'മോഹഭംഗം വന്ന ചൈന, ജനാധിപത്യത്തെ ചേര്‍ത്തുപിടിച്ച തായ്‌വാന്‍'; ലായുടെ വിജയം ലോകത്തോട് പറയുന്നത്
തായ്‌വാനിലെ ഭരണമുന്നണിയായ ഡെമോക്രാറ്റിക്ക് പ്രോഗ്രസീവ് പാര്‍ട്ടി വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തെക്കന്‍ ചൈന കടലില്‍ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ചൈനയ്ക്ക് സാഹചര്യങ്ങള്‍ കൂടുതല്‍ പ്രതികൂലമാകും. തായ്‌വാനു മേല്‍ ചൈന നടത്തുന്ന ഇടപെടലുകളെ ശക്തിയുക്തം എതിര്‍ക്കുന്ന നേതാവാണ് നിയുക്ത പ്രസിഡന്റും നിലവില്‍ വൈസ് പ്രസിഡന്റുമായ ലായ് ചിങ് തെ. അദ്ദേഹത്തിന്റെ അമേരിക്കന്‍ അനുകൂല നിലപാടുകള്‍ നേരത്തെ തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ചൈനീസ് പ്രതീക്ഷകളെ പാടെ തകര്‍ത്ത് ഡെമോക്രാറ്റിക്ക് പ്രോഗ്രസീവ് പാര്‍ട്ടി അധികാരത്തില്‍ തുടരുമ്പോള്‍ ചൈന- തായ്‌വാന്‍ ബന്ധത്തിന്റെ ഭാവി എന്താകുമെന്ന ചോദ്യമാണ് ചര്‍ച്ചയാകുന്നത്.
കഴിഞ്ഞ എട്ടുവര്‍ഷം പ്രസിഡന്റ് തായ്‌വാനെ വലിഞ്ഞുമുറുക്കാനുള്ള പരമാവധി ശ്രമങ്ങള്‍ ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. പ്രസിഡന്റ് സായ് ഇംഗ്-വെന്നിന്റെ നയങ്ങളെ രൂക്ഷമായ ഭാഷയിലാണ് ചൈന വിമര്‍ശിച്ചത്. എന്നാല്‍ സായ് ഇംഗ്-വെന്‍ ഉയര്‍ത്തിപ്പിടിച്ച നിലപാടുകളില്‍ നിന്നും തായ്‌വാന്‍ കടുകിട പിന്നോട്ട് പോകില്ലെന്ന് ഉറപ്പിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
തായ്‌വാന്‍ തിരഞ്ഞെടുപ്പിന്റെ പ്രസക്തി
ചൈനീസ് ഇടപെടല്‍ ഏകീകൃത തായ്‌വാന്‍ എന്ന സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാകും എന്നതില്‍ ഊന്നിയായിരുന്നു ഭരണ കക്ഷിയുടെ പ്രചാരണങ്ങള്‍. ഇത് ഫലം കണ്ടു എന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. ചൈനയ്ക്കും അമേരിക്കയ്ക്കും ഏറെ താത്പര്യമുള്ള തായ്‌വാനിലെ തിരഞ്ഞെടുപ്പ് ഫലം നിലവിലെ ലോക ക്രമത്തിനും നിര്‍ണായകമാണ്.
ലോകത്തെ പ്രായം കുറഞ്ഞ ജനാധിപത്യ രാജ്യങ്ങളില്‍ ഒന്നാണ് തായ്‌വാന്‍. ജനാധിപത്യ രാജ്യങ്ങളില്‍ പലയിടത്തും തിരഞ്ഞെടുപ്പുകളുടെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്ന കാലം കൂടിയാണിത്. എന്നാല്‍ തായ്‌വാനില്‍ ഒരു ഭരണമാറ്റം ഉണ്ടായിരുന്നു എങ്കില്‍ അത് അവരുടെ വ്യാപാര നയങ്ങളെയും ബാധിക്കുമായിരുന്നു.
ഇലക്ട്രോണിക് വ്യവസായത്തില്‍ സുപ്രധാനമായ സെമി കണ്ടക്ടര്‍ നിര്‍മാണത്തില്‍ പ്രമുഖരാണ് തായ്‌വാന്‍. ഈ മേഖലയില്‍ ഉണ്ടാകാനിടയുള്ള ചെറിയ മാറ്റങ്ങള്‍ പോലും കമ്പ്യൂട്ടറുകള്‍ ഫോണുകള്‍ കാറുകള്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന സിലിക്കണ്‍ ചിപ്പുകളുടെ നിര്‍മാണത്തെയും ബാധിക്കും. തിരഞ്ഞെടുപ്പ് ഫലം ആഗോള ഓഹരി വിപണിയിലും നല്ല രീതിയില്‍ പ്രതിഫലിക്കും.
ചൈനീസ് ഇടപെടല്‍ ആഗ്രഹിക്കാത്ത തായ് ജനത
തായ്‌വാനില്‍ ചൈനയുടെ ഇടപെടല്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം എന്നായിരുന്നു ഫലം പുറത്തുവന്നതിന് പിന്നാലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആദ്യ പ്രതികരണം. ഞങ്ങള്‍ ഞങ്ങളുടെ നേതാവിനെ തിരഞ്ഞെടുത്ത് കഴിഞ്ഞിരിക്കുന്നു, നിങ്ങളുടെ ഇടപെടല്‍ ആഗ്രഹിക്കുന്നില്ലെന്നതിനുള്ള തെളിവ് ആണ് തിരഞ്ഞെടുപ്പ് ഫലം, പാര്‍ട്ടി വ്യക്തമാക്കുന്നു. ചൈനീസ് ഇടപെടല്‍ തിരിച്ചടിയുണ്ടാക്കുമോ എന്ന ഭയം ഒഴിഞ്ഞതിന്റെ ആശ്വാസം കൂടിയാണ് ഡിഡിപിയുടെ പ്രതികരണത്തില്‍ വ്യക്തമാക്കുന്നത്.
ലായ് ചിങ് തെയും ചൈനയോടുള്ള നിലപാടും
'തായ്‌വാന്‍ ജനാധിപത്യ സമൂഹത്തിന്റെ വിജയം,' എന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രാജ്യത്ത് അഭിസംബോധന ചെയ്ത് നടത്തിയ പ്രതികരണം. ഇത് തായ് വാന്‍ ജനാധിപത്യ ചരിത്രത്തിലെ പുതു ചരിത്രമാണ്. ജനാധിപത്യം എത്രമാത്രം വിലമതിക്കുന്നതാണ് എന്ന് ലോകത്തിന് മുന്നില്‍ രാജ്യം തെളിയിച്ചിരിക്കുന്നു. ഇതാണ് രാജ്യത്തിന്റെ പ്രതിബദ്ധത. ബാഹ്യ സമ്മര്‍ദത്തെ രാജ്യം അതിജീവിച്ചു. എന്നായിരുന്നു ലായ് ചിങ് തെയുടെ പ്രതികരണം.
എന്നാല്‍, തന്റെ സര്‍ക്കാരില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം ഉണ്ടാകുമെന്നും ലായ് ചിങ് തെ വ്യക്തമാക്കുന്നു. തായ്‌വാന്‍ കടലിടുക്കിലുടനീളം സമാധാനവും സുസ്ഥിരതയും നിലനിര്‍ത്തുക എന്നത് ഒരു പ്രധാന ഉത്തരവാദിത്തമാണ്. ചൈനയുമായുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാന്‍ ശ്രമിക്കും. ഏറ്റുമുട്ടലിന്റെ പാതയല്ല തന്റെ സര്‍ക്കാരിന്റെ നയമെന്നും പകരം ചര്‍ച്ചകളിലൂടെ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുമെന്നും ലായ് ചിങ് തെ വ്യക്തമാക്കുന്നു.