടികൂടി. പണം നല്‍കിയാല്‍ മാത്രമേ വിട്ടയക്കുള്ളു എന്നായിരുന്നു ഇവരുടെ ഭീഷണി. ഒടുവില്‍ പോലീസ് എത്തി അഭയാര്‍ഥികളെ മോചിപ്പിച്ചു ക്യാമ്പില്‍ തിരിച്ചെത്തിച്ചു. കടപലോംഗിലെ നരക ജീവിതത്തെക്കാള്‍ ഭേദം കടലുതാണ്ടിയുള്ള പരീക്ഷണമാണെന്ന് കരുതിയാകാം ഇവരില്‍ പലരും ബോട്ടുകളുമായി ഉപ്പുവെള്ളത്തിലേക്കിറങ്ങുന്നത്. പക്ഷേ, ഭൂരിഭാഗം പേര്‍ക്കും തോല്‍വിയാണ് ഫലം. ഒന്നുങ്കില്‍ കടലിനോട് തോല്‍ക്കും, അല്ലെങ്കില്‍ തോക്കിനോട് തോല്‍ക്കും...

logo
The Fourth
www.thefourthnews.in