തായ്‌വാനെതിരെയുളള വ്യോമാക്രമണം അവസാനിപ്പിക്കാതെ ചൈന
തായ്‍വാനെ പ്രതിരോധത്തിലാക്കി ചൈന നടത്തുന്ന സൈനികാഭ്യാസം അന്താരാഷ്‍ട്ര സമ്മർദ്ദങ്ങള്‍ക്കിടയിലും അയവില്ലാതെ തുടരുന്നു. യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാന്‍സി പെലോസിയുടെ സന്ദർശനത്തില്‍ പ്രകോപിതരായി തുടങ്ങിവെച്ച ആക്രമണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ചൈന. തായ്‍വാന് ചുറ്റുമുള്ള കടലുകളിലും വ്യോമാതിർത്തിയിലും ചൈന പുതിയ സൈനിക അഭ്യാസങ്ങള്‍ പ്രഖ്യാപിച്ചു. അന്തർവാഹിനി വിരുദ്ധ, കടല്‍ ആക്രമണ പ്രവർത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സംയുക്ത അഭ്യാസങ്ങള്‍ നടത്തുമെന്ന് ചൈനയുടെ കിഴക്കന്‍ മേഖലാ കമാന്‍ഡ് വ്യക്തമാക്കി. തായ്‍വാന്‍ പ്രതിരോധത്തില്‍ ബീജിംഗ് സമ്മർദ്ദത്തിലാണെന്ന അഭ്യൂഹത്തിന് ആക്കം കൂട്ടുന്നതാണ് നടപടി.
പെലോസി തായ്‍വാന്‍ സന്ദർശിച്ചത് കഴിഞ്ഞ ആഴ്ചയാണ്. തായ്പേയെ തങ്ങളുടേതായി കണക്കാക്കുന്ന ചൈന ഇതില്‍ ക്ഷുഭിതരായാണ് ആക്രമണം അഴിച്ചുവിട്ടത്. തായ്‍വാന് മേല്‍ ചൈന ആദ്യമായി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവും നടത്തി. യുഎസുമായുള്ള പ്രതിരോധ യോഗങ്ങള്‍ റദ്ദാക്കാനും സുപ്രധാന കാലാവസ്ഥാ ചര്‍ച്ചകളില്‍ നിന്ന് പിന്മാറാനും ചൈനീസ് വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചിരുന്നു. പെലോസിക്കും കുടുംബത്തിനും ചൈന ഉപരോധവും ഏര്‍പ്പെടുത്തി.
ആക്രമണത്തിന്റെ ദൈര്‍ഘ്യം, സ്ഥലം എന്നീ വിവരങ്ങളൊന്നും വ്യക്തമായിട്ടില്ല. എങ്കിലും ചൈനയുടെ വ്യോമ കേന്ദ്രങ്ങള്‍ക്ക് മുകളിലൂടെയുളള വിമാനയാത്രകള്‍ തായ്‌വാന്‍ നിയന്ത്രിച്ചിട്ടുണ്ട്. അതേസമയം, ആക്രമണം പ്രഖ്യാപിക്കുന്നതിന് മുന്‍പ് സെന്റ് വിന്‍സന്റ് ആന്‍ഡ് ദി ഗ്രേന്‍ഡിന്‍സ് പ്രധാനമന്ത്രി റാഫ് ഗോണ്‍സാല്‍വസുമായി കൂടികാഴ്ച നടത്തിയിരുന്നതായി തായ്‌വാന്‍ പ്രസിഡന്റ് സായി ഇങ് വെന്‍ വ്യക്തമാക്കി. ചൈനയുടെ പ്രകോപനങ്ങള്‍ മറ്റ് രാജ്യങ്ങളുമായുള്ള സൗഹൃദത്തിന് തടസമാകില്ലെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
പെലോസിയുടെ സന്ദര്‍ശനത്തിനെ തുടര്‍ന്ന് വലിയ തോതിലുളള നയതന്ത്ര സമ്മര്‍ദ്ദമാണ് ചൈന അമേരിക്കയ്ക്കുമേല്‍ ചെലുത്തുന്നത്. തായ്‌വാന്‍ കടലിടുക്കിലെ നിലവിലെ സംഘര്‍ഷത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം അമേരിക്ക ഏറ്റെടുക്കണമെന്ന് ചൈനയുടെ പ്രതിരോധ മന്ത്രാലയം വക്താവ് വു ക്വിയാന്‍ വ്യക്തമാക്കി. അതേസമയം, ചൈനയുടെ സൈനികാഭ്യാസം ഉടന്‍ അവസാനിപ്പിക്കണമെന്ന് യുഎസും ഓസ്ട്രേലിയയും ജപ്പാനും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും മൂന്ന് രാജ്യങ്ങളും അറിയിച്ചു.