ഹിജാബ് വിരുദ്ധ പ്രക്ഷോഭം: സൈന്യത്തിൻ്റെ ആക്രമണത്തിൽ 488 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ഇറാനില്‍ മഹ്‌സ അമിനിയുടെ കസ്റ്റഡി മരണത്തിന് പിന്നാലെ ആളിപ്പടര്‍ന്ന ഹിജാബ് വിരുദ്ധ പ്രതിഷേധത്തില്‍ 448 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നോര്‍വയിലെ ഹ്യൂമണ്‍ റൈറ്റ്‌സ് ഗ്രൂപ്പിന്റെ കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
സ്ഥിരീകരിച്ച 448 മരണങ്ങളില്‍ 60 പേരും ഒമ്പത് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 18 വയസിന് താഴെയുളള പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇതില്‍ 29 സ്ത്രീകളും ഉള്‍പ്പെടുന്നു.
22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കെതിരെ ഇറാനില്‍ സുരക്ഷ സേന നടത്തിയ അടിച്ചമര്‍ത്തലില്‍ വന്‍ അക്രമമാണ് നടന്നിരുന്നത്.
റിപ്പോര്‍ട്ടുകളുനസരിച്ച് കഴിഞ്ഞ ആഴ്ച്ചയില്‍ മാത്രം സുരക്ഷാ സൈന്യത്തിൻ്റെ ആക്രമണത്തിൽ 16 പേരാണ് കൊല്ലപ്പെട്ടത്. . ഇവരില്‍ 12 പേരും കുര്‍ദിഷ് ജനങ്ങള്‍ കൂടുതലായുളള ഭാഗങ്ങളില്‍ നിന്നാണ്.
കഴിഞ്ഞ ദിവസം ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിലെ ബ്രിഗേഡിയര്‍ ജനറല്‍ അമിറലി ഹാജിസാദെ 300 ലധികം വ്യക്തികള്‍ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തിയിരുന്നു
ഹിജാബ് ധരിച്ചില്ലെന്ന കാരണത്താലാണ് മഹ്സ അമിനിയെ, ഇറാന്‍റെ സദാചാര പോലീസ് കസ്റ്റഡിയിൽ എടുത്തത്. സ്ത്രീകൾ പൊതുസ്ഥലത്ത് ശിരോവസ്ത്രം അല്ലെങ്കിൽ ഹിജാബ് ധരിക്കുന്നത് നിർബന്ധമാക്കുന്ന വസ്ത്രധാരണരീതി ഉൾപ്പെടെ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ കർശനമായ സാമൂഹിക നിയമങ്ങൾ നടപ്പിലാക്കാൻ ഉള്ള ചുമതലയാണ് ഇറാന്റെ സദാചാര പൊലീസിന് ഉള്ളത്..