ഏറ്റുമുട്ടൽ രൂക്ഷം; വിദേശ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് തയ്യാറെന്ന് സുഡാൻ
ആഭ്യന്തര യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുകെ, ഫ്രാന്‍സ്, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞരെയും പൗരന്മാരെയും വ്യോമമാര്‍ഗം ഒഴിപ്പിക്കുമെന്ന് സുഡാന്‍ സൈന്യം അറിയിച്ചതായി റിപ്പോര്‍ട്ട്. വിദേശ പൗരന്മാരെ തിരികെ അയയ്ക്കാൻ തങ്ങളും എതിരാളികളായ അർദ്ധസൈനിക സേനയും സമ്മതിച്ചതായും വരും മണിക്കൂറുകളില്‍ ഒഴിപ്പിക്കല്‍ ആരംഭിക്കുമെന്നും സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.
വിദേശ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി സുഡാനിലെ എല്ലാ വിമാനത്താവളങ്ങളും ഭാഗികമായി വീണ്ടും തുറക്കാന്‍ തയ്യാറാണെന്ന് രാജ്യത്തെ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് (ആര്‍എസ്എഫ്) വെള്ളിയാഴ്ച വ്യക്തമാക്കി. അക്രമത്തെത്തുടര്‍ന്ന് വിദേശ എംബസികള്‍ക്ക് പൗരന്മാരെ നാട്ടിലേയ്ക്ക് അയയ്ക്കാന്‍ സാധിക്കാത്ത വിധത്തില്‍ ഖാര്‍ത്തൂമിലെ വിമാനത്താവളം പൂട്ടുകയായിരുന്നു.
ഖാര്‍ത്തൂമിലെ വിമാനത്താവളം തുറക്കാന്‍ ധാരണയായെങ്കിലും ശനിയാഴ്ച നഗരമധ്യത്തില്‍ രൂക്ഷമായ പോരാട്ടം നടന്നതോടെ വിദേശ പൗരന്മാരെ എങ്ങനെ ഒഴിപ്പിക്കുമെന്നത് ഇപ്പോഴും അവ്യക്തമാണ്. സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍നിന്ന് സൈനിക ഗതാഗത വിമാനങ്ങളിലായിരിക്കും രക്ഷാ പ്രവര്‍ത്തനമെന്ന് സുഡാനീസ് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. സുഡാൻ പ്രതിരോധ മന്ത്രാലയം വിദേശ കാര്യാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ഒരു അടിയന്തര പലായനം നടക്കുന്നുമോ എന്ന കാര്യം പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല.
സുഡാനിൽനിന്ന് പൗരന്മാരെ രക്ഷിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിലാണ് രാജ്യങ്ങൾ. സുഡാനിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ശനിയാഴ്ച രാവിലെ യുകെ പ്രധാനമന്ത്രി ഋഷി സുനക് അടിയന്തര പ്രതികരണ സമിതി വിളിച്ചുചേര്‍ത്തിരുന്നു. അതേസമയം, സ്പാനിഷ് പൗരന്മാരെയും മറ്റുളളവരെയും രക്ഷപെടുത്തുന്നതിനായി ആറ് വിമാനം ജിബൂട്ടിലേയ്ക്ക് അയയ്ക്കുന്നതായി സ്‌പെയിന്‍ പ്രതിരോധമന്ത്രി അറിയിച്ചു.
സുഡാനിൽനിന്ന് ഇതുവരെ പൗരന്മാരെ തിരികക്കൊണ്ടുപോയത് സൗദി അറേബ്യയാണ്. 150ല്‍ അധികം പേരെ രക്ഷിച്ചതായി സൗദി അറേബ്യ ശനിയാഴ്ച സ്ഥിരീകരിച്ചു. ഇവരിൽ 91 പേര്‍ സൗദി പൗരന്മാരും ബാക്കി 66 പേര്‍ ഇന്ത്യയടക്കം 12 രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്.
സുഡാനില്‍നിന്ന് കപ്പല്‍ മാര്‍ഗമാണ് 157 പേരെയും ജിദ്ദയിലെത്തിച്ചത്. ഇന്ത്യയ്ക്ക് പുറമെ കുവൈത്ത്, ഖത്തര്‍ , യുഎഇ, ഈജിപ്ത്, ടുണീഷ്യ, പാകിസ്താന്‍, ബള്‍ഗേറിയ, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, കാനഡ, ബുര്‍ക്കിനോ ഫാസോ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് രക്ഷിച്ച 66 പേരിലുള്ളത്. സൗദി നയതന്ത്രവാഹനത്തിലാണ് ഇവരെ സുഡാന്‍ തുറമുഖത്തെത്തിച്ചത്. സുഡാനില്‍നിന്ന് ജിദ്ദയിലെത്തിച്ചവര്‍ നയതന്ത്രജ്ഞരും അന്താരാഷ്ട്ര ഉദ്യോഗസ്ഥരുമാണെന്ന് സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സുഡാനിലെ ഇന്ത്യക്കാരുടെ കാര്യം ഇപ്പോഴും ചർച്ചാ വിഷയമാണ്. ഏപ്രില്‍ 14-ന് യുദ്ധം ആരംഭിച്ചതു മുതല്‍, സുഡാനിലുള്ള ഭൂരിഭാഗം ഇന്ത്യക്കാരുമായും ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസി തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ടെന്ന് നേരത്തെ വിദേശകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ അവരുടെ വിശദാംശങ്ങളും സ്ഥലങ്ങളും പരസ്യമാക്കാന്‍ കഴിയില്ലെന്നും ഇന്ത്യക്കാരുടെ സഞ്ചാരം നിയന്ത്രിച്ചിട്ടുണ്ടെന്നും വെള്ളിയാഴ്ച വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി.
സുഡാനിലെ നിയന്ത്രണം സ്വന്തമാക്കുന്നതിനായാണ് സുഡാൻ സൈന്യവും എതിരാളികളായ അർദ്ധസൈനിക സേനയും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇരു വിഭാഗവും തമ്മിലുള്ള വെടിവയ്പിനിടെ ഒരു മലയാളിയും കൊല്ലപ്പെട്ടിരുന്നു.