അൾഷൈമേഴ്സ് ഉണ്ടോയെന്നറിയാം രക്തം പരിശോധിച്ച്;കണ്ടുപിടിത്തം ജപ്പാനിൽ

അൾഷൈമേഴ്സ് ഉണ്ടോയെന്നറിയാം രക്തം പരിശോധിച്ച്;കണ്ടുപിടിത്തം ജപ്പാനിൽ

കിറ്റ് ഉപയോഗിച്ച് ഒരു ചെറിയ അളവ് രക്തത്തിലൂടെ തലച്ചോറിലെ അമിലോയ്ഡ് ബീറ്റയുടെ അളവ് മനസ്സിലാക്കാൻ സാധിക്കും
Updated on
1 min read

അൾഷൈമേഴ്സ് രോഗത്തിന്റെ പ്രധാന സവിശേഷതകളിൽ ഒന്നായ തലച്ചോറിലെ അമിലോയിഡ് ബീറ്റ കണ്ടുപിടിക്കുന്നതിനായുള്ള രക്തപരിശോധനക്ക് ജപ്പാനിൽ റെഗുലേറ്ററി അംഗീകാരം. ജപ്പാനിലെ സിസ്‌മെക്‌സ് കോർപ്പറേഷൻ കമ്പനി ആണ് ഇക്കാര്യം അറിയിച്ചത്. ജാപ്പനീസ് മരുന്ന് നിർമ്മാതാക്കളായ ഈസായ്കോയുമായി ചേർന്ന് നടത്തിയ പരീക്ഷണങ്ങൾക്കൊടുവിലാണ് കിറ്റ് വികസിപ്പിച്ചെടുത്തത്.അൾഷൈമേഴ്സ് ടെസ്റ്റ് കിറ്റിന് ഡിസംബർ 19ന് റെഗുലേറ്റർമാരുടെ അംഗീകാരം കിട്ടിയതായി സിസ്മെക്സ് കോർപ്പറേഷൻ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിട്ടുള്ള അൾഷൈമേഴ്സിനെ നേരിടുന്നതിനുള്ള ഒരു സുപ്രധാന മുന്നേറ്റം ആയാണ് ഈ ടെസ്റ്റ് കിറ്റിനെ ശാസ്ത്രലോകം വിലയിരുത്തുന്നത്.

''അൽഷൈമേഴ്‌സ് രോഗനിർണ്ണയത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മസ്തിഷ്കത്തിൽ അമിലോയ്ഡ് ബീറ്റ അടിഞ്ഞുകൂടുന്നത് കൂടുതൽ വേഗത്തിലും എളുപ്പത്തിലും തിരിച്ചറിയുന്നതിനുള്ള ഒരു സാങ്കേതികവിദ്യ സിസ്മെക്സ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പരമ്പരാഗത പരിശോധനാ രീതികളിൽ നിന്ന് വ്യത്യസ്തമായി ഈ കിറ്റ് രക്തം ഉപയോഗിച്ച് പരിശോധന നടത്തുന്നു" കമ്പനി വ്യക്തമാക്കി.

ബ്രെയിൻ ഇമേജിങ് , ലംബർ പഞ്ചർ എന്നിവ ഇല്ലാതെ രക്തപരിശോധനയിലൂടെ അൽഷൈമേഴ്സ് രോഗം ഈ ടെസ്റ്റ് കിറ്റിലൂടെ നിർണ്ണയിക്കാൻ സാധിക്കും. നിലവിലെ ഈ രണ്ട് രീതികൾ ചെലവേറിയതും കടുത്ത വേദനയുള്ളതുമാണ്.കിറ്റ് ഉപയോഗിച്ച് ഒരു ചെറിയ അളവ് രക്തത്തിലൂടെ തലച്ചോറിലെ അമിലോയ്ഡ് ബീറ്റയുടെ അളവ് മനസ്സിലാക്കാൻ സാധിക്കും. ഇത് നേരത്തെയുള്ള രോഗ നിർണ്ണയത്തിനും ചികിത്സക്കും സഹായകരമാകും.മെഡിക്കൽ ഉപകരണങ്ങളുടെയും ക്ലിനിക്കൽ ടെസ്റ്റുകളുടെയും നിർമ്മാതാക്കളായ സിസ്‌മെക്‌സ് , ടെസ്റ്റ് കിറ്റ് എത്രയും പെട്ടെന്ന് വിപണിയിൽ എത്തിക്കാനായി തയ്യാറെടുക്കുകയാണ്.

ഡിമെൻഷ്യയുടെ ഏറ്റവും സാധാരണമായ രൂപമാണ് അൽഷൈമേഴ്‌സ്. എന്നാൽ രോഗ നിർണ്ണയം വെല്ലുവിളിയായി തുടരുകയായിരുന്നു. പ്രത്യേകിച്ചും ആദ്യ ഘട്ടങ്ങളിൽ. ഭാവിയിൽ, അൽഷൈമേഴ്‌സിനും മറ്റെല്ലാ ഡിമെൻഷ്യയ്‌ക്കുമുള്ള ഡയഗ്നോസ്റ്റിക് പ്രക്രിയയിൽ വിപ്ലവം സൃഷ്ടിക്കാൻ ഈ കിറ്റ് കാരണമാകും എന്ന് കമ്പനിയുടെ അവകാശവാദം.

ജാപ്പനീസ് മരുന്ന് കമ്പനിയായ ഐസായിയും അതിൻ്റെ യുണൈറ്റഡ് സ്റ്റേറ്റ്സ് പങ്കാളിയായ ബയോജനും ചേർന്ന് അൾഷൈമേഴ്സ് രോഗത്തിന് പുതുതായൊരു മരുന്ന് കണ്ടെത്തിയിരുന്നു.ലെകനെമാബി മരുന്ന് 18 മാസക്കാലയളവിൽ അൽഷൈമേഴ്‌സ് രോഗികളിൽ 27 ശതമാനം കുറവു വരുത്തിയതായി കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. ഈ മരുന്ന് അടുത്ത വർഷം യുഎസ്, യൂറോപ്പ്, ജപ്പാൻ എന്നിവിടങ്ങളിൽ പൂർണ്ണ അംഗീകാരം നേടാൻ തയ്യാറെടുക്കുകയാണ്.

logo
The Fourth
www.thefourthnews.in