കാനഡയിലെ ക്ഷേത്രത്തില്‍ ഇന്ത്യാ വിരുദ്ധ ചുവരെഴുത്ത്;  ആശങ്കയറിയിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍

കാനഡയിലെ ക്ഷേത്രത്തില്‍ ഇന്ത്യാ വിരുദ്ധ ചുവരെഴുത്ത്; ആശങ്കയറിയിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍

മുന്‍പ് കാനഡയിലെ മറ്റൊരു ക്ഷേത്രത്തില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെയും സമാനമായ രീതിയില്‍ ആക്രമണം ഉണ്ടായിരുന്നു
Updated on
1 min read

കാനഡയിലെ ബിഎപിഎസ് സ്വാമിനാരായണ്‍ മന്ദിറിന്റെ ചുവരുകളില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. സംഭവത്തെ അപലപിച്ച ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കനേഡിയന്‍ സർക്കാരിനോട് കുറ്റക്കാര്‍ക്കെതിരെ ഉടനടി നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇന്ത്യയ്ക്കകത്തും പുറത്തും നിന്ന് വിവിധ സംഘടനകളും നേതാക്കളും സംഭവത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ടൊറന്റോയിലെ സ്വാമിനാരായണ്‍ മന്ദിറിന്റെ ചുവരുകളില്‍ കനേഡിയന്‍ ഖലിസ്ഥാനി തീവ്രവാദികള്‍ ഇന്ത്യാവിരുദ്ധ ചുവരെഴുത്തുകള്‍ നടത്തിയത്. ക്ഷേത്രത്തിന്റെ ചുവരുകളില്‍ ഖലിസ്ഥാനി മുദ്രാവാക്യങ്ങള്‍ എഴുതിയിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. മുന്‍പ് ഒന്റാറിയോ പ്രവിശ്യയിലെ റിച്ച്മണ്ട് ഹില്ലിലെ ക്ഷേത്രത്തില്‍ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെയും സമാനമായ രീതിയില്‍ ആക്രമണം ഉണ്ടായിരുന്നു.

സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തിയ ബ്രാംപ്ടണ്‍ എംപി സോണിയ സിദ്ധു, ടൊറന്റോയിലെ BAPS സ്വാമിനാരായണ മന്ദിറില്‍ നടന്ന സംഭവത്തില്‍ അസ്വസ്ഥയാണെന്ന് ട്വിറ്ററില്‍ കുറിച്ചു. എല്ലാവര്‍ക്കും സുരക്ഷിതത്വം അനുഭവിക്കാന്‍ അര്‍ഹതയുള്ള ഒരു ബഹുസ്വരസമൂഹത്തിലാണ് തങ്ങള്‍ ജീവിക്കുന്നതെന്നും കുറ്റവാളികളെ ഉടന്‍ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു

കനേഡിയന്‍ ഖലിസ്ഥാനി തീവ്രവാദികളാണ് സംഭവത്തിനു പിന്നിലെന്ന് ഇന്ത്യന്‍ വംശജനായ കാനഡ എംപി ചന്ദ്ര ആര്യയും ആരോപിച്ചു, ഇത് ഒറ്റപ്പെട്ട സംഭവമല്ല, കനേഡിയന്‍ ഹിന്ദു ക്ഷേത്രങ്ങള്‍ ഇത്തരത്തിലുള്ള അക്രമങ്ങള്‍ക്ക് വിധേയമാകുന്ന സംഭവങ്ങള്‍ സമീപകാലത്ത് വര്‍ധിച്ചു വരികയാണ്. ഖലിസ്ഥാനി തീവ്രവാദികള്‍ മന്ദിര്‍ നശിപ്പിച്ചത് അപലപനീയമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

logo
The Fourth
www.thefourthnews.in