കുട്ടിക്കാലത്തെ മോശം അനുഭവങ്ങൾ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായേക്കാമെന്ന് പഠനം
കുട്ടികൾക്ക് ബാല്യകാലത്തുണ്ടാകുന്ന മോശമായ അനുഭവങ്ങൾ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന മാനസികവും ശാരീരികവുമായ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് പഠനം. അക്രമങ്ങൾ ഉൾപ്പടെയുള്ള തിക്താനുഭവങ്ങൾ ബാല്യകാലത്ത് അനുഭവിക്കേണ്ടി വന്ന ആളുകൾക്ക് വാർധക്യത്തിൽ വരെ ഇതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ അലട്ടുമെന്നാണ് പഠനം. സാൻഫ്രാൻസിസ്‌കോയിലെ പബ്ലിക് യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. നേരത്തെ മോശം ബാല്യകാലം കൗമാരത്തിലും യൗവനത്തിലും പലതരം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും എന്ന് കണ്ടെത്തിയിരുന്നെങ്കിലും ഇത്തരമൊരു പഠനം ആദ്യമാണ്. ജെനറൽ ഇന്റേണൽ മെഡിസിൻ ജേണലിൽ കഴിഞ്ഞ ദിവസമാണ് പഠനം പ്രസിദ്ധീകരിച്ചത്.
സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പ്രകാരം അമേരിക്കയിലെ മുതിർന്നവരിൽ 60 ശതമാനം പേരും ഒന്നോ അതിലധികമോ തരത്തിലുള്ള തിക്താനുഭവങ്ങൾ ബാല്യകാലത്ത് അനുഭവിച്ചിട്ടുള്ളവരാണ്.
കുട്ടികളായിരിക്കെ സമ്മർദ്ദം നിറക്കുന്നതോ ആഘാതമുണ്ടാക്കുന്നതോ ആയ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുള്ള പല യുഎസ് പൗരന്മാരും മുതിർന്ന ശേഷം ശാരീരികവും വൈജ്ഞാനികവുമായ വൈകല്യങ്ങൾ അനുഭവിച്ചു എന്ന് ഗവേഷണം ചൂണ്ടിക്കാട്ടുന്നു. ശാരീരികമായി ഉപദ്രവമേൽക്കുന്നത്, മാനസികമായി അനുഭവിക്കുന്ന ഉപദ്രവങ്ങൾ, വിട്ടുമാറാത്ത അസുഖങ്ങൾ, കടുത്ത സാമ്പത്തിക പ്രതിസന്ധികൾ, മാതാപിതാക്കളിൽ നിന്ന് വേർപെട്ട് ജീവിക്കേണ്ടി വരുന്നത് തുടങ്ങിയ കാര്യങ്ങളാണ് ബാല്യകാല സമ്മർദ്ദങ്ങളിൽപെടുന്നത്.
കുട്ടിക്കാലത്ത് പതിവായി ദേഹോപദ്രവം ഏൽക്കേണ്ടി വരുന്ന കുട്ടികൾക്ക് പിന്നീട് ചലനവൈകല്യമുണ്ടാവാനുള്ള സാധ്യത 40 ശതമാനമാണ്. ഇക്കൂട്ടർക്ക് തന്നെ ദൈനം ദിന പ്രവർത്തികളിൽ ബുദ്ധിമുട്ടുണ്ടാകാൻ 80 ശതമാനം സാധ്യതയുണ്ട്. അസന്തുഷ്ടരായിരുന്ന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് നേരിയ തോതിൽ വൈജ്ഞാനിക വൈകല്യമുണ്ടാകാനുള്ള സാധ്യത 40 ശതമാനമാണ്.
അസന്തുഷ്ടരായിരുന്ന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് നേരിയ തോതിൽ വൈജ്ഞാനിക വൈകല്യമുണ്ടാകാനുള്ള സാധ്യത 40 ശതമാനമാണ്.
"ശാരീരികവും വൈജ്ഞാനിക വൈകല്യങ്ങളെയും കുട്ടിക്കാല അനുഭവങ്ങളെയും മുൻ നിർത്തിയുള്ള പഠനം വസ്തുനിഷ്ഠമായി ഞങ്ങൾ പരിശോധിച്ചു. അതിൽ ആളുകളുടെ ആദ്യകാല ജീവിതത്തിലെ സമ്മർദ്ദപൂർണ്ണമായ അനുഭവങ്ങൾ വാർദ്ധക്യം വരെയുള്ള അവരുടെ ജീവിതത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് മനസിലാക്കി" റിസർച്ച് ഡയറക്ടറും മുതിർന്ന എഴുത്തുകാരനുമായ അലിസൺ ജെ. ഹുവാങ് പറഞ്ഞു. " ഈ വൈകല്യങ്ങൾ നടക്കാനുള്ള ബുദ്ധിമുട്ട്, ദൈനം ദിന കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, അല്ലെങ്കിൽ 60 വയസ്സിന് ശേഷം ഓർമക്കുറവ് ഉണ്ടാവുക തുടങ്ങിയവയാണ്" അദ്ദേഹം വ്യക്തമാക്കി.
സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പ്രകാരം അമേരിക്കയിലെ മുതിർന്നവരിൽ 60 ശതമാനം പേരും ഒന്നോ അതിലധികമോ തരത്തിലുള്ള തിക്താനുഭവങ്ങൾ ബാല്യകാലത്ത് അനുഭവിച്ചിട്ടുള്ളവരാണ്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, വിഷാദം എന്നിവയുൾപ്പെടെയുള്ള വിട്ടുമാറാത്ത ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.